Saturday 9 July 2016                                സാഹചര്യങ്ങളാൽ പിതാവ്..

      നാലാമത്തെ കട രാധ മെഡിക്കൽസ്,  തുമടച്ചു. അതിനോടു ചേർന്ന് ഇടത്തോട്ടുള്ള റോഡ് കഴിഞ്ഞ് ഹൈമാസ്റ്റ് ലൈറ്റിന്റെ മാത്രം വെളിച്ചത്തിൽ തെരുവിന്റെ ഒരു ചെറിയ ചുറ്റളവ്. ലൈറ്റിനു നേരെ താഴെ രാത്രി സേവനമില്ലാത്ത പെട്രോൾ പമ്പ്. ഫ്ലൈ ഓവർ വന്നതിനാൽ ഈ പഴയ ബൈ പാസ്സ് വഴി രാത്രിയിൽ പൊതുവേ ആളും വണ്ടികളും കുറവ്. പടിഞ്ഞാറൻ കാറ്റിന്റെ ഇളം കുളിർമയിൽ സുഖം പിടിച്ചു കൊണ്ട് പുറത്തേയ്ക്കിട്ട കസേരയിൽ അയാളിരുന്നു, വിദ്യാധരൻ എന്ന എ.ടി.എം സെക്യൂരിറ്റി.
      ഇന്നേരം ഭിലായിലായിരുന്നെങ്കിൽ, പകൽവെയിൽ മുഴുവൻ കുടിച്ച് വറ്റിച്ച് ഇരുമ്പുപാടം, ലോഹമണമുള്ള ഉഷ്ണ രാത്രിക്കു തുടക്കമിട്ടിരിക്കും. ശരീരത്തിൽ തണുപ്പുകാറ്റടിക്കുമ്പോൾ ഭിലായിലെ ചൂടിൽ വെന്ത് നിറം പോയ പഴയ കാലത്തെ ഇങ്ങനെ ഓർത്തെടുക്കുക, അയാളുടെ പതിവുകളിലൊന്നാണ്.  ഒരിക്കലും മുളയ്ക്കാത്ത വിത്തുകളായി ഒരേക്കറോളം വരുന്ന ഭൂമിയിൽ തറഞ്ഞു കിടന്ന ഇരുമ്പിന്റെ വിവിധ പകർച്ചകൾ. സ്റ്റീൽ പ്ലാന്റിന്റെ ഡമ്പിംഗ് യാർഡ്. അതിനു ചുറ്റുപാടും സ്റ്റീൽ പ്ലാന്റുകളാണ്, യാർഡുകളും. ഇരുമ്പു രൂപങ്ങൾ വരും പോകും. സെക്യുരിറ്റിയെന്നാൽ നോട്ടക്കാരനാണ്. വരവു പോക്കിനു കണക്കു വെച്ചു കഴിഞ്ഞാൽ പിന്നെ അചേതനരൂപങ്ങളോടൊപ്പമുള്ള നീണ്ട കുത്തിയിരിപ്പുകൾ.   പുറത്തെയും ഉള്ളിലേയും  ഉഷ്ണവുമായി സമരസപ്പെട്ട്…… അങ്ങനെ ഒരു മുപ്പതോളം വർഷം. നാട്, വീട്, ഭാര്യ, പിന്നെപ്പോഴോ മകൾ. നാലഞ്ചു തവണ വന്ന ടെലഗ്രാമിനു മറുപടിയായി നാട്ടിലെത്തിയതിന്റെ സാക്ഷ്യങ്ങൾ ചിന്തകൾ ഇത്രയുമായപ്പോഴേയ്ക്കും  ഒട്ടും സുഖകരമായതല്ലെന്ന തോന്നലിൽ  ഉള്ളാലെയും ഉടലാലെയും ഒന്നു കുതറി അയാൾ നിവർന്നിരുന്നു.
               പിന്നെ,  കാഴ്ചക്കും കേൾവിക്കും കയറിവരാനാവും വിധം ഉണർവ്വിനൊരു നേർത്ത മറവെച്ചു കൊണ്ടുള്ള പതിവു മയക്കത്തിനായി കസേരയിൽ ഒതുങ്ങി.  കൈയിലെ മുള വടിയുടെ അറ്റം കൊണ്ട് വെറുതെ തറയിലടിച്ച് ശബ്ദമുണ്ടാക്കികൊണ്ട് തുടങ്ങിയെങ്കിലും ക്രമേണ മന്ദഗതിയിലായി നിലച്ചു. അപ്പോഴേക്കും നെഞ്ചിൽ പിണച്ച കൈകളിലേക്ക് മൂക്കു മുട്ടി. കാല്പെരുമാറ്റങ്ങളും ആളനക്ക കാഴ്ചകളും തെളിഞ്ഞറിയുന്നതായിരുന്നു അയാളുടെ ആ ഇരുപ്പ്.
         കട്ടികുപ്പായത്തിന്റെ പ്രതിരോധവുമലിയിച്ച് പടിഞ്ഞാറൻ കാറ്റിലെ തണുപ്പ് രോമകൂപങ്ങളിലൂടെ തിരുകിക്കയറി.വിദ്യാധരന്റെ കാലുകൾ കസേരയുടെ പൊക്കത്തിലേക്ക് വലിഞ്ഞു. കൈകൾ നെഞ്ചിൽ മുറുകി. കാറ്റിനും തണുപ്പിനുമൊപ്പം രാത്രിയും കനക്കുന്നതിനാൽ ഫൈബർ കസേരയിലെ രൂപം കൂടുതൽ ചുരുണ്ടു കൊണ്ടിരുന്നു.  പൊടുന്നനെ അയാൾ തലയുയർത്തി, കൈകൾ അയച്ച് വിരിച്ച്, കാലുകൾ താഴേക്ക് കുടഞ്ഞെറിഞ്ഞ്  രണ്ടു ചാൽ നടന്നു. പുറത്തിരുന്ന് ആഴത്തിലുള്ള ഉറക്കം പാടില്ലെന്ന് സ്വയം ശാസിച്ചു. കാറ്റുള്ളതിനാൽ തണുപ്പിനോടിനി മൽപ്പിടുത്തം വേണ്ടെന്നുറച്ച്   വളരെ നേരത്തേയാണെങ്കിലും എ ടി എമ്മിനകത്തേക്ക് കയറി ചില്ലുവാതിലടച്ചു.
         വറീതേട്ടന്റെ കടക്കു മുന്നിലെ പ്ലാസ്റ്റിക് കുടങ്ങൾ, ടോയ്ലറ്റ് ബ്രഷുകൾ, വിവിധയിനം കയറുകൾ, ഷാംപ്,അച്ചാർ, ജാം എന്നിവയുടെ പായ്ക്കറ്റ് മാലകൾ, അവയ്ക്കടിയിലെ ഹാൻസ് പായ്ക്കറ്റുകൾ തുടങ്ങി പുറത്തു തൂക്കിയവയെല്ലാം ചേർത്ത് കെട്ടിയ പ്ലാസ്റ്റിക് ഷീറ്റിൽ തല്ലി കാറ്റ് ശറപറ എന്ന് വെറും വാശി കാണിച്ചു. വാതിലിന്റെ വിടവിലൂടെ കാറ്റിന്റെ മൂളൽ മാത്രം എ ടി എമ്മിന്റെ അകത്തു വന്നു. നല്ലൊരു കാറ്റിൽ വാതിൽ തുറക്കില്ലെന്നുറപ്പു വരുത്തി അയാൾ കസേരയിൽ അമർന്നിരുന്നു. ബൈപാസ്സ് വഴി യാത്രക്കാരില്ലാത്തതിനാൽ, പതിവു പോലെ വിഘ്നങ്ങളില്ലാതെ വെളുപ്പിക്കാനാകുമെന്ന് ആ രാത്രികാവൽക്കാരൻ ആശ്വാസം കൊണ്ടു.
          കാലുകൾ നീട്ടി ഉപ്പുറ്റി തറയിൽ കുത്തി കസേരയിൽ പിന്നിലേക്കാഞ്ഞ് കിടപ്പു പോലൊരു ഇരുപ്പിന്റെ ആലസ്യം അയാളുടെ ശരീരത്തിൽ കയറിപ്പിടിച്ചു തുടങ്ങിയപ്പോഴാണ് അലോസരപ്പെടുത്തലായി പുറത്ത് ബൈക്കുകളുടെ ശബ്ദം ഇരച്ചത്. പമ്പില്ലാത്തതിലുള്ള അമർഷം തീർക്കലാകാമെന്നു കരുതിയെങ്കിലും മൂന്നു ബൈക്കുകളുടെ എന്തോ തിരയുന്നതു പോലുള്ള ചുറ്റിയടിയിൽ തോന്നിയ അസ്വാഭാവികത, അവരുടെ തിരിച്ചു പോക്കിന്റെ മുരൾച്ചയിൽ മുറിഞ്ഞു പോവുകയും മുൻപനുഭവിച്ച ആലസ്യം അയാളിൽ മുറികൂടുകയും ചെയ്തു.   
            നിലാവുണ്ടായിരുന്നു. വിദ്യാധരന്റെ അടഞ്ഞ കൺപോളകളിൽ അമർത്തിചവുട്ടി ഒരു നിഴൽ പാഞ്ഞു. ചില്ലു വാതിൽ വിടവിൽ ചൂളം കുത്തി കയറി വന്ന കാതു തുളക്കുന്ന രണ്ടു ബൈക്കുകളുടെ ശബ്ദമാണ് കൺപോളകളെ മുകളിലോട്ട് വലിച്ചത്.  അവയുടെ വെളിച്ചമാകട്ടെ, ഒരു നിമിഷ നേര അന്ധതയുമുണ്ടാക്കി. അതിനു ശേഷം അയാളുടെ കാഴ്ചയിൽ തടഞ്ഞ് മറഞ്ഞത് തുറന്ന ഓവുചാലിന്റെ ഓരത്തു കൂടെ വറീതേട്ടന്റെ പ്ലാസ്റ്റിക് ഷീറ്റിനോട് തൊട്ട് തൊട്ടില്ലാന്ന് വലത്തോട്ട് തെല്ല് കഷ്ടപ്പെട്ട് ഓടിച്ചു പോയ ബൈക്കുകളാണ്. എവിടേയ്ക്കാണാവോ അതുവഴി…?  ഏതായാലും ഈ രാത്രിയിപ്പോ രണ്ടു സംഘങ്ങളായി. ഉറപ്പായും ഒരു കൊമ്പൻ സംഘം കൂടെ എത്താനുണ്ട്. അവർ നേരെ ഇങ്ങോട്ട് കയറും. തന്റെ അരയുറക്കത്തോളം ആഴത്തിൽ കൈ തിരുകി ബോധത്തെ അന്ധാളിപ്പിലേക്ക് വലിച്ചിട്ട് ചോദിക്കും. എന്തൊക്കെ കണ്ടു.., കേട്ടു.., ആളെ കണ്ടാലറിയുമോ, പോയത് വലത്തോട്ടോ ഇടത്തോട്ടോമണ്ണാങ്കട്ട! ചില രാത്രികാല അനുഭവങ്ങൾ ഓർത്തുകൊണ്ട് അനാവശ്യ ആകാംക്ഷ തോന്നിയതിന്റെ ജാള്യതയിൽ അയാൾ കസേരക്കൈകളിൽ അടിച്ചു.
 ഇരുന്നുകൊണ്ടു തന്നെയൊന്നു മൂരിനിവർന്നു.  കാറ്റിനിപ്പോഴും വറീതേട്ടനോടാ വിരോധം. ആ ഷീറ്റ് കീറും വരെയുണ്ടാകും എല്ലാം. കാറ്റിന്റെ കളിവട്ടങ്ങളിൽ കുസൃതി കണ്ടിരിക്കെ,  തന്റെ ചെവിയിൽ മൃദുവായി തൊട്ടു തങ്ങിയ ചില അപ്രതീക്ഷിത ശബ്ദങ്ങളിൽ അയാൾക്ക് അമ്പരപ്പുണ്ടായി. അതിലേറെ പെരുകിയ ആകാംക്ഷയിൽ അയാൾ  മുള വടി കുത്തി  എ ടി എമ്മിന്റെ വാതിൽ മെല്ലെ തള്ളി. അതെ, വറീതേട്ടന്റെ കടയ്ക്കുള്ളിൽ നിന്നും പിന്നെയും അടക്കിപ്പിടിച്ച വർത്തമാനങ്ങൾ.
 ഞാനൊന്ന് ഇരുന്നു ശ്വാസം വിടട്ടെ..” പെണ്ണ് !
 സമാധാനിക്കാം. ഒരുത്തനും ഇതിനകത്തേക്ക് വരില്ല.” ആൺ ശബ്ദം.!!
 നശൂലങ്ങൾ .ഈ വക ഏർപ്പാടിനു കണ്ടുപിടിച്ച സ്ഥലം കൊള്ളാം. ഇതൊന്നും ഇവിടെ പതിവില്ലാത്തതാണ്. ഇങ്ങനെയാരെങ്കിലും തുടങ്ങിവെച്ചാൽ പിന്നെ രാത്രികളിൽ ഉള്ള സമാധാനവും പോകും. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ.. അയാൾ എഴുന്നേറ്റ് വാതിൽ തുറക്കാനാഞ്ഞു. ഇങ്ങനെയൊരു സന്ദർഭത്തിലേയ്ക്ക് എത്തിനോക്കുന്നവനോടും എതിർക്കാൻ വരുന്നവനോടും പങ്ക് പറ്റാൻ വരുന്നവനോടും ഉണ്ടായേക്കാവുന്ന കുരച്ചു ചാടലും ചോദ്യംചെയ്യലുമൊക്കെ ഓർത്തിട്ടാണ് വാതിൽതുറക്കാതെ തിരിച്ച് കസേരയിൽ തന്നെ  ഇരിപ്പുറപ്പിച്ചത്. കാലിന്റെ പെരുവിരൽ കൊണ്ട് വാതിൽ തുറക്കാനാവും വിധം.
          വെയിൽ കുടിച്ച ഇരുമ്പിനു നടുവിൽ രാത്രിയിൽ ഇരിക്കുമ്പോഴുള്ള പരിചിതമായ വിമ്മിഷ്ടമാണ് അയാൾക്ക് അപ്പോൾ ഓർമ്മ വന്നത്. അതിൽ നിന്നിറങ്ങി ചുറ്റുവട്ടത്തെ കനപ്പിക്കുന്ന ചൂട് ശരീരത്തിൽ തേച്ചുവെയ്ക്കാറുണ്ടായിരുന്ന പശപശപ്പും. പെട്ടെന്നെങ്ങനെയെന്നറിയില്ല, ഒരു ഉഷ്ണം ഇല്ലാതില്ല. പുറത്തിറങ്ങാമെന്നു കരുതിയെങ്കിലും പുതിയ പ്രശ്നങ്ങളിലേക്ക് തലയിട്ടു കയറേണ്ടെന്നുറപ്പിച്ചു.  തണുപ്പിനൊപ്പം മറ്റെന്തെല്ലാം കടന്നുവരാമെന്ന തോന്നലിൽ കാൽ പെരുവിരൽ വാതിലിലമർത്തി                        
          ഫോൺ ഓഫ്.  ട്രെയിനീന്നു ചാർജ്ജു ചെയ്യാമെന്നല്ലേ കരുതിയത് എന്നിട്ട് വീട്ടിലേക്ക് വിളിക്കാമെന്നും പറഞ്ഞിരുന്നു. ഒന്നും നടന്നില്ല . ട്രെയിൻ മിസ്സായീന്നും  നിങ്ങളുടെ കൂടെ പോന്നൂന്നും  അപ്പനോട് പറയാനാവില്ല. നിങ്ങളുടെ ഫോണീന്ന് വിളിച്ചാലും പ്രശ്നമാവും

 അല്ലേലും  ഫോൺ വരാത്തതിനാൽ അപ്പന് നെഞ്ചുവേദന വരൂന്നാ നിന്റെ വിചാരം..? ഉപ്പു തേക്കാത്ത പാർട്ടി.”
 നീ പോടാ”.
  ഇതു പറ, എത്ര ആണുങ്ങളുടെ മുന്നിൽ പെട്ടിട്ടുണ്ട് നീയിതുവരെ?”
രണ്ടേ ആയിട്ടുള്ളൂടാ..”, മറ്റൊരുത്തൻ.
 ഈ ഒരു ഒറ്റ കാരണം കൊണ്ടാണ്. ഇല്ലേൽ എന്നെ കിട്ടൂല ഇത്രേം റിസ്കെടുക്കാൻ”.
          അതെ..റിസ്കെടുക്കുക തന്നെ. വിദ്യാധരനുറപ്പിച്ചു. ആകാംക്ഷയുടെ നുരകൾ ഉള്ളിലുയർന്ന് പൊട്ടുകയാണ്.വേണ്ട വേണ്ടാ, തനിക്കെന്തു കാര്യം എന്നെല്ലാമുള്ള ന്യായങ്ങൾ അതിനിടെ എവിടെയോ പിടിതരാതൊളിച്ചു. വാതിലിൽ ചാരി ചെറിയ വിടവിൽ ചെവി ചേർത്തു.
 നീയൊന്നുപുറത്തേക്ക് നോക്ക്യേ.. അവന്മാരെങ്ങാൻ കണ്ടുപിടിച്ചാൽ തീർന്നു”.
എന്നാലിനി റോഡിലിറങ്ങി നിൽക്കാംഞാൻ.. പെണ്ണേ മിണ്ടാതിരുന്നോ..”
    അയാൾ പുറത്തിറങ്ങി, ഷീറ്റിനോട് ചേർന്ന് നിന്നു.  നീലച്ച പ്രതലത്തിലടിച്ച ശ്വാസം മുഖത്തേക്ക് ചൂടു കയറ്റി. ഒരു വിരലു കൊണ്ട് അതിന്റെ തലപ്പ് അല്പം പൊക്കി. ഇരുട്ട്. അല്ല, ചേർത്തു ചേർത്തടക്കിയ സോഡാ കുപ്പി പെട്ടികളുടെ മറ. അകത്തേക്ക് മുഖം പൂഴ്ത്തി കുറച്ചു കൂടി തള്ളി. പുല്ലു ചൂലുകളുടെ കെട്ട്. ഇതു വല്ലാത്ത കഷ്ടമായി.. ഇനിയുമിങ്ങനെ തള്ളിയാൽ കെട്ടിയ കയർ വലിഞ്ഞ് പൊട്ടും. എങ്കിലുമൊരു ചെറിയ നീക്കം. വീണ്ടും  തഴപ്പായ കെട്ടിന്റെ മറ. നിരാശയിൽ അയാൾ പിൻതിരിയും മുൻപേ തഴപ്പായ കെട്ടിനും ചൂലിനുമിടയിലൂടെ ഒരു നേർത്ത നീലവര കണ്ടു.  വലതു വശത്ത് പൊടുന്നനെ തെളിഞ്ഞ സ്ട്രീറ്റ് ലൈറ്റിൽ  ഷീറ്റിന്റെ എതിർവശം തെളിഞ്ഞ നീലയായി. അതു വഴി അകത്ത് മങ്ങിയ നീലവെളിച്ചം. വെളിച്ചക്കുറവിലും ആളുകളെകുറിച്ച് അയാൾ തീരുമാനത്തിലെത്തി. രണ്ടാണുങ്ങൾ,  പിന്നെ അവൾ. അവളോട് ചേർന്ന്..ഒരാണുകൂടെ.
ദേ..ഞങ്ങളുടെ ടാർഗറ്റ് കഴിഞ്ഞേ..ഇനി നിനക്ക്  ടൗണീന്ന് ഒറ്റ ബസ്, നിന്റെ വീടെത്തും”.  
 അതു പറഞ്ഞയാൾ നിലത്തു കിടന്ന സോഡാകുപ്പി മൂടികൾ  ള്ളി നീക്കി പിന്നിലേക്ക് കൈകുത്തി ചാഞ്ഞിരുന്നു. അപ്പോഴുണ്ടായ വളകിലുക്കം പോലുള്ള ശബ്ദത്തോട് ചേർന്നാണ് അവളുടെ ശബ്ദവും പുറത്തു വന്നത്എന്നെ ഇവിടെകൊണ്ടുവിട്ടാൽ തീർന്നൂന്നു കരുതുന്നുണ്ടോ നിങ്ങൾ.. ഇനിയിപ്പൊ ഈ നേരത്ത് ബസ്സ്റ്റാന്റിൽ വിട്ടാലും എന്റെ കാര്യത്തിലെന്തു തീർച്ച. വീടെത്തില്ല അത്ര തന്നെ.”.
 ഞാൻ ഫോൺ ഓഫ് ചെയ്തിരിക്കുകയാണ്. ഒരറ്റാക്കുവന്ന അമ്മയാ.. വണ്ടി എടുക്കേണ്ടാന്നു നൂറു തവണ പറഞ്ഞിരുന്നു. എത്രേം പെട്ടെന്ന് എനിക്ക് വീട്ടിലെത്തണം”.
 ഒരു വണ്ടിയുള്ളതു കൊണ്ടു മാത്രമാ മൂക്കിളചെക്കാ നിന്നെ ഇപ്പണിക്ക് കൂട്ടീത്. .എന്നിട്ടിപ്പൊ കരഞ്ഞോണ്ടു വരുന്നു. എന്തായാലും ആ സദാചാര നാറികളുടെ കണ്ണുവെട്ടിച്ച്  കാര്യം സാധിച്ചേ പറ്റൂ.”
 പാണ്ടൻ പ്രൊഫസർക്ക് ചോരയൂറ്റാൻ നിന്നു കൊടുത്തതു കൊണ്ടാ.. ഇല്ലെങ്കിൽ രണ്ടു വർഷ പഠിപ്പിനും പെടാപ്പാടിനും ഫലമില്ലാതെയായേനെ. അതിനിടയിൽ ട്രെയിനും പോയി.. അപ്പോഴല്ലേ നിങ്ങളുടെ വക പ്രലോഭനങ്ങൾ..”
  വല്ലാണ്ട് പറയല്ലേ.. ആണുങ്ങളങ്ങനെ പല പണീം ചെയ്യും. ചിലത് അല്പം റിസ്കുമാകും. ”
 അവൾ കുനിഞ്ഞാണിരുന്നത്. വെളിച്ചക്കുറവിലും പെണ്ണിന്റെ നിറവിൽ തന്നെയാണ് അവളെ  വിദ്യാധരന് കാണാനായത്. അച്ചാറു പായ്ക്കറ്റുകൾ കൊളുത്താൻ വറീതേട്ടൻ ആണികളടിച്ച തൂണിലേയ്ക്ക് ചാരി അഭിമുഖമായപ്പോൾ പ്രത്യേകിച്ചും.
  അവ്യക്തതകൾക്കുമേലേയുള്ള മെനെഞ്ഞടുക്കലിൽ  ഒരു സംതൃപ്തി ഉണ്ടായെങ്കിലും പുറത്ത് റോഡിലൊരു വണ്ടി നിർത്തിയില്ലേയെന്ന ആന്തലിൽ ഓടവെള്ളത്തിൽ വീണ പാറ്റയെപ്പോലെ അയാൾ തിക്കിതിരക്കി എ.ടി.എമ്മിനകത്തേയ്ക്ക്  പ്രാണൻ കൊണ്ടു.ആ പ്രവൃത്തിയിൽ മനസ്സും ശരീരവും കാണിച്ച ചടുലതകൊണ്ടാകണം  തരം നോക്കി ഒളിഞ്ഞിരുന്നാക്രമിക്കാറുള്ള വലിവ്  അപ്പോൾ അനുഭവപ്പെട്ടു. ഉയർന്ന ശ്വാസോച്ഛാസത്തിനിടെ അയാൾ കണക്കുകൂട്ടി.    ആദ്യം  ബൈക്കിൽ വന്നത് സദാചാരക്കാർ. ഇവർ മറ്റേ കേസുകെട്ടുകാരും. മൂന്നാണും ഒരു പെണ്ണും. അവൾ കേമി തന്നെ.
        അപ്പോൾ കടന്നു വന്ന ചെറുകാറ്റിനു ചൂടായിരുന്നെന്നു അയാൾക്ക് തോന്നി.. കാറ്റു കുറയുമ്പോൾ ഉഷ്ണമുയർന്നു. അതൊരുയിർപ്പായി കാലം കീഴ്മേൽ മറിച്ച് വിലയം കൊണ്ടത് മഴത്തുള്ളിയോ നിലാവോ കയറിവരാത്ത ചെടിയോ പൂവോ നക്ഷത്രമോ കാണാത്ത തകരം കൊണ്ടു ചുറ്റുകെട്ടി തകരം കൊണ്ട് മേഞ്ഞ സൗചിത്രയുടെ കൊട്ടാരത്തിലേക്കായിരുന്നു. അവിടവിടെ പരുത്തി കട്ട പിടിച്ച മെത്തയിൽ  ജലപ്പരപ്പിൽ ആമ്പൽ പൂക്കൾക്കിടയിലെന്നപോലെ  അവൾ കിടന്നത് അയാൾക്കപ്പോൾ തെളിഞ്ഞു കാണാനായി. പൊതുവെ ഇരുണ്ടതെങ്കിലും അവളിലെ ഉയർച്ച താഴ്ചകളിൽ നിറവ്യത്യാസങ്ങളുടെ വെളിച്ചം തേടിയലഞ്ഞു കൊണ്ടായിരുന്നു തുടക്കം. നാരുപോലുള്ളവൾ നാരുള്ളവളായിരുന്നു. നനുനനുപ്പ് ചേർത്ത് ശരീരമാസകലം  നാരു പോലെ വലിഞ്ഞു മുറുകി .ഉഷ്ണത്തിന്റെ ഉച്ചയിലായിരുന്നു എന്തൊക്കെയോ പിറുപിറുത്തു കൊണ്ടിരുന്നത്. എല്ലാതുറവുകളിലേക്കും ചുണ്ടുകൾ കൊണ്ട് പിറുപിറുപ്പ് പകർന്ന്, വലിഞ്ഞയഞ്ഞ് അമർന്നവൾ അണച്ചപ്പോൾ  ദേഹം മുഴുവൻ പൊടിപ്പിട്ട വിയർപ്പു തുള്ളികളോടൊപ്പം ഉള്ളിലുയർന്ന ഉഷ്ണം ഒരു തിര തള്ളലായി പുറത്തേയ്ക്കൊഴുകി, പശപശപ്പിന്റെ പുതിയ ലവണമിശ്രണങ്ങളായി.
        ഡ്രെസ്സിങ്ങ് ക്യാബിനിന്റെ പിരിവു പലകയിൽനിന്നും ചെറിയ ടർക്കി ടവൽ എടുത്തു അയാൾ നനവു തുടച്ചു. എന്നിട്ട് വേനലറുതിയിൽ തരിശു നിലത്തു മാത്രം മഴപെയ്താലുണ്ടാവുന്ന കർഷകന്റെ മനസ്താപം വെറുതെ മനസ്സിലോർത്തു. ശ്വാസമെടുക്കുന്നതിലുള്ള ചെറുതല്ലാത്ത തത്രപ്പാടിനിടെ   പൊടുന്നനെ വാതിൽ തള്ളി ഒരാൾ കടന്നപ്പോൾ കാൽ മുട്ടിലിടിച്ച് വേദനിച്ചെങ്കിലും കാലുകളിലൂടെ മുകളിലേക്ക് കയറിയ തരിപ്പിൽ അതലിഞ്ഞു പോയി. കൈയിൽ ചുറ്റിപ്പിടിച്ച മൊബൈൽ ചാർജർ അയാളുടെ മുഖത്തേക്ക് നീട്ടി ചോദിച്ചു,
ഇതു കുത്താൻ പോയിന്റ്ണ്ടാ..“
പെണ്ണിനോട് ചേർന്നിരുന്നവൻ ഇവനായിരുന്നുവെന്ന് ആകാരം കൊണ്ട്  വിദ്യാധരൻ തിരിച്ചറിഞ്ഞു. ഒരു പെണ്ണീനേം കൊണ്ട് തോന്ന്യാസത്തിനിറങ്ങിയിരിക്കുന്നു, കുടുംബത്തിനു കൊള്ളാത്തവൻ എന്നു പറയാനാഞ്ഞെങ്കിലും പുറത്തേയ്ക്കത് വന്നില്ല. ഒരേ പാപത്തിൽ  പരസ്പരം മുഖം നോക്കാതെ കുറ്റബോധത്തോടെ പങ്കെടുത്ത രണ്ടു  പേർക്കിടയിലെ സംഭാഷണം പോലെ ഇവിടെയില്ല എന്നു പതത്തിൽ പറഞ്ഞ് അയാൾ ആ സാഹചര്യം അവസാനിപ്പിക്കുകയാണുണ്ടായത്. അവനിറങ്ങിപ്പോയി.  ചുരുണ്ട മുടിയും കുറ്റിത്താടിയുമുള്ള മെലിഞ്ഞു നീണ്ട രൂപത്തിനു പക്ഷേ ചെറിയ പ്രായമേ വരൂ. അപ്പോൾ കിളുന്തു പിള്ളേരാണ് ഇപ്പണിക്കിറങ്ങിയിരിക്കുന്നത്.  പോയി തുലയട്ടെ തെണ്ടിപ്പരിഷകൾ. നീട്ടിത്തുപ്പിക്കൊണ്ടയാൾ പുറത്തിറങ്ങി..
         ഇടക്കിടെ നീട്ടി കുരച്ചു കൊണ്ട് തെക്കു വടക്കു നടക്കുന്ന രണ്ടൂ മൂന്നു പട്ടികൾ, നീണ്ട ഇടവേളകളിൽ കടന്നു പോകുന്ന വണ്ടികൾ, പമ്പിനടുത്ത ഹൈമാസ്റ്റ് ലൈറ്റിന്റെ ചുറ്റു വട്ടത്തിൽ പെട്ടിട്ടും തെളിച്ചപ്പെടാത്ത നിന്ന മൂവാണ്ടൻ മാവിൽഒരു കൊമ്പിൽ നിന്നു മറ്റൊന്നിലേക്ക് ഉറക്കച്ചടവിൽ പറന്ന ഒരു കിളി………. പുറത്തിറങ്ങി ഉലാത്തവെ, നീണ്ട സമയാതിർത്തികളിൽ അടുക്കപ്പെട്ട ഈ ചിത്രങ്ങൾക്കിടയിലേക്ക് വറീതേട്ടന്റെ മറച്ചു കെട്ടിൽനിന്നുള്ള   അവ്യക്ത ശബ്ദങ്ങളുടെ ചിത്ര രൂപങ്ങൾ ഇടയ്ക്കിടെ കടന്നു വരാൻ തുടങ്ങി. എടിഎമ്മിനകത്തേക്കു കയറാനായുള്ള നടത്തം  ഷീറ്റിനടുത്തുകൂടെ ആക്കിയത് മനപ്പൂർവ്വമായിരുന്നു.
മണി മൂന്നായിട്ടില്ല. വെളിച്ചമാകും മുൻപേ ഇവളെ ബസ്സ്റ്റാന്റിൽ വിട്ടാൽ ശരിയാവില്ല. കാലത്ത് പത്തു മണിക്കു  വരുന്ന ചെറുക്കനു കാണാൻ പെണ്ണുവേണമല്ലോ..
 നിങ്ങളെന്തു കരുതിയാലും വിരോധമില്ല, ഒരേ വഴിയായതു കൊണ്ട് ഞാഇവന്റെ കൂടെ പോകും.”
 കാര്യം സാധിച്ചപ്പോൾ പിന്നെ പെണ്ണിനെ ഒഴിവാക്കാൻ പിള്ളേരുടെ പ്രാരാബ്ദം പറച്ചിലെന്ന് വിദ്യാധരൻ കുറ്റം കണ്ടു.
 തെറ്റു പറ്റിയത് എനിക്കാണ്. ഞാൻ വരരുതായിരുന്നു, നിങ്ങളുടെ കൂടെ..”
 ആ നായിന്റെ മക്കൾ കാരണമാണ് ഇങ്ങനെയൊക്കെയായത്.  ഒന്നുരസിയതു കൊണ്ട് ഈ മൂക്കളചെക്കനെ അവർക്ക് തിരിച്ചറിയാം. അവരിവിടെ ചുറ്റു വട്ടത്തു തന്നെയുണ്ടാകും. ഇല്ലെങ്കിൽ ഇവരെ രണ്ടു പേരെയും  വീട്ടിലേക്കു  വിടാമായിരുന്നു.
 അവൻ തന്നെ നേതാവ്. പെണ്ണിനെ മണക്കാൻ വന്ന രണ്ടു  പിള്ളേരും. അയാളുറപ്പിച്ചു.  ഞാനൊന്നു പറയാം…………” . അവൾ പറഞ്ഞു തുടങ്ങിയതും  കുറച്ചു നേരമായി മുഴങ്ങികൊണ്ടു വന്ന ഒരു ലോറി അതിലേ കനപ്പെട്ടു കടന്നു പോയതും ഒരുമിച്ചായിരുന്നു.
   അപ്പോഴാണ് താൻ   നടക്കുകയല്ല, ഷീറ്റിനു ചാരെ നിൽക്കുകയാണല്ലൊ എന്ന ശരികേട് വിദ്യാധരൻ ശ്രദ്ധിച്ചത്. ഉടൻ കാലകത്തി വെച്ച് എ ടി എമ്മിന് അകത്തു കടന്നു. മഫ്ലർ പിരിവു പലകയിലിട്ട് കസേരയിലേക്ക് നീങ്ങവേ, പിറകിൽ കാലനക്കങ്ങൾ. വിപ്ലവകാരിയുടെപേരിൽ  വിമോചനത്തിനു തെരെഞ്ഞെടുക്കപ്പെട്ടവർ  കട കൊള്ളയടിക്കാനെത്തിയ പോലെ, പിറകിൽ തൂക്കിയ ബാഗുകളോടെ, നിശ്ചയ ദാർഢ്യമുള്ള മുഖങ്ങളോടെ, ഒരു കൂട്ടം...  കള്ളനേയും നല്ലവനേയും  നിരീക്ഷിക്കാൻ മാത്രമേ ഒരു എ ടി എം സെക്ക്യുരിറ്റിക്കു കഴിയൂ.. നിയമിക്കുന്നവക്കു പോലുമില്ല, മറ്റൊരു ഉദ്ദേശം. ഒരുവൻ പെണ്ണിനെ ഡ്രെസ്സിങ് ക്യാബിനിലേക്ക് തള്ളി നിർത്തി.  മൂന്നാണും ഒരു പെണ്ണും ഇതവരാണ്. പകപ്പിന്റെ പുകമറ തെളിയും മുൻപേ  ഷർട്ടിൽ കുത്തി പിടിച്ച് കണ്ണിലേക്ക് നോട്ടം കൊണ്ട് ചാട്ടുളി കയറ്റി വാതിലിലൂടെ അയാളെ അവർ പുറത്തേക്ക് വലിച്ചു.. ഒരാൾ കസേരയെടുത്ത് പുറത്തിട്ട് അതിൽ ബലമായി ഇരുത്തി . “ഞാൻ വരും വരെ ഇതിലിരുന്നോണം.. അകത്തേക്കെങ്ങാൻ കയറിയാൽ കൊന്നു കളയുമവൾ.” അകത്തേയ്ക്കുള്ളൊരു നോട്ടത്തിൽ തന്നെ അയാൾക്ക് അതുറപ്പായി.   ഹയ് ഡ്യൂഡ്.. വിൽ ബാക് സൂൺ..  ബി സെയ്ഫ്..” രണ്ടു ബൈക്കുകൾ അതിവേഗം ഓടിച്ചു പോയി.
        തുടർച്ചയായ രാത്രികളിൽ ഭീകര സ്വപ്നങ്ങൾ കണ്ട് ഉറക്കത്തേയും ഉണർച്ചയേയും ഭയന്നവനെ പോലെയായി, വിദ്യാധരൻ. കാറ്റോ തണുപ്പോ ചൂടോ തിരിച്ചറിയാതുള്ള ഒരു  അങ്കലാപ്പ്. ചില്ലു വാതിലിലൂടെ ഡ്രെസ്സിങ് ക്യാബിനിലേക്ക് ഒരു പാളിനോട്ടമെന്നത് കുറച്ച് നേരമായി അയാളെ  അസ്വസ്ഥനാക്കുന്ന ആഗ്രഹമായി തുടരുന്നു . ഉള്ളിൽ ഇളം താളത്തിൽ തുടങ്ങിയ തടയാനാകാത്ത ഒരു മിടിപ്പ് താഴെ നിന്ന് മേലേക്ക് പെരുമ്പറയായി ശരീരത്തിൽ അനുഭവിപ്പിക്കുണ്ട്. റോഡിലൂടെ പാഞ്ഞ ഒരു കാറിന്റെ കാഴ്ചയുടെ തുടർച്ച ഇടത്തോട്ട് അല്പം നീട്ടിയെടുത്തപ്പോഴാണ് അവളെ ക്യാബിനു മുകളിലൂടെ കാണാതായെന്ന് അയാൾ ആശ്വസിച്ചത്. എന്നാൽ താഴെ പിരിവു പലകയുടെ അടിയിലൂടെ പുറത്തേക്കു നീണ്ട കാല്പാദങ്ങൾ, വരാൻ പോകുന്ന പലതിലേയ്ക്കുമുള്ള സൂചനയല്ലേ എന്ന് ഇടിത്തീയായതും പെട്ടെന്നായിരുന്നു. ഒരാവേശത്തിന്  വാതിൽ തുറന്ന് കാലകത്തു വെയ്ക്കും മുൻപേ അവളലറി. “കടക്ക് പുറത്ത്”.  വല്ലാത്തൊരു ശല്യമായല്ലോ എന്നോർത്തെങ്കിലും, അതിനു ശേഷം അവൾ പൂർണ്ണമായും മറയ്ക്കപ്പെട്ടുവെന്നതായിരുന്നു സമാധാനം.   ഇത്തരമൊരു ഒളിച്ചു താമസത്തിൽ താനും എ.ടി.എമ്മും  പങ്കുകാരാകുക എന്നതിൽ  അപകടമുണ്ടെന്ന് അയാൾക്ക് ഉറപ്പുണ്ട്. എങ്ങനേയും പെണ്ണിനെ ഒഴിവാക്കിയാൽ മതിയെന്നായി പിന്നെ.  
        തണുപ്പേറുന്നതും നെഞ്ചു കുറുകുന്നതും അവഗണിച്ചിട്ടും  ആരെങ്കിലും വന്നു കണ്ടാലോയെന്നുള്ള ആധിയേറുകയാൽ അയാൾ വാതിൽ തുറന്നു. ഒരു അനക്കവുമില്ല. പുറത്തു നിന്നു തന്നെ  വാതിലിന്റെ അലൂമിനിയ ചട്ടയിൽ അടിച്ച് ശബ്ദമുണ്ടാക്കി . “നാലുമണിയായി. നാലരയ്ക്ക്  പട്രോളിംഗ് പോലീസുകാർ വരും. കുറച്ചു നേരം ഇവിടെ ചിലവഴിച്ചിട്ടേ പോകാറുള്ളൂ. എന്നെ കൂട്ടിക്കൊടുപ്പുകാരനാക്കരുത് ”. അവൾ  എഴുന്നേറ്റ് മുഖം തിരിഞ്ഞ് നിന്നെങ്കിലും മറ്റു പ്രതികരണമൊന്നുമില്ലാത്തതിനാൽ  വീണ്ടും വാതിലിലടിച്ചു.. കുറച്ചു കൂടെ നേരത്തെ ആലോചനക്കു ശേഷം  പക്ഷേ വളരെ ധ്രൃതിയിൽ അവൾ പുറത്തു കടന്നു. പുലർവെട്ടത്തെ പൊതിഞ്ഞു നിന്ന ഇരുട്ടിനെ മുറിച്ച് ഭയാശങ്കകളോടെ അവൾ തിരക്കിട്ട് നടക്കുന്നത് നോക്കി അയാൾ ആശ്വസിച്ചു. ഒരു ശുദ്ധ നുണ കൊണ്ട് മാനം കാത്തല്ലോ..
 പുലർകാല മഞ്ഞു വീഴ്ചയിൽ നഗരം ഇരുളു ചേർത്ത മരവിപ്പിലായിരിക്കെ പോലീസ് പട്രോളിങ്ങിന്റെ അവസാന റൗണ്ടിലാണ് അസ്വാഭാവിക സാഹചര്യത്തിൽ  ഒരു ചെറുപ്പക്കാരൻ പിടിക്കപ്പെടുന്നത്. മാമ്മൻ റോഡിലേയ്ക്കുള്ള കട്ടിംഗിൽ ബൈക്ക് തള്ളിക്കൊണ്ട് അതിവേഗം നടന്നും പോലീസിനെ കണ്ടയുടനെ ബൈക്ക് താഴെയിട്ട്  റോഡിലൂടെ ഓടി മൂന്നാം തിരിവിൽ മറഞ്ഞും സാഗർ കോമ്പ്ലക്സിന്റെ ഗോവണിക്കു പുറകിൽ പതിഞ്ഞിരുന്നും അവൻ സ്റ്റേഷനിലേയ്ക്കുള്ള വഴി ഉറപ്പാക്കി. പൊക്കി വാനിലിട്ടെങ്കിലും ഭയന്ന് കണ്ണീരൊലിപ്പിച്ച് രണ്ടു പോലീസുകാർക്കിടയിൽ താഴോട്ട് മാത്രം നോക്കിയിരുന്ന അവനോട് അവരൊന്നും ചോദിച്ചില്ല.
 . പോലീസ് സ്റ്റേഷനിൽ  കണ്ണു തിരുമ്മിയും കൈനീട്ടി ഉയർത്തിയും ഉറക്കത്തിൽ നിന്നുണർന്ന് ഒരു പോലീസുദ്ദ്യോഗസ്ഥൻ അവനോട്  പേര് ചോദിച്ചു.
“ നിഷാന്ത് സോമൻ”
“ മോനേ നിഷാന്തേ.. ഇതിപ്പൊ രണ്ടാമത്തെ രാത്രിയാ കഴിഞ്ഞത്.  പെണ്ണായി കണ്ടാ ഞെരമ്പ് പിണഞ്ഞ് പിടക്കുന്ന നായിന്റെ മക്കളാ ആൾക്കാര്.  ആരും തന്നെ പിടിക്കപ്പെട്ടിട്ടുമില്ല. ഇനിയിപ്പൊ നീ പറഞ്ഞാ മതി കാര്യങ്ങൾ” . എന്തൊക്കെയോ തീരുമാനിച്ചുറച്ചതു പോലെയായിരുന്നു അയാളുടെ വാക്കുകൾ.
 നിഷാന്തിന്റെ ശബ്ദം പുറത്തേക്കു വന്നില്ല. കാഴ്ചയിലൊന്നും  പതിഞ്ഞതുമില്ല.  രണ്ടാമത്തെ ഗ്ലാസ്സ് വെള്ളത്തിനു ശേഷവും നെഞ്ചിടിപ്പിനൊപ്പം വരണ്ട തൊണ്ടയിലമർന്നു പോയ ഒച്ചയുടെ ശേഷിപ്പുകൾ ചുണ്ടനക്കങ്ങളിലൊടുങ്ങി.
കിങ്സ് ജംക്ഷനിൽ ട്രാഫിക് ഡ്യൂട്ടിക്കു പോകുന്ന വിനോദനാ..”  പോലീസുകാരൻ മൊബൈൽ ഫോൺ ഇൻസ്പെക്ടർക്കു കൊടുത്തു.  പ്രത്യേകിച്ചൊരു പ്രതികരണവുമില്ലാതെ പറഞ്ഞതു കേട്ട് ഫോൺ കട്ട് ചെയ്തു. “ ചുരുണ്ട മുടി, ക്ലീൻ ഷേവ്, നീലയും വെള്ളയും വലിയ ചെക്ക് ഷർട്ട്, ബ്ലാക്ക് ജീൻസ്,  അയൽസംസ്ഥാനത്ത്  കോളേജ് വിദ്യാർത്ഥി, പേര്.?” പറഞ്ഞു കൊണ്ടിരിക്കേ  ശബ്ദമുയർത്തി, കണ്ണിൽ തീ പാറിച്ചുള്ള   ചോദ്യമാക്കുകയും എഴുന്നേറ്റ അയാളുടെ വലതു കൈവിരലുകളഞ്ചും തന്റെ  മുടിയിൽ ചുറ്റി ഉയർത്തുകയും ചെയ്തപ്പോൾ നിഷാന്ത് സോമൻ പറഞ്ഞു : “ നവാസ്”.
 നിന്റെ കൂട്ടുകാരൻ തെക്കേ കവലക്കടുത്ത്  ഓടേകിടപ്പുണ്ട് ,ചത്തിട്ടില്ല.”
 ബാക്കിയെല്ലാം അവനിൽ നിന്നും  പ്രതീക്ഷിച്ചു കൊണ്ടാണ് അവരെല്ലാവരും ഉടനെ ചുറ്റും കൂടിയത്. ഭയത്തിനും കരച്ചിലിനുമിടയിൽ വിറയോടെ നില്ക്കവേ അവനറിയാതെ തന്നെ പറഞ്ഞു പോകുകയായിരുന്നു. .ഇന്നലെ വൈകീട്ട് കോളേജിൽ നിന്നിറങ്ങിയപ്പോൾ വൈകിയതിൽ നിന്നും തുടങ്ങി.  ട്രെയിൻ കിട്ടാതെ പോയ ഒലീന ലാസർ ഒതുക്കുങ്കലിന് ഇന്ന് പത്തു മണിക്ക് പെണ്ണു കാണൽ ചടങ്ങുള്ളതു കൊണ്ടുമാത്രം,  ഒരു നല്ല കാര്യമെന്ന നിലയ്ക്ക് ഒരേ ക്ലാസ്സുകാരായ തങ്ങൾ   ബൈക്കിൽ നാട്ടിലെത്തിക്കാൻ തീരുമാനിച്ചുവെന്ന് പറയുമ്പോൾ ആ മൂന്നിടത്തും വേണ്ടത്ര ഊന്നൽ കൊടുത്തില്ലേയെന്ന് അവൻ ഒന്നു ശങ്കിച്ചു .  പാതിരാത്രി ഈ നഗരത്തിലെത്താറായപ്പോൾ മുതൽ ബൈക്കുകളിൽ നാലുപേർ പിൻതുടർന്നതും  ഒരു പെണ്ണീനേയും കൊണ്ട് രാത്രി യാത്രചെയ്യുന്നതിനെ ചൊല്ലി, പലയിടത്തും വെച്ച് അവർ വാക്കേറ്റവും വെല്ലുവിളികൾ നടത്തിയതും പറയുമ്പോൾ  കൂടുതൽ ഒച്ചയുണ്ടായിരുന്നു. രക്ഷപ്പെടാൻ പലയിടങ്ങളിൽ ഒളിച്ചിരുന്നതും  ഒടുവിൽ പിരിയാനായി  തീരുമാനിച്ചിറങ്ങിയപ്പോൾ അവരുമായി ഏറ്റുമുട്ടേണ്ടിവന്നതും അതിനിടയിൽ താൻ മാത്രം പോലീസിന്റെ പിടിയിലായതും  ഒറ്റ വീർപ്പിൽ പറഞ്ഞു തീർത്തു. ഒരു ആശ്വാസക്കര കണ്ട കണക്കെ നെടുവീർപ്പിടാനൊരുങ്ങുമ്പോൾ ഒരു പോലീസുകാരൻ ടി.വി ഓൺ ചെയ്യുകയും വളരെ താഴ്ന്നിരുന്ന ശബ്ദം ഉയർത്തുകയും ചെയ്തു.
                  ഒരുറക്കം കഴിഞ്ഞുണർന്നപ്പോഴാണ് എത്ര ഉച്ചത്തിലാണ് ടി.വി വെച്ചിരിക്കുന്നതെന്ന് വിദ്യാധരന് തോന്നിയത്. ഇനിയിപ്പോ ശബ്ദം കേട്ടുണർന്നതുമാകാം. അത്യന്തം ആകാംക്ഷാഭരിതമായ ഒരു രാത്രിഡ്യൂട്ടിയായിരുന്നല്ലോ ഇന്നലത്തേത്. ഒരു പോള കണ്ണടക്കാത്തതു കൊണ്ടും വലിവിനുള്ള മരുന്നു കഴിച്ചതു കൊണ്ടും വന്നു കിടന്നതേ ഓർമ്മയുള്ളൂ.  ശബ്ദം കുറയ്ക്കാനായി റിമോട്ടിൽ വിരലമർത്തി ടി വി യ്ക്കു നേരെ നോക്കിയതാണ്, അയാൾ നടുങ്ങിപ്പോയിഅതെ, അവൻ തന്നെ. മൊബൈൽ ചാർജു ചെയ്യാൻ വന്ന ചെറുപ്പക്കാരൻ. ഓടയോടു ചേർന്ന് ചെരിഞ്ഞു കിടക്കുന്നു
 ഉച്ചയൂണിന് ചോറിൽ വെച്ച കൈ പിൻവലിപ്പിച്ച്  വിദ്യാധരനെ പോലീസ് കൊണ്ടു പോരുകയായിരുന്നു. .കാര്യങ്ങളെന്തെന്നറിയാതെ അന്ധാളിച്ച  ഭാര്യ വിമ്മിപ്പൊട്ടി.   കോളേജിൽ പോയ മകൾ ഒന്നുമറിഞ്ഞിട്ടില്ല.  രണ്ടു വട്ടം ചോദ്യം ചെയ്യലും തക്ക ഭീഷണികളും കഴിഞ്ഞ്, ഇപ്പോൾ നിഷാന്തിന്റെ കൂടെ   നിർത്തിയിരിക്കുകയാണ്. അവനേയും സ്റ്റേഷനിൽ കണ്ടതോടെ താനൊരു വലിയ വലയിലാണ് പെട്ടതെന്ന് അയാളുറപ്പിച്ചു. ഒരുവൻ റോഡിൽ അടികൊണ്ട് വീണു. ഇവൻ രണ്ടാമത്തെ പ്രാരാബ്ദക്കാരൻ. നിലത്തു നിന്നു കണ്ണു പറിച്ച് അവന്റെ വക ദഹിപ്പിക്കുന്ന ഒരു നോട്ടം.
 “നിങ്ങളൊരു മനുഷ്യനാണോ..ഇരുട്ടു പോകും വരെ അവളവിടെയിരുന്നെങ്കിൽ ഇതൊന്നും നടക്കില്ലായിരുന്നു. ദയയില്ലാത്തവനാ  നിങ്ങൾ…”
 നോട്ടത്തിലെ കടുപ്പവും പറച്ചിലും പക്ഷേ അവൻ സങ്കടം തിങ്ങിയാണ് അവസാനിപ്പിച്ചത്. പിന്നീട് പറഞ്ഞതത്രയും വിദ്യാധരനെ  ചുണ്ണാമ്പിൽ വീണ മണ്ണിരയാക്കാൻ പോന്നതായിരുന്നു.   തിരുത്താനാകാത്ത പിശകുകളാൾ സ്വയം വരിഞ്ഞാണ് താനിവിടെയെത്തിയതെന്ന തിരിച്ചറിവിൽ അയാൾ അസ്വസ്ഥനായി,  നെഞ്ചുലച്ച് കഫം കുറുകി ചുമച്ചു.
 രണ്ടു പേർക്കും ഒന്നു ചെരിഞ്ഞു നോക്കിയാൽ കാണാവുന്നിടത്തുണ്ട്  ടി.വി. “കുറച്ചു നാളുകളായി നഗരത്തിൽ ഇവരുടെ പ്രവർത്തനം തുടങ്ങിയിട്ട്. പ്രത്യേകം തയ്യാറാക്കിയ പദ്ധതിപ്രകാരമാണ്, ഈ സംഘത്തിലെ രണ്ടു പേരെ പിടികൂടാനായത്. ഇനിയുള്ള ഒരു പെൺകുട്ടിയ്ക്കും  ഒരു ആൺകുട്ടിയ്ക്കും വേണ്ടി തിരച്ചിൽ ഊർജ്ജിതപ്പെടുത്തിയിരിക്കുകയാണ്. കൂടുതൽ പെൺകുട്ടികൾ ഈ റാക്കറ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.”  പരിക്കുകളുമായി  ചെറുപ്പക്കാരൻ കിടക്കുന്ന ആശുപത്രിവാർഡോടു കൂടിയും ക്ലോസ് അപ്പായും ഇൻസ്പെക്ടറുടെ ദൃശ്യങ്ങൾ  കാണിച്ചു കൊണ്ടിരുന്നു .
                                                                                                                                 വന്നു കയറുന്ന ഓരോരോ ദുര്യോഗങ്ങൾ എന്ന് വിദ്യാധരൻ വിധിയെ പഴിച്ചു. വീട്ടിൽ ടി.വി. ഓടിക്കൊണ്ടിരിക്കുകയാണ്. മകൾ വരാനായി. പെൺ വാണിഭ വാർത്തയിൽ പെട്ട അച്ഛനെ ടി.വിയിൽ കാണുന്ന  മകളുടേയും അമ്മയുടേയും ചിത്രങ്ങൾ മനസ്സിൽ പലവുരു തെളിഞ്ഞു  . കാര്യത്തിൽ കവിഞ്ഞ മിണ്ടലും പറച്ചിലുമില്ലാതെയുള്ള അയാളുടെ രീതികളിൽ ഒട്ടു പരിഭവക്കാരികളാണ് പണ്ടു മുതലേ രണ്ടു പേരും. വയസ്സാൻ കാലത്ത് കൂടെ താമസിക്കാൻ വന്നവൻ മാത്രമായി തന്നെ കാണുന്നുവെന്നത് അയാളുടെ പരാതിയായിരുന്നില്ല.   ഇനിയിപ്പോൾ ഇതു കൂടിയേ വേണ്ടൂ. . മകളെ കുറിച്ച് ഓർത്തു പോകുന്നതിൽ പോലും മന:സാക്ഷി ചേരാതെ നിന്നു. പിഴവുകളാണ് എവിടേയും. പലപ്പോഴും അവഗണിക്കപ്പെടുന്നുണ്ടെങ്കിലും ഒരു ഞെട്ടലിന്റേയൊ  ഉള്ളാന്തലിന്റേയോ അറ്റത്തേയ്ക്ക് അയാളുടെ സാന്നിധ്യത്തിന്റെയൊരു തണൽ അവർ തന്നെ വലിച്ചിടാറുണ്ട്. .അതിൽ തൃപ്തനാകേണ്ടുന്ന ഒരു സംരക്ഷകന്റെ യൂണിഫോമേ തനിയ്ക്കണിയാനുള്ളൂ എന്നയാൾക്കു ബോധ്യമുണ്ടായിരുന്നു. നേരേ ചൊവ്വേ നോക്കുകപോലും ചെയ്യാത്ത മകളുടെ ചിത്രങ്ങൾ  എന്നിട്ടും മനസ്സിൽ നിറഞ്ഞു നിന്നു. മുന്നിലുണ്ടായിരുന്നതു കൊണ്ടാകാം കാണണമെന്നു തോന്നിയിരുന്നില്ല.. പക്ഷേ നിറഞ്ഞ സ്നേഹത്തോടെയുള്ള നോട്ടം കൊണ്ട്   അവളെ കണ്ട് കണ്ണ് നിറയണമെന്ന് അപ്പോൾ അയാൾക്ക് തോന്നി.   ഇപ്പോൾ വീട്ടിലെത്തിയിട്ടുണ്ടാകുമോ..    ഇല്ലെങ്കിൽ
                    ചുവരിൽ തൂക്കിയ കുടുംബഫോട്ടോയിലെ ഒലീന ലാസർ ഒതുക്കുങ്കലിനേയും ചെറിയ പ്രായത്തിൽ വികാരിയച്ഛനിൽ നിന്ന് സമ്മാനം വാങ്ങുന്ന അവരുടെ മറ്റൊരു ഫോട്ടോയും   ടി.വിയിൽ കാണിച്ചു കൊണ്ടിരുന്നു. അവിടവിടെ കുമ്മായമടർന്ന ചുമരിൽ  കുരുത്തോലയിലെ കുരിശുരൂപം ഉണങ്ങിക്കിടന്നു.  ചുമർ ചാരി നിന്ന നില്പിൽ വിദ്യാധരന്റെ ചിന്തകൾ സ്റ്റേഷനും തന്റെ വീടും വിട്ട് ഒലീനയുടെ വീട്ടിലേയ്ക്ക്  അശാന്തിയാൽ ഉൾക്കനമൊഴിഞ്ഞ മനസ്സോടെ ഒരു കൂടുമാറ്റം നടത്തി.    മെഴുകു തിരി തെളിയിച്ച മറിയത്തിന്റെ രൂപവും അഭിമുഖമായി ഇരുട്ടു കയറിയ ഒരു പെൺരൂപവും കണ്ണിൽ തെളിഞ്ഞു വന്നു..മുറിയിലെ  ചെറിയ വെളിച്ചത്തിനു ചുറ്റുമുണ്ടായിരുന്ന ഇരുട്ടിന്റെ ആവരണത്തിൽ പെട്ട് നെഞ്ച് കനക്കുകയാൽ  അയാൾ ഉച്ചത്തിൽ ദീർഘശ്വാസമെടുത്തു.
 “ഇത്ര നേരം കാത്തിട്ടും ഒലീനയുടെ അമ്മ പ്രാർത്ഥന കഴിഞ്ഞിറങ്ങിയിട്ടില്ല. മുകളിലെ മുറിയിലാണ് അപ്പനുള്ളത്. ഇനി നമുക്ക്   അപ്പൻ  വാതിൽ തുറക്കുന്നത് കാത്തിരിക്കാം. നഗരത്തിലെ അനാശ്യാസ പ്രവർത്തനങ്ങളുടെ ആസൂത്രകരായ പെൺകുട്ടിയേയും ചെറുപ്പക്കാരനേയും ഉടനെ കണ്ടെത്താനാവുമെന്നാണ് ഇപ്പോഴും പോലീസ് പറയുന്നത്. ”    
               നാടു മുഴുവൻ തന്റെ മകളെ കുറിച്ചു വേണ്ടാതീനം പറയുമ്പോൾ മുറിയടച്ചിട്ടിരുന്ന് ലാസർ  തന്നോടു തന്നെ പറയുന്നതെന്തെല്ലാമായിരിക്കുമെന്ന് അച്ഛൻ മനസ്സിൽ തുടക്കമിട്ട വേവലാതികളിലൂടെ വിദ്യാധരനും അറിയുന്നുണ്ട്.
 ഒലീനയുടെ വീട്ടിൽ  നീണ്ട ഇറയത്തിനറ്റത്തുള്ള മരഗോവണി കുത്തനെയെന്നു അയാൾക്ക് തോന്നി.    പടികൾ പഴക്കമുള്ളവയാണ്. ഓരോപടികയറുമ്പോഴും മുൻപ് പ്രാർത്ഥനാ മുറിയിലെ ഇരുട്ടിൽ നിന്നുണ്ടായതു പോലെ ഒരു  ശ്വാസ തടസ്സവും നെഞ്ചു കനവും.. അത് കൂടി ക്കൂടി വന്നു. കൈവരി പിടിച്ച് പടിയിലിരുന്ന്  തലേന്ന്  രാത്രി  എ.ടി.എമ്മിനു പുറത്തിരുന്ന്  പിരിവു പലകക്കടിയിലൂടെ അവളുടെ      കാൽവിരലുകൾ കണ്ടതോർത്തു. അവിടം മുതലാണ് താൻ രക്ഷപ്പെടാനുള്ള വഴികൾ തേടിത്തുടങ്ങിയത്.  ആയാസപ്പെടുന്നുണ്ടെങ്കിലും കയറിയേ മതിയാകൂ എന്നാരോ പറയും പോലെ.  കിതപ്പ് കൂടുന്നുണ്ടായിരുന്നു. ഇരുന്ന് ഇഴഞ്ഞാണ് അയാൾ വാതിലിനു മുൻപിലുള്ള അവസാനപടിയിലെത്തിയത്. വാണിഭത്തിൽ പങ്കുകാരനായ അച്ഛനെയാണോ വീട്ടിൽ തിരിച്ചെത്താത മകളുടെ അച്ഛനെയാണോ തനിക്കേറ്റവും ഇണങ്ങുകയെന്ന്  ശ്വാസം കുറഞ്ഞ കിതപ്പിനിടയിൽ അയാൾ തട്ടിച്ചു നോക്കി.   വാതിൽ പാളികൾക്കിടയിലൂടെ കണ്ടത് കനത്ത ഇരുട്ട് മാത്രം. മകളെ വെളിച്ചത്തിലേയ്ക്ക് ഇറക്കിവിട്ടതിന് ഇരുട്ടിലടയ്ക്കപ്പെട്ട  ലാസർ.  തന്റെ കൈക്കുറ്റം കൊണ്ടുണ്ടായ മുറിവ്  ഏതു  വിധമാണ് ഈ അച്ഛന് തുന്നിച്ചേർക്കാനാവുക.  ഇരുട്ടിലേയ്ക്കിറക്കപ്പെട്ട ഒരു മകളുടെ ചിത്രം  കണ്ണുകളിൽ തെളിഞ്ഞു നിൽക്കേ ചുമ നീണ്ടു പിടിച്ചു .പിന്നെ, കുറഞ്ഞു വന്ന ശ്വാസത്തിനൊപ്പം ലാസറിനെ ഒന്നു കണ്ടെങ്കിലെന്ന് വിദ്യാധരൻ എന്ന സെക്യൂരിറ്റി പതിയെ കണ്ണുകളടച്ചു.
               ടി.വിയിൽ പറഞ്ഞു കേട്ട കഥയിലെ തന്റെ സ്ഥാനമോർത്ത് നിശ്ചലനായ നിഷാന്ത് സോമന്റെ ദേഹത്തേയ്ക്ക് അയാൾ ചായവേ ഉള്ളിലെ ചൂട് ഉഷ്ണിച്ച ചുറ്റു വട്ടത്തിലേയ്ക്ക് ഇറങ്ങി പൊയ്ക്കൊണ്ടിരുന്നു.