Monday 10 February 2020


           സ്വച്ഛമാനസം


അരമതിലിനു മുകളിലൂടെയും അഴികളില്ലാത്ത ജനൽപ്പഴുതുകളിലൂടെയും ഏന്തി അമ്മമാരുടെ പാതിമുക്കാലും ഹാളിനകത്താണ്. അകത്തുനിന്ന് ഒരു നോട്ടം കിട്ടിയാൽ കൈകൾകൊണ്ടും കൺകൾകൊണ്ടും കാര്യങ്ങൾ പറയാൻ വെമ്പുന്നുണ്ടവർ. എന്തു വിഷയമാണാവോ അവരെന്തുചെയ്യുമോ എന്തോ എന്നെല്ലാം ആധികയറി വിയർക്കുന്നുണ്ട്.  സ്കൂൾ ചുമരിനുവെളിയിൽ കാൽ പെരുവിരലിൽ നിന്ന് അവർ പരവശരായി.. ഉപജില്ലാതല സ്കൂൾ കലോൽസവത്തിന്റെ പെയ്ന്റിങ് മൽസരം നടക്കുന്ന ആ ഹാളിനു ചുറ്റുമൊന്ന് നടന്ന് ഒരു ജനലോരത്ത്  പെരുവിരൽ വെയ്ക്കാനൊരിടം സുനന്ദയും കണ്ടുപിടിച്ചു. കാര്യം കഷ്ടമാണ്. വളരെ ദൂരത്താണ് കുട്ടികൾ.  എവിടെനിന്നാലും  അവരെ കാണാമെന്നെല്ലാതെ മറ്റൊന്നിനുമാകില്ലെന്നത് സുനന്ദയെപ്പോലെ എല്ലാ അമ്മമാരും  അല്പം മനോവേദനയോടെത്തന്നെ അവളവളെ ബോധ്യപ്പെടുത്തി. വിഷയവും സമയക്രമങ്ങളുമെല്ലാം വിശദീകരിച്ചു കഴിഞ്ഞെന്നു തോന്നുന്നു. കുട്ടികളെല്ലാം കുനിഞ്ഞിരിപ്പായി.

മാഷേ

ഇങ്ങോട്ടൊന്നു നോക്കിയില്ലേ എന്നു തോന്നിയ അതേ നിമിഷത്തിൽ  അരമതിലിൽ കമിഴ്ന്ന ഒരമ്മ  വിവരണങ്ങൾ നൽകിയ മാഷെ കൈ കാണിച്ചു വിളിച്ചു.  കൂടുതൽ അടുത്തു വരാതെ തികഞ്ഞ നീരസത്തോടെ മാഷ് എന്തേ എന്ന് നെറ്റി ചുളിച്ച് തലയുയർത്തി. 

മോൾക്ക് വെള്ളം കിട്ടിയോന്നറിയാനാ.. ഒന്നു വിളിക്ക്യോ..

എല്ലാസഹായത്തിനും വൊളണ്ടിയർമാരായ കുട്ടികളുണ്ട് എന്ന് പറഞ്ഞ് മാഷ് പിന്നെ, ചുറ്റുവട്ടത്തേയ്ക്ക് നോക്കില്ലെന്നുറപ്പിച്ച് കുട്ടികളെ ശ്രദ്ധിച്ചു.

ഈ പ്രായമായ മാഷന്മാരുടെ ഒരു കാര്യം. വല്ല്യ ശുദ്ധന്മാരാന്നാ വിചാരം. ചെറുപ്പാക്കാർ ആരെങ്കിലുമുണ്ടായിരുന്നെങ്കിൽ ഒരു ക്ലൂ എങ്കിലും  കൊടുക്കാനായേനേ എന്ന് അവരുടേതു മാത്രമല്ലാത്ത ഒരു നിരാശ ഹാളിനു വലയം നിന്നു.  ഇനിയിപ്പോൾ അതും നടക്കില്ല.  ജനലിലെ അള്ളിപ്പിടി വിട്ട് പലരും പുറത്തേയ്ക്ക് മാറി.

കലോൽസവത്തിന്റെ ഉദ്ഘാടന വേദിയുടെ പണി കഴിഞ്ഞിട്ടുണ്ട്. ഭംഗിയായി നിരത്തിയിട്ട കസേരകളിലൊന്നിൽ സുനന്ദ ഇരുന്നു. പിന്നാലെ പല അമ്മമാരും ജനലും അരമതിലും വിട്ട് കസേരയിലെത്തി.
ഇത്തവണ കുട്ട്യോള് കുറവാണല്ലാ  ഒരു തടിച്ചിയമ്മ അങ്ങനെയാണ് സംസാരം തുടങ്ങിയത്. തന്റെ കൈയിലെ തടിച്ച ബാഗും രണ്ടു ചെറുബാഗുകളും കസേരകളിൽ നിരത്തി. അടുത്തുള്ളവരാരും മിണ്ടാത്തത് കാര്യമാക്കാതെ അവർ തുടർന്നു. പുതിയ നിയമങ്ങൾ വന്നപ്പോൾ അപ്പീലുകൾ കുറഞ്ഞു. കുറച്ചു കുട്ടികളായതു കൊണ്ട്  ജില്ല കടക്കുമെന്നുറപ്പായി.

 അത് കൊള്ളാല്ലാ.. ഞങ്ങളൊക്കെ പിന്നെ.

അമ്മമാർ പലരും  ഇപ്പോൾ വേണ്ടാ എന്ന് തടഞ്ഞു വെച്ച വാക്കുകൾ ഒന്നു തന്നെയായിരുന്നു. എങ്കിലും സാധ്യതകൾകൂടുതലാണല്ലോ എന്ന് അവർ ഓരോരുത്തരും പരസ്പരമറിയിക്കാതെ സമാധാനിച്ചു.

 മോളെങ്ങനെ രണ്ടുമണിക്കൂർ ഇരുന്നു വരയ്ക്കും എന്ന് സുനന്ദയ്ക്ക് ആധിയുണ്ടായിരുന്നു. ആശുപത്രിയിൽ ആറുമാസത്തോളം കിടന്നപ്പോൾ സിസ്റ്റർമാരാണ് അവൾക്ക് പെയിന്റ് വാങ്ങിക്കൊടുത്ത് വരയ്ക്കാൻ നിർബ്ബന്ധിച്ചത്. പിന്നെ ഇഷ്ടപ്പെട്ട് വരയ്ക്കാൻ തുടങ്ങി. ഇപ്പോൾ അവൾ മിടുക്കിയാണെന്നാണ് പഠിപ്പിക്കുന്ന മാഷ് പറഞ്ഞത്.  

 അടുത്തകസേരയിലേയ്ക്ക് കാൽ നീട്ടി വെച്ച് നേരങ്ങ്ട് പോണില്ലല്ലാന്ന് തടിച്ചിയമ്മ അക്ഷമ പറഞ്ഞു. ബാഗിൽ നിന്ന് ഒരു നേന്ത്രപ്പഴമെടുത്ത് തിന്നു. വെള്ളം കുടിച്ച് പുറകോട്ട് ചാരി  ദീർഘ ശ്വാസമെടുത്തു. യൂണിഫോമിട്ട് തൊപ്പി വെച്ച രണ്ടുകുട്ടികൾ കസേരകൾ ഒരുക്കിക്കൊണ്ട് അമ്മമാർക്കിടയിലേയ്ക്ക് വന്നു. കൊച്ചു മിടുക്കി താഴെ നിന്ന് പഴത്തൊലിയെടുത്ത് നിക്ഷേപത്തൊട്ടിയിലിട്ടു.. കൂടെയുള്ള ഒരുവൻ ചെറിയ നോട്ടീസ് അമ്മമാർക്കെല്ലാം വിതരണം ചെയ്തു. സ്വച്ഛ ഭാരതം - അവനവനോടുള്ള  പത്തു ചോദ്യങ്ങൾ എന്നായിരുന്നു അതിന്റെ തലക്കെട്ട്. സുനന്ദ അത് വായിക്കുന്നതിനൊപ്പം ആ രണ്ടു കുട്ടികളെ ശ്രദ്ധിച്ചു. നല്ല മക്കൾ.. മോളുടെ അതേ പ്രായം.. സ്കൂൾ മുറ്റത്ത് അലസമായിട്ട കടലാസും കവറുകളും പെറുക്കി അവർ പൊയ്ക്കൊണ്ടിരുന്നു.

വന്ന് വന്ന് ഇതൊരു ശല്ല്യമായി. ഒരു സ്വച്ഛ ഭാരതം. കൊണ്ടു കളയാനൊരു സ്ഥലോമില്ലാണ്ടായി. എല്ലാടത്തും കേമറേം വെച്ചു. ഇനീപ്പോ വീട്ടീന്ന് സർക്കാര് വന്ന് കോണ്ടോവട്ടെ വേസ്റ്റൊക്കെ. 
പച്ച ചുരിദാറിട്ട അല്പം പ്രായമുള്ള  അമ്മയാണ് അത് പറഞ്ഞത്. പക്ഷേ കേട്ടവരിൽ പലർക്കും അതത്ര രസിച്ചില്ല. അല്പനേരം അതൊരു പിറുപിറു ചർച്ചയായി. 
അതിപ്പോ നമ്മടെ മാലിന്യങ്ങളൊക്കെ മറ്റൊള്ളോരെക്കൊണ്ടെടുപ്പിക്കുന്നത് പ്രതാപമായി കണ്ടിരുന്ന ആൾക്കാരുടെ കാലമൊക്കെ പോയി ചേച്ചി. അവരൊക്കെ ഇനി പൊതുശത്രൂന്റെ കൂട്ടത്തിലാ വരിക. നിറപ്പകിട്ടില്ലാത്ത നൈലോൺ സാരിയുടുത്ത അമ്മയുടെ പ്രതികരണത്തിൽ പച്ചചുരിദാറമ്മയുടെ മുഖം കുനിഞ്ഞു. കൂട്ടത്തിൽ ചിലർ കസേരകൾ നിരത്തിയതിന്റെ ഭംഗിയിലേയ്ക്കും സ്റ്റേജ് ഡക്കറേഷനിലെ കുറവുകളിലേയ്ക്കും പെട്ടെന്നൊരു കൂടുമാറ്റം നടത്തി.
ഹാളിലേക്ക് കാഴ്ചകിട്ടും വിധം സുനന്ദ കസേര അല്പം ചെരിച്ചിട്ട് മോൾ വരുന്നുണ്ടോ എന്ന് ഇടയ്ക്കിടെ നോക്കിക്കൊണ്ടിരുന്നു. അഞ്ചു ദിവസം ഇടവിട്ടാണെങ്കിലും, പിടിപ്പത് പണിയുണ്ടെങ്കിലും കുടുംബശ്രീയുടെ ഹരിതസേനയിലെ  പണിതന്നെയാണ് നല്ലത്. അന്നന്ന് കൂലി കിട്ടും. തൊഴിലുറപ്പിന്റെ കൂലിയ്ക്ക് ഇപ്പോൾ ഒരു ഉറപ്പുമില്ലാതായി. നാളെ കൂടെ കഴിഞ്ഞാൽ തന്റെ ബാച്ചു തുടങ്ങുമെന്നതാണ് സുനന്ദയുടെ ആശ്വാസം.. ആറു മണിക്ക് ജോലി തുടങ്ങും. നൂറിനടുത്ത് വീടുകൾ കയറിയിറങ്ങണം. ചിലർ തരം തിരിച്ച് വെച്ചിട്ടുണ്ടാകും, ഇല്ലെങ്കിൽ രണ്ടായി തരം തിരിച്ച് വണ്ടിയിൽ കയറ്റണം. പിന്നെയത് ഗ്രൗണ്ടിൽ കൊണ്ടുപോയി മാലിന്യമലയിലേയ്ക്ക് തട്ടണം. രണ്ടുമാലിന്യക്കൂമ്പാരമുണ്ടെങ്കിലും ഫലത്തിൽ ഒന്നു തന്നെ.  ഷൂവും ഗ്ലൗസുമുണ്ടെങ്കിലും മനം മടുപ്പിക്കുന്ന മണവും അറപ്പുണ്ടാക്കുന്ന കാഴ്ചകളും ഏത് വെള്ളത്തിൽ കുളിച്ചാലും എത്ര വാസന സോപ്പിട്ടാലും മനസ്സീന്ന് പോകില്ല. എന്നാലും കൃത്യം കൂലി ഒന്നു കൊണ്ട് മാത്രം അവരത് ഇഷ്ടപ്പെട്ടിരുന്നു.

കുട്ടികൾ ഇറങ്ങിത്തുടങ്ങി. ദാ മോള്.. സുനന്ദ ഒന്ന് ഓടി അവളുടെ അടുത്തെത്തി. കവറുകൾ വാങ്ങി, അവളെയെടുത്ത് ഒക്കത്തിരുത്തി. മറ്റുള്ളവർ നോക്കുന്നുണ്ട്. അവരാരും തങ്ങളുടെ മക്കളെ എടുക്കുന്നില്ലല്ലോ.  പലരും വണ്ടികളിൽ കടന്നു പോകുമ്പോൾ അവർ അല്പം വേഗം നടന്നു. കൈകാലുകളിൽ ശൽക്കങ്ങൾ പോലെ അടർന്നു നിൽക്കുന്ന വരണ്ട തൊലി സാരിയിൽ തടഞ്ഞ് വേദനിക്കാതിരിക്കാൻ കാലുകൾ നീട്ടിപ്പിടിക്കാനും കൈകൾ അമ്മയുടെ കഴുത്തിൽ കൂടുതൽ മുറുകാതിരിക്കാനും മോൾ വളരെ ശ്രദ്ധിച്ചു.
മോള്ക്ക് വരച്ചത് ഇഷ്ടായാ..
ഊം
എന്താർന്നു വിഷയം?
വൃത്തിയുള്ള വീടും ചുറ്റുപാടും ഞാനിമ്മടെ വീടും വേസ്റ്റ് ബോക്സും കമ്പോസ്റ്റ് തൊട്ടീം പച്ചക്കറിത്തോട്ടോം വരച്ചു. കെണറുവരച്ചില്ലമ്മേ.. അതിന് സമയണ്ടാവില്ല. അമ്മേടെ തക്കാളീം വഴുതനേം പടവലോം കായ്ച്ച് കെടക്ക്ണ് ണ്ട്.  ഒറ്റശ്വാസത്തിൽ അത് പറഞ്ഞ് സുനന്ദയുടെ കാതിൽ അവൾ ഒരു ഉമ്മ വെച്ചു.
അവർ ബസ്സിറങ്ങി  കുപ്പികളിൽ കവലയിലെ പൈപ്പീന്ന് വെള്ളം പിടിക്കുമ്പോൾ കൗൺസിലർ ജോർജ്കുട്ടി വന്നു.
ഇങ്ങനെ മഴപിടിച്ചാ വലിയ ചതിയാവൂലോ ലേ സുനന്ദേച്ചീ.
പെയ്താലും ഇല്ലെങ്കിലും ചതിക്ക്ണത് മഴയല്ലല്ല സാറേ..
ജോർജ്കുട്ടി സ്കൂട്ടറിൽ പറന്നു പോയി. സുനന്ദയും മകളും വെള്ളക്കുപ്പികൾ നിറച്ച ബാഗുമായി പൊക്കത്തിലുള്ള മതിലിനോട് ചേർന്ന് മൂന്നടിവഴിയിലൂടെ കുന്നിറങ്ങി.

  സ്കൂളീന്ന് മാഷാണ് രാവിലെ സുനന്ദയെ വിളിച്ചു പറഞ്ഞത് . ഫസ്റ്റാന്ന് പറഞ്ഞപ്പോൾ മോള് വലിയ ഗൗരവക്കാരിയായി.
 അമ്മേടെ കമ്പോസ്റ്റ് തൊട്ടീം പച്ചക്കറിത്തോട്ടോം കണ്ടാ ആരാ സമ്മാനം തരാണ്ടിരിയ്ക്ക്യാ..

സമ്മാനദാന സമയത്ത് മകൾ കൂപ്പുകൈകൊണ്ട് വിശിഷ്ടവ്യക്തിയുടെ ഹസ്തദാനം ഒഴിവാക്കിയപ്പോൾ സുനന്ദയുടെ മനസ്സൊന്നിടറി.   ബസ്സിറങ്ങി നടക്കുമ്പോൾ തോളിലിരുന്ന് അവൾ സമ്മാനക്കപ്പ് ഉയർത്തിപ്പിടിച്ചു. കവലയൊലെ പൈപ്പിൽ വെള്ളമെടുക്കാൻകുനിഞ്ഞപ്പോൾ ചായക്കടേന്ന് ഗോപാലേട്ടൻ വിളിച്ച് പറഞ്ഞു.
മോളെ ഇന്ന് വെള്ളം വന്നിട്ടില്ല. ഇനി രണ്ടീസം ഇണ്ടാവില്ല്യാത്രേ..
എന്നാ രണ്ട് പൊറോട്ടയും കടലക്കറീം താ ഗോപാലേട്ടാ.. സുനന്ദ കടയിൽ ക്കയറി.
സമ്മാനം വാങ്ങിയതിന് മോൾക്ക് പൊറോട്ടേം കടലക്കറീം മാത്രേള്ളോ..?
സുനന്ദ മറുപടി പറഞ്ഞില്ല. നാട്ടുകാർക്കെല്ലാം അറിയാം. പൈപ്പിൽ വെള്ളമില്ലെങ്കിൽ കുന്നിറക്കിലെ ഒരു വീട്ടിലും അടുപ്പു പുകയില്ലാന്ന്. എന്നിട്ടുമൊരു ചോദ്യം

ഒക്കത്ത് മോളും തോളിൽ കുപ്പികളുടെ ബാഗും കൈയിൽ ഭക്ഷണപ്പൊതിയുമായി കുന്നിറങ്ങുമ്പോൾ സുനന്ദയ്ക്ക് തന്റെതന്നെ ഭാരം കൂടുന്നതായും കാലുകൾ പൂഴിയിൽ താഴുന്നതായും തോന്നി. ഒരു അശ്വാസത്തിന് നടത്തം പതുക്കെയാക്കി.

ചെറുപ്പം മുതലേ എത്ര ഓടിക്കളിച്ച കുന്നും ഇറക്കുകളുമാണ്. ഈ കുന്നത്ത് കൂട്ടുകാരൊത്ത് കളിച്ച് മതിയായ ഏതെങ്കിലും ദിവസമുണ്ടായിരുന്നോ.. എല്ലാം കഴിയുമ്പോൾ അതിരില്ലാതെ കിടന്ന കുന്നിറങ്ങി മൾസരിച്ചോടിയിരുന്നതിതെന്തിനായിരുന്നു.  മധുരം തോന്നുന്ന തണുത്ത വെള്ളം കിണറ്റിൽ നിന്നും കോരിക്കുടിക്കാൻ.   അതിൽക്കുളിച്ച് കുളിരണിയാൻ..

ഇടയ്ക്ക്  സുനന്ദ കുന്നിനെ വരിഞ്ഞു കെട്ടിയ രണ്ടാൾപൊക്കം ഉയരമുള്ള മതിലിൽ ചാരി നിന്നു, പിന്നെ നടന്നു. പതിവുപോലെ കാക്കകൾ തലയ്ക്കു മീതെ തൊട്ടു തൊട്ടില്ലാന്ന് കരഞ്ഞു പറന്നു. തെങ്ങോലകളിലിരുന്നും പറന്നും വായടയ്ക്കാത്ത വഴക്കാളികളായി. താഴെ വഴിനീളെ പെരുച്ഛാഴി ചത്തതും കോഴിക്കുടലും പരന്നു കിടന്നു. പേടിയില്ലാത്ത കാക്കകൾ അവർ അടുത്തെത്തും വരെ അത് കൊത്തിവലിച്ചു.

മതിൽ മൂലതിരിഞ്ഞ് ഇടത്തോട്ട് നീണ്ടപ്പോൾ  വീടെത്തി. അവർ മോളെ ഇറയത്തിരുത്തി. കിണറ്റിൻ കരയിലേയ്ക്കോടി.    തൊട്ടി പലതവണ മുക്കി വലിച്ച് വെള്ളമെടുത്തു. ഒന്നേ നോക്കിയുള്ളൂ.. ആ കറുത്ത വെള്ളത്തിൽ അവരുടെ ഛായ പോലും കണ്ടില്ല. പിടിവിട്ട് കയറോടെ  തൊട്ടി താഴേയ്ക്ക് വീണു. കാൽ വഴുതി കിണറ്റിൻ കരയിൽ വീണ  സുനന്ദ കാൽ മുട്ടുകളിലിരുന്ന് മുകളിലേയ്ക്ക് നോക്കി. മതിൽക്കെട്ടിനകtthe കുന്നു വളർന്നുണ്ടായ മാലിന്യമലയാൽ മറഞ്ഞ് അവർക്ക് ആകാശം കാണാതായി. കാക്കകളും പരുന്തുകളും കഴുകുകളും ഒച്ചവെച്ച് വട്ടമിട്ട് പറന്ന് ബാക്കി ആകാശവും ഇല്ലാതാക്കി.

എങ്കിലും ഏതൊ ഒരു പക്ഷിയുടെ ചിറകിനിടയിലൂടെ കടന്നു വന്ന ഒരു തുണ്ടുവെളിച്ചം  ഇറയത്തെ സമ്മാനക്കപ്പിൽ തട്ടി ചിതറുന്നുണ്ടായിരുന്നു. മോളാകട്ടെ അപ്പോൾ ഭക്ഷണാവശിഷ്ടങ്ങൾ കമ്പോസ്റ്റിലിട്ട് അമ്മയുടെ പച്ചക്കറിത്തോട്ടത്തിൽ കായ്ച്ചുനിന്ന പടവലങ്ങളിൽ കവിളുരുമ്മി നടക്കുകയായിരുന്നു.Monday 3 February 2020

രാജാവിന്റെ റേഡിയോലോകയുദ്ധങ്ങൾ, വിപ്ലവങ്ങൾ, സമാധാനക്കരാറുകൾ, ചരിത്ര പുരുഷന്മാർ....

മോണിറ്ററിൽ നിന്ന് സ്കാൻ ചെയ്ത്  മെമ്മറിയിലേയ്ക്ക്  സേവ് ചെയ്തു കൊണ്ടിരുന്ന കുട്ടിയുടെ പാഠഭാഗങ്ങളിലേയ്ക്ക് വെറുതെ എത്തി നോക്കിയതായിരുന്നു . ചരിത്രം ചങ്കിടിപ്പു തന്നെ എന്ന് അനുഭവപ്പെട്ടുകൊണ്ടിരുന്നതിനാൽ കൂടുതൽ ശ്രദ്ധിച്ചു.   ക്ഷേമരാജ്യം എന്ന തലക്കെട്ടിനു ശേഷം വായിക്കുമ്പോൾ  സമോവറിനു താഴെ കനൽക്കട്ടയിലെ ചാരം തട്ടിക്കളയുന്ന ഒരു കിടുകിടുപ്പ് തലയ്ക്കകത്തുണ്ടായി. കൈ വെള്ള കൊണ്ട് തല അടച്ചുപിടിച്ചു.

വിവരണം ഇങ്ങനെ..

ഒരു ദിക്കു മാത്രം കരകൊണ്ട ആ രാജ്യത്തെ ജനത പക്ഷേ  ദ്വീപുവാസത്തിലായിരുന്നു. മുക്കാലും കടലെടുക്കപ്പെട്ട അവർക്ക് ബാക്കിയെല്ലാം രാജാവിന് സമർപ്പിക്കപ്പെടേണ്ടതായിരുന്നു.

ജനതയുടെ ക്ഷേമൈശ്വര്യങ്ങളിൽ അതീവ ശ്രദ്ധയുള്ള രാജാവ് , പേര്, വയസ്സ്, ജനന തീയ്യതി എന്നിവ സ്വന്തമെന്ന് ഉറപ്പുകൊടുക്കുമ്പോൾ പൗരൻ തിരിച്ചു കൊടുക്കേണ്ടത് അകമഴിഞ്ഞ രാജഭക്തി മാത്രമായിരുന്നു.

ഒരാളുടേയും ചിന്താമണ്ഠലത്തെ പ്രവർത്തിച്ച് പാഴാക്കാതിരിക്കാൻ ഭരണകൂടം സദാ ജാഗരൂകമായിരുന്നു. ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി പാഴായ ചിന്താ കേന്ദ്രങ്ങൾ എടുത്തു മാറ്റി അവിടെ ശൂന്യതയുണ്ടാക്കി.

നാട്ടിൽ വൃത്തിയും വെടിപ്പും എല്ലായ്പ്പോഴും ഉറപ്പു വരുത്തി.  ഉതിർ മണ്ണിൽ വീണ് മുളച്ച് വളർന്ന് കാടായി നാടില്ലാതാവുമെന്നതിനാൽ അറിയാതെ വാക്കിന്റെ ഒരു വിത്ത് പോലും താഴെ വീഴാതിരിക്കാൻ ജനതയെ മുറയ്ക്ക് ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. നാടിനു വേണ്ടി വാക്കിന്റെ പ്രഭവങ്ങളെ തുരന്ന് ഒഴുക്ക് മാറ്റി അഴുക്കുചാലിലെത്തിച്ചു.

രാജാവിനേക്കാൾ വലിയ ഹൃദയവിശാലതയുള്ളവരുടെ ഹൃദയം  മലർക്കെ തുറന്ന് പ്രകൃതിയിലെ ജൈവ വിഘടനത്തിന് ആക്കം കൂട്ടി.

രാജാവ് റേഡിയോവിൽ പറഞ്ഞു. കൂടെയുള്ളവർ ഏറ്റുപറഞ്ഞു. കേൾവിക്കാരുമുണ്ടായി.

ചരിത്രം തെളിവുകളാണ്.
ഒരോർമ്മയിൽ ഞാൻ തലയിൽ നിന്നെടുത്ത കൈ കൊണ്ട് തൊണ്ടയിൽ തടവി. കുരവള്ളിയുടെ ചൂടിൽ വരിവരിയായി അടയിരുന്ന വാക്കുകൾ ഒഴിഞ്ഞു പോയ വഴി..... !

ഈ സമയം പാഠങ്ങൾ പകർത്തിയ ശേഷം , കുട്ടി,  തന്റെ പ്രൊഫൈൽ എടുത്ത് ജീവിതാഭിലാഷം എന്നയിടത്ത്  റേഡിയോവിലേയ്ക്ക് തിരിച്ച് സന്ദേശമത്തിക്കൽ എന്ന് തിരുത്തി എഴുതി .

ഇതെന്റെ രാജ്യമെന്ന് ഹൃദയശൂന്യതയിലേയ്ക്ക് കൈവെയ്ക്കാതെ ഞാനവന് ഒരു സല്യൂട്ട് വെച്ചു.