Monday 20 April 2020

മനോജും സിസിലിയും



ഒരു സാധാരണക്കാരന്റെ ഭാര്യയാകേണ്ടവൾ എങ്ങനെയുള്ളവളായിരിക്കണം ? നിത്യജീവിതം രണ്ടറ്റം മുട്ടിക്കാൻ കഷ്ടപ്പെടുന്നവൻ, ബ്ലേഡ് പലിശ കടങ്ങൾ മാത്രം സമ്പാദ്യമുള്ളയാൾ... ഇങ്ങനെയൊരാൾക്ക് ഭാര്യയെ വേണമെന്ന് ആഗ്രഹിക്കാമോ?  പാടില്ലെന്ന് തലയാട്ടുന്നവരിൽ നിങ്ങളുണ്ടാകാം.  പ്രകൃതിയുടെ ജീവസന്ധാരണ പ്രക്രിയയിൽ പങ്കെടുക്കാൻ അയാൾക്കും വേണ്ടേ അവസരം  എന്ന് ആ ചെറുപ്പക്കാരനെ പിന്തുണയ്ക്കാനുമുണ്ടാകും ചിലർ.
ഇനിയിപ്പോ ആരുമില്ലെങ്കിലും അത് തീരുമാനിച്ച കാര്യമാണ്. മനോജിന് യോജിക്കുന്ന കാര്യഗൗരവ ശേഷിയുള്ള ഒരു പെണ്ണ് വേണം.  അവന് ചേർന്നവളാകണം എന്ന ഒറ്റ അടിസ്ഥാന യോഗ്യത വെച്ചു കൊണ്ട് അന്വേഷണം തുടങ്ങാമെന്ന് തീരുമാനിച്ചു. ചേർന്നവൾ എന്നു മാത്രമുള്ള യോഗ്യതയുടെ കാര്യത്തിൽ മനോജിന്റെ മുഖത്ത്  വേണ്ടത്ര തെളിച്ചം വന്നില്ലെങ്കിലും അതവൻ തെളിച്ച് പറഞ്ഞില്ല. ഒക്കെ പോട്ടെ...കുറഞ്ഞത് ഇത്തിരി നെറമെങ്കിലും... എന്ന് വെറും മോഹം. അടുത്ത കൂട്ടുകാരെന്ന നിലയിൽ ഇവരെല്ലാമാണ് തന്റെ അഭ്യുദയകാംക്ഷികൾ , അവർ ചതിക്കില്ല , എന്ന ശുഭപ്രതീക്ഷ നെഞ്ചിലേറ്റി  മനോജ് ആസന്നമായ ആ തെരെഞ്ഞെടുപ്പ് പരിപാടിയിൽ  പങ്കുകൊള്ളാൻ നിരുപാധികം തയ്യാറായി.

ഇക്കാര്യത്തിനായുള്ള ആദ്യ ദിവസത്തെ ഇരുന്നു ചർച്ചയിൽ ആ നാട്ടിൻപുറത്തുള്ള സകല സ്ത്രീകളേയും ഒറ്റയടിക്ക് തള്ളിക്കളഞ്ഞപ്പോൾ മനോജിന് അല്പം നീരസം തോന്നി. അതിനുള്ള യോഗ്യത ഏത് ചെറുപ്പക്കാരനേയും പോലെ അവനുമുണ്ട്.
അമ്പല പറമ്പിലൂടെ കൈ പിടിച്ചു നടക്കുന്നതായും കടപ്പുറത്ത് ചേർന്നിരുന്ന് കൊച്ചുവർത്തമാനം പറയുന്നതായും ഒരുമിച്ച് സിനിമക്ക് പോകുന്നതായും മുല്ലപ്പൂ വിതറിയ മണിയറക്കട്ടിലിൽ  പരസ്പരം നോക്കാതെ മനസ്സ് പെരുമ്പറ കൊട്ടി , ഇനിയെന്തെന്ന ചോദ്യവുമായി ഇരിക്കുന്നതടക്കം ഇതുവരെ കണ്ടിട്ടുള്ള സകലമാന വർണ്ണശബള സ്വപ്നങ്ങളിലും കൂടെയുണ്ടായിരുന്നത്  ഐശ്വര്യാറായോ സുസ്മിതാ സെന്നോ അല്ല. അത് ഇവിടത്തെ , ഈ നാട്ടിൽ പുറത്തെ , കൊച്ചു നാൾ തൊട്ട് നോട്ടമിട്ട് ,  നോക്കി നോക്കി വളർത്തിയ ഇപ്പോൾ യുവത്വം തുളുമ്പി നില്ക്കുന്ന ചെറുപ്പക്കാരികളിൽ ചിലരായിരുന്നു. അവരെയാണ് പേരു പറഞ്ഞ് നിഷ്കരുണം തള്ളിക്കളഞ്ഞത്. 

എന്റെ വിധി എന്ന് മനോജ്  ആശ്വസിക്കും മുൻപേ പ്രമോദ് പറഞ്ഞു. "അതിപ്പോ പല കുട്ടികളും അവരുടെ രക്ഷിതാക്കളും സമ്മതിക്കുമായിരിക്കും. പക്ഷേ , പിന്നെ നാട്ടുകാരുടെ മുഖത്ത് എങ്ങനെ നോക്കുമെന്നതായിരിക്കും അവരുടെ പ്രശ്നം"
അതിന്  ഞാനെന്താ പെണ്ണുപിടിയനാണോ പിടിച്ചു പറിക്കാരനാണോ എന്നൊന്നും മനോജ് ചോദിക്കാൻ പോയില്ല. എന്റെ വിധി എന്ന് നെറുന്തലയിൽ ആണിയടിച്ച് ഉറപ്പിച്ചു.

കൂട്ടത്തിൽ തീരുമാനങ്ങളെടുക്കാൻ കാര്യ പ്രാപ്തിയുള്ള പ്രമോദ് പറഞ്ഞു:
ഒരു കാര്യം ചെയ്യാം... ഓരോരുത്തരും അവരവരുടെ സൗഹൃദവലയങ്ങളിലുളളവരോട് ചോദിക്കാം. പിന്നെ, സാക്ഷരതാ യജ്ഞം, ജനകീയാസൂത്രണം തുടങ്ങിയ പരിപാടികളിലെ തെരുവുനാടകങ്ങൾക്കും കലാജാഥകൾക്കും വന്നിരുന്നവരെ പറ്റി ഒന്നന്വേഷിക്കാം. നമ്മുടെ ഗോപാലട്ടന്റെ മകൾ ജയന്തിയോട് ചോദിക്കാം അവളുടെ അറിവിലാരെങ്കിലും കാണും .  ഉറപ്പാണ്, നമുക്ക് നല്ലൊരു പെണ്ണിനെ കിട്ടും. പക്ഷേ അധികം നീട്ടിക്കൊണ്ട് പോകരുത്.

പ്രമോദിന് എന്തിന്റെ കേടാണ്?  ഈ പറഞ്ഞവർക്കെല്ലാം എത്ര വയസ്സായിക്കാണുമെന്നാണ് ഇവർ കരുതുന്നത്?  
എന്തും വരട്ടെയെന്ന് കരുതി മനോജ് ഇടയിൽ കയറി പറഞ്ഞു.
"അതേ... ഒര് .... മുപ്പതിൽ താഴെയുള്ളവരെ നോക്കിയാൽ പോരേ.. "
"ആടാ.. നിനക്ക് മധുര പതിനേഴുകാരിയെ നോക്കാം. "  എന്ന് ഷൈൻ.
പ്രമോദിന്റെ നേതൃത്വത്തിൽ പലതും തീരുമാനങ്ങളാക്കി അന്നത്തെ രാത്രി പിരിഞ്ഞു.
കാലത്തു തന്നെ പ്രമോദിന്റെ വിളി.
ടാ.. നെനക്കിന്ന് പണിക്ക് പോണാ..?
പിന്നെ പോവാണ്ട് ?
അല്ലാ.. ഷൈന് ഇന്ന് പണിയില്ല. ഞാനും ഫ്രീയാ.. നീ കൂടെ ഉണ്ടെങ്കിൽ നമുക്ക് പോവാർന്ന് .
എവടെ ?
പലയിടത്തും ചോദിച്ചും പറഞ്ഞും വെച്ചിട്ടുണ്ട്. പോയി പെണ്ണിനെ കണ്ടിട്ടു വരാം. 
അവർ രണ്ടു പേരും ബൈക്കുമായി വന്നു.
"ഈ കള്ളി ഷർട്ട് മത്യാ ?" മനോജ് .
"അല്ലടാ.. വാഴക്കൂമ്പ് കളറ് പ്ലെയിൻ ഷർട്ടായിക്കോട്ടെ. കൈയോടെ കെട്ടിക്കൊണ്ടു വരാം. " ഷൈൻ.
ഇറങ്ങുമ്പോഴേ മനോജ് മനസ്സിൽ പറഞ്ഞു
മൂന്നാളാണ്..
നാലാമത്താളായി നിന്റച്ഛനെ കൊണ്ടോയാ ശര്യാവില്ല.

പ്രമോദ് അങ്ങനെ പറഞ്ഞോ എന്ന്  മനോജിന് വെറുതെ ഒരു സംശയം.
 
രണ്ട് ബൈക്കുകളിലായി അവർ  പുറപ്പെട്ടു.  ഊടുവഴികൾ കയറി കയറി
ചോദിച്ചു ചോദിച്ച് ആദ്യത്തെയാളുടെ വീട്ടിലെത്തി. 
അടച്ചിട്ട വാതിൽ  പാളി തുറന്നത് ഒരു സ്ത്രീയാണ് .  ആരാ എന്ന് ചോദിച്ചപ്പോഴാണ് ഇവർ കാര്യങ്ങൾ അറിഞ്ഞിട്ടില്ലെന്ന് മനസ്സിലായത് . സേവിയർ പറഞ്ഞു കാണില്ല.  വന്നതിന്റെ ഉദ്ദേശം പ്രമോദ്  പറഞ്ഞു.
"നിങ്ങള് നേരത്തേ പറഞ്ഞ് വെയ്ക്കണ്ടേ ..
  അവളിപ്പോ കൊല്ലത്താ."
"നാളെയോ മറ്റന്നാളോ വരുമോ ?"
"നാലു മാസമെടുക്കും "
ആദ്യത്തെ അവസരം നഷ്ടമായതിൽ മനോജിന് മാത്രമല്ല., മൂന്നാൾക്കും കുറഞ്ഞതല്ലാത്ത മനോവിഷമം ഉണ്ടായിരുന്നു.

  കൂട്ടുകാരൻ സജി മാഷിന്റെ സ്കൂളിൽ യുവജനോത്സവത്തിന് ബെസ്റ്റ് ആക്ടർ ആയ നിവിന്റെ ചേച്ചി രജിതയുടെ വീട്ടിലേക്കായിരുന്നു അവർ  രണ്ടാമത് പോയത്.  മാഷുടെ ചോയ്സ് ആണ് . മോശമാവില്ല. അവളെ പറ്റി നല്ല മതിപ്പായിരുന്നു മാഷ്ക്ക്.   പ്രമോദിന് പ്രതീക്ഷയുള്ള കുട്ടിയാണ്.

മെയിൻ റോഡ് കഴിഞ്ഞ് മൂന്നു കിലോമീറ്റർ വരെയേ റോഡുള്ളൂ.. വണ്ടി വെച്ച് ഞങ്ങൾ നടന്നു. രണ്ടു വശങ്ങളും തെങ്ങിൻ തോപ്പും ചെമ്മീൻ കെട്ടുമുള്ള വരമ്പിലൂടെ നടന്ന് രജിതയുടെ വീട്ടിലെത്തി. 
ചായ കുടിച്ചു കൊണ്ടിരിക്കെ ഷൈനാണ് കുട്ടിയെവിടെ എന്നു ചോദിച്ചത്. 
മോളേ... രജിതേ ഇവിടെ വാ.. എന്ന് വിളിച്ച് തീരും മുൻപേ ഇംപോസിഷൻ എഴുതിക്കൊണ്ടിരുന്ന സാമൂഹ്യപാഠം നോട്ട്ബുക്ക് മടക്കി വെച്ച് രജിത അവരുടെ മുൻപിലെത്തി.  ആദ്യത്തെ നോട്ടത്തിലേ മനോജിന് ഇഷ്ടപ്പെട്ടില്ല. ശൈശവ വിവാഹം പ്രോത്സാഹിപ്പിച്ചു വെന്ന കേസിന്റെ പിന്നാലെ നടക്കാൻ നേരമില്ല എന്ന് പ്രമോദിനോട് രഹസ്യം പറഞ്ഞു.

പിന്നെ എല്ലാം പെട്ടെന്നായിരുന്നു.

പെങ്ങളുടെ മക്കൾക്ക് കൊടുക്കാൻ വാങ്ങിയ രണ്ട് ചോക്ക്ളേറ്റ്  കുട്ടിക്ക് കൊടുത്ത് ഷൈൻ അമ്മയോട് സംസാരിച്ചു തീരുമ്പോഴക്കും മറ്റു രണ്ടു പേർ നടന്നു കഴിഞ്ഞിരുന്നു.
ഈ സാമൂഹ്യ ശാസ്ത്രം മാഷമ്മാര്ക്ക് സാമാന്യബോധം ഇത്രേം ഉണ്ടാവില്ല എന്നുണ്ടോ മനോജേ..? ബൈക്കിന് പുറകിലിരുന്ന് ഷൈൻ ചോദിച്ചു.
അന്നത്തെ പെണ്ണന്വേഷണം നിർത്തിവെക്കാൻ വേറെ കാരണങ്ങൾ വേണ്ടായിരുന്നു. മൂന്നാളുടേം മനസ്സ് ചത്തു.

പിരിയുമ്പോൾ പ്രമോദ് പറഞ്ഞു. "നാളെ ഞായറാഴ്ചയാണ് . എല്ലാവരുമുണ്ടാവും. " 
"ആളു കൂടീട്ടെന്തിനാ? ആദ്യം കൊള്ളാവുന്ന പെണ്ണിനെ കണ്ട് വെയ്ക്ക്. എന്നിട്ടു പോകാം " ഷൈൻ.
"പ്രമോദേ മ്മക്ക് പോകാം. മറ്റന്നാ വേറെ പണിണ്ട്. "

അങ്ങനെ, ഞായറാഴ്ച കാലത്ത് പ്രമോദും മനോജും ബൈക്കിൽ യാത്രയാവുന്നു. 
ആദ്യ രണ്ടിടത്തെ കാര്യത്തിൽ പ്രതീക്ഷ വേണ്ടെന്ന് നേരത്തേ പ്രമോദ് പറഞ്ഞിരുന്നു. അതിൽ മാറ്റമുണ്ടായില്ല .  ഒരു ഉച്ചനേരത്ത് വെയിലത്ത് വിയർത്ത് കുളിച്ചാണ് കുയിലിക്കര കുമാരൻ ചേട്ടന്റെ വീട്ടിലെത്തുന്നത്.  പെൺകുട്ടിയെ കണ്ട് ബോധിച്ചശേഷം കുമാരൻ ചേട്ടനും പ്രമോദും മാത്രമായി നടത്തിയ അനുബന്ധ ചർച്ച അലസുകയായിരുന്നു. പ്രമോദിന്റെ ഈ മൂന്നാൻ ഇടപാടിൽ മനോജി അതൃപ്തി തോന്നിയെങ്കിലും,  തിരിച്ചു പോകുമ്പോൾ  ചർച്ചയുടെ വിശദാംശങ്ങൾ പറഞ്ഞതു കേട്ട് മനോജ് ബൈക്കിനു പുറകിൽ അന്തിച്ചിരുന്നു. ഇവൾ കുടുംബം കുളം തോണ്ടും , നമുക്ക് വേറെ നോക്കാം. അത് പറഞ്ഞ് പ്രമോദ്  ബൈക്ക് കത്തിച്ചു വിട്ടു. പെട്ടെന്ന് പോയാൽ ഒരു പെണ്ണിനെ കൂടെ കാണാം.  ഒട്ടും താല്പര്യമില്ലാതെ മനോജ് വണ്ടിയിലിരുന്നു. 

മുപ്പത് കിലോമീറ്ററോളം താണ്ടി വൈകീട്ട് ആറ് മണിയ്ക്കാണ്‌ അവർ രണ്ടു വീടുകൾ മാത്രമുള ഒരു തെങ്ങിൻ പറമ്പിലേക്ക് കാലെടുത്തുവെച്ചത്. അങ്ങോട്ട് ഒറ്റയടിപ്പാതയാണ്. ഒരു കൈത്തോടിനോട് ചേർന്നാണ് ഷെഡ് പോലുള്ള ആദ്യത്തെ ഓടുമേഞ്ഞ വീട്.  അകലെ നിന്ന് അവരെ കണ്ടപ്പോഴേ എന്തൊക്കെയോ , ( കുടമ്പുളിയോ വേപ്പിൻ കുരുവോ ആകാം എന്ന് ദൂരേ നിന്ന് മനോജിന് തോന്നി) ഉണക്കി ക്കൊണ്ടിരുന്ന ഒരു വെല്ല്യമ്മച്ചി അവർക്കു നേരെ വന്നു.  അല്പം അകലത്തിൽ നിന്ന അവരുടെ മുഖത്ത്    അമ്പരപ്പും ഭയപ്പാടുമുണ്ടായിരുന്നു. ഇടയ്ക്കിടെ അവർ നാലുപാടും നോക്കുന്നുണ്ടായിരുന്നു. 
എന്താ.. ആരാ...?
ആ സ്ത്രീ അവിടെ  നിന്ന്  വിളിച്ച് ചോദിച്ചു.
നീയിവിടെ നിൽക്ക് എന്ന് മനോജിനോട് പറഞ്ഞ്  പ്രമോദ് അവരുടെ അടുത്തേക്ക് പോയി. അല്പസമയം സംസാരിച്ച് തിരിച്ചു വന്നപ്പോൾ അവരുടെ കൂടെ മനോജും കൂടി.
മൂന്നാമനായി ഒറ്റയടി വഴിയിൽ അടുത്ത വീടിനടുത്തേക്ക് നടക്കുമ്പോഴാണ് മനോജ് അത് ശ്രദ്ധിച്ചത്. നടക്കുമ്പോൾ ആയുന്നതും പ്രമോദിനോട് സംസാരിക്കുമ്പോൾ ആ വീടുകൾക്ക് നേരെ ചൂണ്ടുന്നതുമായ രണ്ട് കൈകളിലൊന്നിൽ വിരലുകളും മറ്റൊന്നിൽ കൈപത്തിയും ഉണ്ടായിരുന്നില്ല.. ഇടയ്ക്കിടെ അവർ കൈകൾ , പിന്നിലേക്ക് ഞൊറിയിട്ട കളിച്ചട്ടയിൽ ഒളിപ്പിക്കുന്നുണ്ടായിരുന്നു.  
ഇടയ്ക്ക് പ്രമോദിന്റെ ചോദ്യം :
" മറിയാമ്മച്ചേടത്തീ.. അപ്പോ ഇവിടെ എക്‌സൈസുകാർ വരില്ലേ.. "
"അവരു വരുമ്പോഴേക്കും വിവരം തരാനാളുണ്ട്.. ഉണക്കാൻ വെച്ച മരുന്നും ഗുണ്ടും പടക്കളുമെല്ലാം ഉള്ളിലേക്ക് വെക്കാനുള്ള സമയം കിട്ടും. അവര് വരുമ്പോ എന്തെങ്കിലും കൊടുത്ത് മടക്കി വിടാം..  നിങ്ങളെ കണ്ട് ഞാൻ പേടിച്ചൂട്ടാ..
വല്യ പാടാ മക്കളേ.. പണിക്ക് ആരേം കിട്ടുന്നില്ല. കഴിഞ്ഞ വർഷം മരുന്ന് കത്തി വിരലും കൈപ്പത്തിം പോയേ പിന്നെ ആ പെങ്കൊച്ചാ ഒരു സഹായത്തിനുള്ളത്.   അവളാണെങ്കി...."
പ്രമോദ് തരിച്ചു നിന്ന് വെല്ല്യമ്മച്ചിയോട് ചോദിച്ചു: "അവൾക്കെന്തു പറ്റി ?"ഒരേ സമയം രണ്ടു കൂട്ടുകാരുടേയും ഉള്ളിൽ ഒരു പടക്കനിർമ്മാണ ശാല കത്തിയെരിഞ്ഞു.
"ഓപ്പറേഷനായിരുന്നേ.. നാലുമാസമേ ആയിട്ടുള്ളൂ...:
" അപ്പോ... ?"
" നിങ്ങൾ നടക്ക് മക്കളേ.. കാപ്പികുടിച്ച് വർത്തമാനം പറയാലോ..."
പ്രമോദ് നടന്നു. പിന്നാലെ വെല്ലമ്മച്ചി , ഒടുവിൽ മനമില്ലാമനസ്സോടെ, ചെറുപ്പം തൊട്ടേ പ്രമോദുമായി കൂട്ടുകൂടാൻ തോന്നിയ സകല സമയങ്ങളേയും ശപിച്ചു കൊണ്ട് മനോജും. 
വെടിമരുന്നിന്റെ മണം നിറഞ്ഞു നിന്ന ഇറയത്തിരുന്ന് അവർ കാപ്പി കുടിച്ചു കൊണ്ടിരിക്കുമ്പോൾ അകത്ത് നിന്ന് സിസിലി വരുന്നത് പ്രമോദ് കണ്ടു. ആ ഒറ്റകാഴ്ചയിൽ  അവൻ ചില തീരുമാനങ്ങളെടുത്തു.  എന്നിട്ട് മനോജിനെ നോക്കി.   ഇതിനൊക്കെ ഇറങ്ങിത്തിരിച്ചതിലുള്ള കുറ്റബോധവും  നിരാശയുമായി ജനലിലൂടെ പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു അവനപ്പോൾ .
" നോക്കടാ... "
മനോജ് നോക്കിയിരുന്നു പോയി , കണ്ണെടുക്കാതെ.
പിന്നെയെല്ലാം തിരക്കിട്ടായിരുന്നു.
പ്രമോദും വെല്ല്യമ്മച്ചിയുമായുളള ചർച്ചയിൽ സിസിലിയും മനോജും കൂടി. ഒടുവിൽ അവിടെ നിന്നും ഉള്ളിലൊരു പൂത്തിരി കത്തിച്ച് രണ്ടാഴ്ച കഴിഞ്ഞ് നാട്ടുകാരുടെ മുന്നിൽ ഒരു പൂമഴ പെയ്യിക്കാനുള്ള അടക്കിപ്പിടിച്ച ആവേശവുമായി രണ്ടാളും ബൈക്ക് തിരിച്ച് പറപ്പിച്ചു.

എല്ലാം പറഞ്ഞ പടി നടന്നു.

പെണ്ണുകാണൽ കഴിഞ്ഞ് മനോജിന്റേയും സിസിലിയുടേയും കെട്ടൊന്നും നാട്ടുകാരെ കാണിച്ചില്ല. പക്ഷേ .. സ്ക്രൂജ് എന്ന കൊളളപ്പലിശക്കാരന്റെ സ്ഥാപനത്തിലെ കണക്കെഴുത്തുകാരനും സ്ക്രൂജിന്റെ പീഢനങ്ങൾ കൊണ്ട് പൊറുതിമുട്ടിയവനുമായ   ബോബ് ക്രാഷിറ്റ്  Bob cratchit എന്ന മനോജും  മിസ്സിസ് ക്രാഷിറ്റ് എന്ന സിസിലിയും  ജീവിക്കുന്നത് മുന്നിൽ കണ്ട്  നാട്ടുകാരായ  നൂറുകണക്കിനാളുകൾ  സങ്കടം കൊണ്ടും സന്തോഷം കൊണ്ടും കണ്ണ് നിറച്ച് നിർത്താതെ കൈയടിച്ച് ഇരുന്നു പോയ ഒരു രാത്രി ഉണ്ടായിരുന്നു.   

ചാൾസ് ഡിക്കൻസിന്റെ ക്രിസ്മസ് കരോൾ എന്ന നാടകം അവതരിപ്പിച്ച്,  പ്രമോദിന്റെ  സംവിധാനത്തിൽ  മനോജും സിസിലിയും സജി മാഷും മറ്റു കലാകാരന്മാരും ചേർന്ന് നാട്ടുകാരുടെ മനസ്സിൽ എന്നെന്നും നിറഞ്ഞു നിൽക്കുന്ന ഒരു രാത്രി സമ്മാനിക്കുകയായിരുന്നു.


19 comments:

  1. നല്ല കഥ . ഇത്തിരി തിടുക്കത്തിൽ എഴുതിയത് പോലെ ഉണ്ട്. അവസാനത്തെ രണ്ടു പാരഗ്രാഫ് ഒന്നും കൂടി മിനുക്കാം. ഒരു അവ്യക്തത ഫീൽ ചെയ്യുന്നുണ്ട്. അതുപോലെ 'ഓപ്പറേഷൻ' എന്തായിരുന്നു എന്ന് പിന്നീടൊന്നും പറഞ്ഞും കണ്ടില്ല....

    ബാക്കിയെല്ലാം മനോഹരമാണ്. ആദ്യ പാരഗ്രാഫ് ശ്ശി ബോധിച്ചു. :)

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. അടിപൊളി പെണ്ണ് കാണൽ

    ReplyDelete
  4. ആദ്യ എഴുത്തിൽ തന്നെ ഇവിടെ ഇട്ടത് പോലെ തോന്നി... ചില അവ്യക്തതകൾ ഉണ്ട്.. അവസാന ഭാഗത്ത്... എങ്കിലും സംഗതി കൊള്ളാം... പുതിയ തരത്തിൽ ആണല്ലോ.. അതിൽ ഒരുപാട് സന്തോഷം... ഇങ്ങള് തിരക്ക് പിടിച്ച് എഴുതേണ്ടിയിരുന്നില്ല... ദിവസം മാറ്റിയാൽ മതിയായിരുന്നു...

    ReplyDelete
  5. കൂട്ടുക്കാരായാൽ ഇങ്ങനെയിരിക്കണം! നല്ല ചുറുച്ചുറൂക്കോടെ പെണ്ണ കാണലും അനന്തരകാര്യങ്ങളും നടത്തി.
    നന്നായി അവതരിപ്പിച്ചു.
    ആശംസകൾ

    ReplyDelete
  6. ഹ ഹ ഹ.
    ഇതും പെണ്ണ് കാണൽ ആണല്ലോ.ഏതായാലും സിസിലിയെ തപ്പി എടുത്തല്ലോ.
    അവസാനം വരെ സസ്പെപെൻസ് നില നിർത്തി.
    നല്ല എഴുത്ത്.

    ReplyDelete
  7. ഒരു വാചകം കൂടി add ചെയ്യാൻ ശ്രമിച്ച് പഴയ കമൻ്റ് del ആയി. പുതിയതിട്ടത്. ഇനി ആ വാചകം അങ്ങെഴുതാം.

    നീ തങ്കപ്പനല്ലെടാ പൊന്നപ്പനാ പൊന്നപ്പൻ

    ReplyDelete
  8. എന്തൊരു ആൽമാർത്ഥത ഉള്ള കൂട്ടുകാർ...
    സംഗതി കൊള്ളാട്ട

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. ഇതുവരെയുള്ള കഥകൾ വായിച്ചപ്പോഴാ മനസ്സിലായത് - കുട്ടുകാരുടെ കൂടെ വേണം പെണ്ണ് കാണാൻ പോകാൻ ... ഇഷ്ടായി

    ReplyDelete
  11. മിത്രങ്ങൾക്ക് വേണ്ടിയുള്ള പെണ്ണുകാണൽ
    അനുഭവങ്ങളുടെ ഒരു മാമാങ്കവും പിന്നീടതിനുശേഷമുള്ള
    കൊട്ടിക്കലാശവും...  

    ReplyDelete
  12. അവസാനം വായനക്കാരനെ ഇരുത്തി ചിന്തിപ്പിച്ച ശേഷമാണ് കഥക്ക് ഒരു പരിണാമസമാപ്തി ഉണ്ടാവുന്നത്. അത് എഴുത്തിന്റെ ഗുണം..ഇഷ്ടപ്പെട്ടു..

    ReplyDelete
  13. നല്ല കൂട്ടുകാര് പിള്ളേര് . കൂട്ടുകാരന് പെണ്ണുകാണാൻ വേണ്ടീട്ട് അവരും ഉത്സാഹമായി ഇറങ്ങിതിരിച്ചല്ലോ . പെണ്ണുകാണൽ കഥ നന്നായിരുന്നു . ആശംസകൾ

    ReplyDelete
  14. ബ്ലോഗാനെറ് അവാർഡുകൾ പ്രഖ്യാപിച്ചു.
    മികച്ച തിരക്കഥാകൃത്ത്: സമാന്തരൻ
    മികച്ച നടൻ: മനോജ്
    മികച്ച നടി: സിസിലി

    ReplyDelete
  15. ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ടാന്നല്ലേ പ്രമാണം. അവസാനം ചേരുന്നതിനെത്തന്നെ കൂട്ടുകാർ കണ്ടെത്തിക്കൊടുത്തല്ലോ ...
    അവസാനത്തിനു മുൻപു് എന്തോ ഒരു അവ്യക്തത തോന്നുന്നുണ്ടട്ടോ..
    ആശംസകൾ ....

    ReplyDelete
  16. ക്ലൈമാക്സ് അടിപൊളിയായി. പക്ഷെ ഇത്തിരി തിടുക്കപ്പെട്ട് എഴുതിയതുപോലെ തോന്നി

    ReplyDelete
  17. അങ്ങനെ പെണ്ണുകാണൽ ഒടുവിൽ നാടകമായി... :)

    ReplyDelete
  18. നാടകമേ ഉലകം ! എഴുത്തും കഥയും നന്നായി …. :)

    ReplyDelete