Thursday 16 January 2020

സങ്കട തീവണ്ടി

സങ്കട തീവണ്ടി
കഥ : സമാന്തരൻ


 മലവെള്ളപ്പാച്ചിൽ പോലെ, കാടും മലയും വന്യമായി വകഞ്ഞ്, ആർത്തലച്ച് വരികയാണ് , ഒന്നല്ല.. ഒരായിരം..... പൊടിപടലങ്ങളുയർത്ത് , ശബ്ദം കൊണ്ട് അന്തരീക്ഷം പ്രകമ്പനം കൊള്ളിച്ച് .... ഉരുൾപൊട്ടിയാലെന്ന പോലെ എന്നിലേക്കത് ഒഴുകാൻ തുടങ്ങുകയാണ്.
എന്റെ വേഗത്തേക്കാൾ പതിന്മടങ്ങുണ്ട് ആ കാട്ടാനക്കൂട്ടത്തിന്റേത്. എന്നിലേക്കുള്ള ദൂരം കുറഞ്ഞുവരുന്നു... . പാളം തിങ്ങി, തുമ്പിയുയർത്തി, പ്രതികാരം ചിന്നം വിളിച്ചറിയിച്ച് പാഞ്ഞടുക്കുകയാണ്. ആയിരം ഇരട്ടക്കൊമ്പുകളിൽ ഇനി എന്റെ വേഗത നിലയ്ക്കും.


ഒരു നിമിഷം... ബ്രേക്ക് ലിവർ എമർജൻസിയിലേക്ക് തള്ളി. വണ്ടി നിന്നേ മതിയാകൂ എന്ന എന്റെ തീരുമാനത്തിന്റെ ഊർജ്ജം മുഴുവൻ തള്ളിയ ലിവറിൽ പകർന്ന് അതിൽ കമിഴ്ന്നു വീണു......


രണ്ട്...... മൂന്ന് നിമിഷങ്ങൾ.. നിന്ന വണ്ടിയിൽ നിന്ന് പുറത്തേക്ക് നോക്കാൻ അപ്പോഴായില്ല. പിന്നെ ഭയം തിങ്ങിയ മനസോടെ പതിയെ തലയുയർത്തി നോക്കി. ഇല്ല ... ഒന്നുമില്ല കാണാൻ .
കനത്ത ഇരുട്ടും നിശ്ശബ്ദതയും.
പിന്നെയും ചില നിമിഷങ്ങൾ .........
അതെ ഇരുട്ട് ........ ഇരുട്ട് മാത്രം. . . . ബെഡ്ഡിലിരുന്നു കൊണ്ടു തന്നെ കൈയെത്തിച്ച് ലൈറ്റിട്ടു.
വെളിച്ചം വീണിട്ടും ആർത്തലച്ചുള്ള ഉരുൾപൊട്ടിയൊഴുക്കു പോലെ വന്ന കാട്ടനക്കൂട്ടം ചുറ്റിലെവിടെയോ ഉണ്ടെന്നു തോന്നി. മടിയിൽ നിന്നും ആശമോളുടെ കാലെടുത്ത് ഉണർത്താതെ താഴെ വെച്ചു. ഇടതു വശത്ത് സുനന്ദ ചെരിഞ്ഞ് കിടന്ന് ഉറങ്ങുകയാണ്. രണ്ടു മണി കഴിഞ്ഞിരിക്കുന്നു.
ഇനി ഉറങ്ങാനാവില്ല. കട്ടിലിനറ്റത്തേക്ക് നിരങ്ങി നീങ്ങി ചുമരിൽ ചാരിയിരുന്നു. .
ഭക്ഷണം കഴിഞ്ഞ് മോളോടൊത്ത് സുനന്ദയുമായി വർത്തമാനം പറഞ്ഞു കൊണ്ടു കിടക്കവേ അവളുറങ്ങിപ്പോയിരുന്നു. ക്ഷീണവും മരുന്നിന്റെ കടുപ്പവും അവളെ കീഴ്പ്പെടുത്തി.
മൊബൈൽ ഫോണിൽ ട്രെയിൻ ഓടുന്നത് കണ്ടും പാട്ടു കേട്ടും വൈകിയാണ് മോളുറങ്ങിയത്. എനിക്കാണെങ്കിൽ ഉറങ്ങണമെന്നുണ്ടായിരുന്നില്ല. കുറ്റബോധമായിരുന്നു മനസ്സു നിറയെ. ഒറ്റക്കാവുമ്പോൾ തേരട്ടകളെ പോലെ അവ അരിച്ചിറങ്ങും. രാത്രിയാമങ്ങളിൽ യുദ്ധഭൂമിയാണ് മനസ്സ്. ഒരു വിജയം സാധ്യമല്ലാത്തിടത്ത് , ഒന്നുറങ്ങാനായി ഞാൻ പുലരും വരെ കഷ്ടപ്പെടും 
പാടുന്ന ഫോൺ മാറിലിട്ട് ആശമോളുറങ്ങി. ഞാൻ പിന്നെയെപ്പോൾ ഉറങ്ങിയെന്നറിയില്ല.
എന്നാൽ ഉണർന്നതിങ്ങനെയാണ്. . . . ഒരു രാത്രിയെ അനുഭവിച്ച് തീർക്കുന്നതിങ്ങനെയാണ് എന്നത് , തുടർന്നുള്ള ദിവസങ്ങളെ കുറിച്ചും ജോലി സംബന്ധമായ ഉത്തരവാദിത്വങ്ങളെ കുറിച്ചുമുള്ള ചിന്തകൾ , കൂടുതൽ അസ്വസ്ഥമാകാൻ കാരണമായി


രാത്രി ഡ്യൂട്ടിയുള്ളതിനാൽ ഉച്ചയുറക്കത്തിനായി തയ്യാറെടുക്കുമ്പോഴാണ് സുനന്ദ അടിവയറിൽ കൈ വെച്ച് കട്ടിലിൽ വന്നിരുന്ന് പറഞ്ഞത്..
“കഴിഞ്ഞ തവണ കോമ്പ്ലിക്കേറ്റഡായിരുന്നില്ലേന്നും , ഇത്തവണ വളരെ ശ്രദ്ധിക്കണംന്നും ഡോക്ടർ പറഞ്ഞത് ഗോപ്യേട്ടൻ മറന്നോ.. . നിനക്ക് കുഴപ്പമൊന്നുമില്ലല്ലോന്ന് ഇടക്ക് ചോദിച്ചാൽ എല്ലാം കഴിഞ്ഞൂന്നാ. . . .”
പരിഭവത്തിന്റെ മുനയുമായി അവൾ വരുമ്പോഴേ അറിയാം , എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന്.
“ ഇതിപ്പൊ എട്ടാം മാസം തുടക്കായില്ലേ. . .എന്നിട്ടും മോനിപ്പോ കളി ബഹളങ്ങൾ കുറച്ചൂന്നാ ഗോപ്യേട്ടാ തോന്നണത്. . .ന്നാലും അവൻ ചവിട്ടി ചവിട്ടി ദേ. . ഇവിടെ വല്ലാത്ത വേദനേം ണ്ട്.. . “
അപ്പോൾ അതാണ് കാര്യം.
“ഇത്രയൊക്കെ ഉണ്ടായിട്ടും ഇപ്പോഴാണോ പറയുന്നത് ? രാവിലെ ഞാൻ എത്തിയതല്ലേ. . .
അതു പോട്ടെ , നീ വേഗം തയ്യാറാവൂ,, ഡോക്ടറെ കണ്ടിട്ടു വരാം.”
“ഇതിന് ഡോക്ടറെ കാണുകയൊന്നും വേണ്ട. . . ഞാൻ പറഞ്ഞൂന്നേ ള്ളൂ . . . .”


സുനന്ദയെ സ്നേഹപൂർവ്വം നിർബന്ധിച്ച് റെഡിയാകാൻ പറഞ്ഞ് ഓട്ടോ വിളിക്കാൻ പുറത്തിറങ്ങി.
അവളങ്ങനെയാണ്. രാവിലെ മന:പൂർവ്വം പറയാതിരുന്നതായിരിക്കും. ജോലിക്ക് പോയി മൂന്നാമത്തെ ദിവസമാണ് ഞാൻ തിരിച്ചെത്തിയത്. അതും രാത്രി ജോലിക്ക് ശേഷം. രാത്രിതന്നെ പോകുകയും വേണം. കാപ്പി കുടിച്ച് ഇറങ്ങിയതാണ്. നാണ്വേട്ടന്റെ മകളുടെ കല്യാണം , റേഷൻ കട , ബേങ്കിൽ ഹൌസിങ് ലോണിന്റെ തവണയടക്കൽ.. . . . എല്ലാം കഴിഞ്ഞ് ഇപ്പോൾ സുനന്ദയോടൊപ്പം ഊണുകഴിച്ചതല്ലേയുള്ളൂ.. അവളുടെ കാര്യങ്ങൾ പറയാൻ എവിടെ നേരം.. . വർഷങ്ങളായി അവൾ എന്റെ ജോലിക്കനുസരിച്ച് പരുവപ്പെട്ടു കഴിഞ്ഞു. . . പലപ്പോഴും അതെന്നെ മടിയനാക്കായ്കയുമില്ല .പലതിൽനിന്നും ഞാനറിയാതെ തന്നെ വഴുതി പ്പോകുന്നുണ്ട്. അല്ലെങ്കിൽ ഇന്നവൾക്ക് പരിഭവിക്കേണ്ടിവരില്ലല്ലോ . . .


ഓട്ടോയിലിരുന്ന് വല്ലാതെ കുലുങ്ങിയപ്പോൾ അവളെന്നോട് കൂടുതൽ ചേർന്നിരുന്നു. “തിരക്കടിച്ച് ഇപ്പോൾ പോരണ്ടായിരുന്നു. ഇന്നത്തെ ഉറക്കം കളഞ്ഞില്ലേ.. .രാത്രി വണ്ടിയോടിക്കാനും പോകണം. ഇതാ പറഞ്ഞത് അവനവനെ പറ്റി ഒരു ചിന്തയുമില്ലാന്ന്. . . .”
“ ഇന്നു രാത്രി പോയാൽ എന്നാണ് വരാൻ കഴിയുകാന്നറിയില്ല. അതിനിടയിൽ നിനക്കെന്തെങ്കിലുമായാൽ. . . .കല്യാണത്തിരക്കായതിനാൽ നാണ്വേട്ടന്റെ വീട്ടുകാരെ പ്രതീക്ഷിക്കാനുമാവില്ല . ഒരു സഹായത്തിന് പിന്നെ ആരെയാകിട്ടുക ? ഞാനുള്ളപ്പോൾ ചെയ്യാലോ..”
സുനന്ദ തോളിലേക്ക് തല ചായ്ച്ച് കിടന്നു.


“ഇപ്പോൾ കാര്യമായ പ്രശ്നമൊന്നുമില്ല . എന്നാൽ ശ്രദ്ധിക്കണം. ഇനിയും വേദന വരികയാണെങ്കിൽ ഉടനെ കൊണ്ടു വരണം” വിശദ പരിശോധനക്കു ശേഷം ഡോക്ടർ ഇത്രയും പറഞ്ഞപ്പോഴാണ് ആശ്വാസമായത്.


രാത്രി പത്തരയ്ക്ക് , വീട്ടിൽ നിന്നിറങ്ങുമ്പോൾ പടി വരെ വരാറുള്ള സുനന്ദയെ ഞാൻ വിലക്കി. “ നീയിനി അത്രയും നടക്കണ്ട.... വാതിലടച്ചോളൂ . . . ഫോൺ ചാർജു ചെയ്തു വെക്കാൻ മറക്കേണ്ട.”
നെറുകയിൽ ചുംബിച്ച് മുഖം തിരിക്കുമ്പോൾ കണ്ട നിറ കണ്ണുകൾ മനസ്സിൽ തറഞ്ഞു നിന്നു.ട്രെയിനോടിച്ചു കൊണ്ടിരിക്കുമ്പോൾ പോലും ആ കണ്ണുകളെ ഓർമ്മയിൽ നിന്ന് അകറ്റാൻ കഴിഞ്ഞില്ല. കൂടെയുണ്ടായിട്ടും കൂടെയില്ലെന്നനുഭവിക്കേണ്ടവർ . . രാത്രിയോ പകലോ അവധികളോ ആഘോഷ ദിവസങ്ങളോ വ്യത്യാസമില്ലാതെ മണിക്കൂറുകളുടെ കണക്കിൽ ജീവിക്കുക. ജോലി അങ്ങനെയാകുമ്പോൾ വ്യക്തി-കുടുംബജീവിതങ്ങൾ അതിനൊപ്പമാവുകയേ തരമുള്ളൂ. എന്നാൽ ഞാൻ ആശ്വസിച്ചത് സുനന്ദയിലൂടെയാണ്. അവളെല്ലാം അറിയുന്നു , ക്ഷമിക്കുന്നു , സഹിക്കുന്നു , കൂടെ സന്തോഷിക്കുന്നു . തൊണ്ണൂറ്റിയാറു മണിക്കൂർ കഴിഞ്ഞ് വീട്ടിലെത്തിയാൽ കിട്ടുന്ന പതിനാറു മണിക്കൂറിൽ അവൾ എന്റെ കുളി മുതൽ വിശ്രമം വരെയുള്ള കാര്യങ്ങളുടെ മേൽനോട്ടം ഏറ്റെടുക്കുകയായി. ഈ രീതികൽക്കടിമപ്പെട്ടേ മതിയാകൂ എന്നാകുമ്പോൾ ഒരു ഗുഡ്സ് ലോക്കോ പൈലറ്റിന്റെ ജീവിതം യാന്ത്രികവും വികാര രഹിതവും ആകാതിരിക്കുമോ . .


കിതച്ചോടിയും , നിന്നും , നിരങ്ങിയും , എക്സ്പ്രസ്സ് വണ്ടികളെ കടത്തിവിട്ടും രാത്രി നിമിഷങ്ങളെ പൊന്നാക്കിയെടുത്ത് അടുത്ത ക്രൂ ഡെപ്പോയിലെത്തിയപ്പോൾ രാവിലെ ഒൻപതു മണി. സൈൻ ഓഫ് ചെയ്ത് ആദ്യം സുനന്ദയെ വിളിച്ചു. പ്രശ്നങ്ങളൊന്നുമില്ല . സമാധാനമായി.
എട്ടു മണിക്കൂർ നേരമുള്ള വിശ്രമശേഷം ഇവിടെ നിന്നു ലഭിക്കുന്ന ട്രെയിൻ എങ്ങോട്ടുള്ളതായിരിക്കുമെന്ന ചിന്ത ഇപ്പോഴേ അലട്ടാൻ തുടങ്ങി. ഹെഡ്ക്വർടെറിലേക്കല്ലാതെ വേറെ ക്രൂ ഡെപ്പോയിലേക്കാണെങ്കിൽ സുനന്ദയുടെ അടുത്തെത്താൻ പിന്നെയും ഒരു ദിവസം വൈകും. എത്രയും പെട്ടെന്ന് വീട്ടിലെത്തുകയാണാവശ്യം.. അതിന് ഒരു ഉറപ്പുമില്ല. റെസ്റ്റ് ക്ലിയറാകുമ്പോൾ കിട്ടുന്ന വണ്ടിയെ കുറിച്ചോർത്ത് കിടന്ന് ഉറങ്ങിപ്പോയി.
വൈകീട്ട് നാലു കഴിഞ്ഞു ഉണരുമ്പോൾ. സുനന്ദ സുഖമായിരിക്കുന്നു. രാത്രിയാണ് എനിക്ക് ട്രെയിൻ ഓർഡർ വരുന്നത്. ആഗ്രഹം പോലെ ഹെഡ്ക്വാർടറിലേക്ക്. മല കയറുന്നവന്റെ മുതുകിലെ ഭാരം അലിഞ്ഞു പോയാലുള്ള ആശ്വാസമാണ് അപ്പോൾ തോന്നിയത്.
ഹെഡ്ക്വാർടറിലെത്തി നാലു നാളേക്ക് ലീവിന് അപേക്ഷിക്കണം. സാമ്പത്തിക വർഷാവസാനമായതിനാൽ ചരക്കു വണ്ടികൾ കൂടുതലോടുന്നുണ്ട്. പൈലറ്റുമാരുടെ എണ്ണം പരിമിതവും.സുനന്ദയെ ചെക്കപ്പിനു കൊണ്ടുപോകാൻ ഈ മാസമാദ്യം ലീവെടുത്തതും ഇനിയൊരു ലീവിന് അനുമതി കിട്ടാതിരിക്കാൻ കാരണമാകും. ക്രൂ കൺ ട്രോളറെ നേരിട്ട് കണ്ട് ചോദിക്കാം.. സുനന്ദയുടെ കാര്യം പറഞ്ഞ് ഇരന്ന് നോക്കണം..
ട്രെയിൻ ചാർജെടുക്കും മുൻപേ വിളിക്കണമെന്നുകരുതിയിരിക്കേ സുനന്ദയുടെ ഫോൺ വന്നു. ഭയപ്പാടോടെയാണ് ഫോൺ അറ്റെൻഡ് ചെയ്തത്. വണ്ടി എങ്ങോട്ടെന്നാണ് ചോദിച്ചു. നാളെ കാലത്ത് വീട്ടിലെത്തുമെന്നറിഞ്ഞപ്പോഴുള്ള അവളുടെ സന്തോഷം തുടർ സംസാരത്തിൽ തെളിഞ്ഞിരുന്നു.


രാത്രി രണ്ടുമണി കഴിഞ്ഞു. നഗരങ്ങൾക്ക് നെടുകെയും കുറുകെയും അരികു പറ്റിയും പാളങ്ങളിൽ താളമിട്ട് വണ്ടിയൊഴുകി. സമ്പന്നന്റെ മാളികകളിലും ദരിദ്രന്റെ കൂരകളിലും ഒരു പോലെ വരവറിയിച്ച് അവരുടെ രാത്രികൾക്കുള്ള പതിവ് അലങ്കാരമായി ചൂളം വിളിച്ച് കടകട. . . . .കടകട.... പാടി . . . . .
മിക്ക വീടുകളും പുറത്തെ വെളിച്ചത്തിൽ തെളിഞ്ഞ പൊതിഞ്ഞ പെട്ടകങ്ങളായിരുന്നു. ചിലതിൽ മാത്രം ഒരു മുറിയിൽ വെളിച്ചമുണ്ടായിരുന്നു. അവിടെ ഭർത്താവ് ക്ഷീണിതയായ ഭാര്യയെ പരിചരിക്കുകയായിരിക്കുമോ... . . .ഇഴയകലമില്ലാത്ത ബന്ധങ്ങൾ അങ്ങനെ പലതുമായി പരസ്പരം അനശ്വരതയിലേക്ക് ഉയരുന്നുണ്ടാകും.
നിലാവു വിളഞ്ഞ മാന്തോപ്പുകളും ജലച്ചായാ ചിത്രം പോലുള്ള കുടിലുകളുടെ നിരകളും പിന്തള്ളി , ഗ്രാമാന്തരീക്ഷം അകന്നു പോയി.. വളഞ്ഞു പുളഞ്ഞും കയറിയിറങ്ങിയും പാളം ഇനി കാടു കയറുകയാണ്. എന്തു തടസ്സവും സംഭവിക്കാമെന്നതിനാൽ അതീവ ജാഗ്രത വേണമെന്നത് തന്നെയുമല്ല , കുത്തനെയുള്ള കയറ്റിറക്കങ്ങളിലും വളവുകളിലും വണ്ടി നിയന്ത്രണ വിധേയമായി കൊണ്ടു പോകാൻ ഏറെ പാടുപെടണം.
രണ്ടാമത്തെ കയറ്റം കഴിഞ്ഞു. ഇനി ഇറക്കമാണ്. എഴുപതിൽ ഒന്ന് എന്ന കണക്കിലുള്ള ഇറക്കം. പരിചയ സമ്പത്ത് കൊണ്ടുമാത്രമേ ഇവിടെ നന്നായി വണ്ടിയോടിക്കാൻ കഴിയൂ. . ഇറക്കത്തിന്റെ പകുതിയിൽ ഇടത്തോട്ട് ഒരു വളവ്. അസിസ്റ്റ്ന്റ് ലോക്കോ പൈലറ്റ് ഹോൺ അടിച്ചു കൊണ്ടേയിരുന്നു. വളവ് കഴിഞ്ഞ് നിവർന്ന പാളത്തിലേക്കുള്ള ഹെഡ് ലൈറ്റ് വെളിച്ചത്തിൽ കണ്ട കാഴ്ച നടുക്കുന്നതായിരുന്നു. അമ്മയുടെ മുൻ കാലുകളോടു ചേർന്ന് നടക്കുന്ന കുട്ടിയാന. രണ്ടും പാളത്തിലൂടെ മുന്നോട്ട് നടക്കുകയാണ് . ഹോണടിച്ചിട്ടും മാറാനൊരുക്കമില്ല. അമ്മക്കൊപ്പം കുട്ടിയും വേഗം കൂട്ടി. ട്രെയിൻ നിയന്ത്രിക്കേണ്ട കാര്യം വല്ലാത്ത ബുദ്ധിമുട്ടാണ്. ഇടിച്ചാൽ ട്രെയിൻ പാളത്തിൽ നിന്നിറങ്ങാൻ സാധ്യതയുണ്ട്.. പിന്നെ ഞങ്ങൾ ജീവനോടെ ഉണ്ടാവുകയുമില്ല. ബ്രേക്ക് ചെയ്ത് വെച്ചിട്ടും ഭാരം കൊണ്ടും ഇറക്കം കൊണ്ടും അത് ഓടിക്കൊണ്ടേയിരുന്നു . ആനകൾ പിന്നെയും ഓടിയെങ്കിലും ട്രെയിനുമായുള്ള ദൂരം കുറഞ്ഞു വന്നു.  വണ്ടി വളരെയടുത്തെത്തിയപ്പോഴാണ് വലത്തോട്ട് പാളത്തിന് പുറത്തുകടന്നത്. പക്ഷേ സെക്കന്റുകൾ വ്യത്യാസത്തിൽ കുട്ടിയാന പാളം മുറിച്ചു കടക്കും മുൻപേ . . . . . . . .


ബ്രേക്ക് ചെയ്ത് വെച്ച വണ്ടി വേഗത കുറഞ്ഞെങ്കിലും ഇറക്കം അവസാനിക്കാനായപ്പോഴാണ് നിന്നത്. പുറത്തിറങ്ങാൻ ഭയമായി. ഒറ്റക്കോ കാട്ടാനക്കൂട്ടമായോ ആ പിടിയാന വന്നിരിക്കുമോ. . . ഇറങ്ങി നോക്കാതെ യാത്ര തുടരാനും കഴിയില്ല. പത്തു മിനിട്ടോളം അങ്ങനെയിരുന്നു. സമയം നാലുമണിയായി. ഡോർ തുറന്ന് വെളിയിലേക്ക് നോക്കി. വനാതിർത്തിയായതിനാൽ പുലർവെട്ടം വീഴുന്നുണ്ട്. പുറത്തിറങ്ങി. ലോക്കോയുടെ കേറ്റിൽ ഗാർഡ് ഉള്ളിലേക്ക് വളഞ്ഞിരിക്കുന്നു. കുട്ടിയാനയുടെ ശരീര ഭാഗങ്ങൾ ഒരു വീലിലെ ബ്രേക്ക് റിഗ്ഗിങ്ങിൽ ചുറ്റിപ്പിടിച്ച് കിടക്കുന്നു. ബ്രേക്ക് റിഗ്ഗ് ഒടിഞ്ഞ് തൂങ്ങിക്കിടക്കുകയാണ്. ചില ഭാഗങ്ങൾ വീലിൽ കുരുങ്ങിയിരിക്കുന്നുണ്ട്. എല്ലാം ശരിയാക്കാൻ അസ്സിസ്റ്റന്റിനേയും ചേർത്ത് നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചില്ല. ഇനിയിപ്പോ വണ്ടിയോടിക്കാനും കഴിയില്ല. കൺട്രോളറെ വിവരമറിയിക്കണം, ലോക്കോ മെക്കാനിക്കൽ സ്റ്റാഫ് വരണം എല്ലാം ശരിയായിട്ടു വേണം യാത്ര . . . . ഫോൺ ഓൺ ചെയ്തു.  ഡയൽ ചെയ്യും മുൻപേ കണ്ടു , പതിനെട്ട് മിസ്ഡ് കോൾ അലർട്ടുകൾ.... സുനന്ദ വിളിച്ചിരുന്നു.. കൺ ട്രോളറോട് സ്റ്റാഫിനെ ആവശ്യപ്പെട്ട ശേഷം സുനന്ദയെ വിളിച്ചു.
വളരെ ക്ഷീണിത ശബ്ദം . . . “ തീരെ വയ്യ ഗോപ്യേട്ടാ . . .വന്നാ ഉടനെ ആശുപത്രിയിൽ പോകണം... നല്ല വേദനയുണ്ട്.. " അവളോടെന്തുപറയും. ... .ഒരു ഗദ്ഗദം തല്ലി വന്നു. എത്രയും പെട്ടെന്ന് വരാമെന്ന് പറയും മുൻപേ അവൾ കട്ട് ചെയ്തു.
വല്ലാത്തൊരു പരീക്ഷണമാണല്ലോ... രണ്ടോ മൂന്നോ മണിക്കൂറെടുക്കാതെ ഇവിടെ നിന്നും പോകാനാവില്ല. എങ്ങനെയും വീട്ടിലെത്തുമ്പോൾ പതിനൊന്ന് മണിയാകും. മറ്റൊരു ലോക്കോ പൈലറ്റിന് ഇങ്ങോട്ടെത്താനാവില്ല. വന്നാൽ തന്നെ എനിക്ക് തിരിച്ച് പോകാൻ വേറെ വണ്ടിയുമില്ല. പതിനഞ്ചു കിലോമീറ്റർ പോയാലേ ബസ്സു കിട്ടുന്ന സ്ഥലമാകൂ.
ക്രൂ കൺട്രോളറെ വിളിച്ച് കാര്യം പറഞ്ഞു. മെക്കാനിക്കൽ സ്റ്റാഫിന്റെ കൂടെ ഒരു പൈലറ്റിനെ അയക്കാമെന്ന ഉറപ്പും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അടുത്ത സ്റ്റേഷനിൽ നിന്നും നേരിട്ട് വീട്ടിൽ പോകാനുള്ള അനുമതിയും കിട്ടി. ഡ്യൂട്ടിയാകാത്ത പൈലറ്റുമാരാരെല്ലാമെന്ന് ചോദിച്ചറിഞ്ഞ് അടുപ്പമുള്ള രണ്ടു പേരെ വിളിച്ച് കാര്യം പറഞ്ഞു. കഴിയാവുന്നതെല്ലാം അവർ ചെയ്യും .
സുനന്ദയെ വിളിച്ചു.” അനന്തേട്ടനോ രാമകൃഷ്ണനോ വരും . അവരുടെ കൂടെ ആശുപത്രിയിൽ പോകണം . ഞാനുടനെ എത്തും . “
“ വേഗം വരണേ ഗോപ്യേട്ടാ. . . .” ഫോൺ അവൾ തന്നെ കട്ട് ചെയ്തു.
മൂന്ന് മണിക്കൂർ എങ്ങനെ കഴിഞ്ഞൂന്നറിയില്ല. സമയനഷ്ടം ഏറെയില്ലാതെ തന്നെ വണ്ടി യാത്രക്ക് തയ്യാറായി. അടുത്ത സ് റ്റേഷനിലിറങ്ങി. ആശുപത്രിയിലേക്ക് വരണമെന്ന് അനന്തേട്ടൻ വിളിച്ച് പറഞ്ഞിരുന്നു. സുനന്ദക്ക് എന്തു പറ്റിയോ ആവോ. . . ആശമോൾ എവിടെയാകും.... . . . . ബസ് കയറി ആശുപത്രിയിലെത്തുമ്പോൾ സമയം പന്ത്രണ്ടോടടുത്തു. ആശുപത്രി മുറ്റത്ത് അനന്തേട്ടനും മറ്റ് രണ്ട് പൈലറ്റുമാരുമുണ്ടായിരുന്നു. കാലുകൾ കൂട്ടിയിടിച്ചു.. . . .നടക്കാനാവാത്ത പോലെ. . . . . തൊണ്ട വരണ്ടു പോയി.. അനന്തേട്ടൻ വന്ന് എന്നെ പിടിച്ചു. “സമാധാനിക്ക് ഗോപീ.. . . . വിഷമിക്കാനായിട്ട് ഒന്നും പറ്റീട്ടില്ല. സുനന്ദയെ കുറച്ചു കഴിഞ്ഞു കാണാമെന്നാ ഡോക്ടർ പറഞ്ഞത്. എല്ലാം നമ്മൾ വിചരിച്ച പോലെ ആവില്ലല്ലോ. . . ഗോപ്യേ . ,. നമ്മൾ പഠിച്ചവർ സ്വയം കാര്യങ്ങൾ മനസ്സിലാക്കണം.. . . .
ഇയാളെന്നെ തീ തീറ്റിക്കുകയാണ് . “ ഒന്ന് പറഞ്ഞ് തൊലയ്ക്കെന്റെ അനന്തേട്ടാ... . താങ്ങാൻ പറ്റ് ണില്ല എനിക്ക് ”
“നിന്റെ വണ്ടിയിൽ ആനയിടിച്ചൂന്നും ഇവൾക്ക് ദെണ്ണംണ്ട്ന്നും കേട്ടപ്പോ ഞാനുറപ്പിച്ചതാ... .. എന്തെങ്കിലും നടക്കൂന്ന്.. ഇതിപ്പോ നിന്റേത് അത്ര മോശം സമയല്ലാന്ന് കരുതാ... . . . അല്ലെങ്കീ ഇവളെയെങ്കിലും ജീവനോടെ കിട്ടുമായിരുന്നോ. . . . നീ വിഷമിക്കേണ്ടാ. കുറച്ച് കഴിഞ്ഞാ അവളെ ഐസീയുവിൽ പോയി കാണാന്ന് ഡോക്ടർ പറഞ്ഞല്ലോ. ."
ഇപ്പോൾ ചിത്രങ്ങളെല്ലാം ഒരു വിധം  തെളിഞ്ഞു..


ഡോക്ടറെ കയറി കണ്ടു. “ ഇവിടെയെത്തുമ്പോൾ കുഞ്ഞിന് ബ്രീത്തിംഗും മൂവ്മെന്റ്സും ഇല്ലായിരുന്നു. അമ്മയുടെ സ്ഥിതി വളരെ മോശമായതിനാൽ സിസേറിയന്‍ വേണ്ടിവന്നു .. ആൺകുഞ്ഞായിരുന്നു. ഈ പേപ്പറുകളിൽ ഒപ്പിട്ട് ബോഡി റിസീവ് ചെയ്തോളൂ. “ .
“കുറച്ചുകൂടെ നേരത്തെ എത്തിച്ചിരുന്നെങ്കിൽ....”
പേപ്പറുകളിൽ ഒപ്പിടുമ്പോൾ ഡോക്ടറെന്തെങ്കിലും പറഞ്ഞോ...?
ഗ്ലാസ്സിലൂടെ ഐസിയൂവികത്തേക്ക് നോക്കി. . . .അവൾ മയങ്ങുകയാണ്. അവൾ പറഞ്ഞ പോലെത്തന്നെ ഒരു കുഞ്ഞുമോൻ കൈകാലിട്ടടിക്കാൻ അവളുടെ അരികിലില്ലെന്നറിഞ്ഞിട്ടാണോ ഈ മയക്കം. . . 


ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയ ശേഷം പലതും പറയുന്നതിനിടെ സുനന്ദ പറഞ്ഞു. “ ഗോപ്യേട്ടൻ വണ്ടികയറും മുൻപേ ഞാൻ വിളിച്ചത് വേദന കൂടിയപ്പോഴാണ് . അത് പറഞ്ഞ് ഡ്യൂട്ടിക്കിടയിൽ ഒരു പ്രശ്നമാവേണ്ടാന്ന് കരുതി. വന്നിട്ട് ആശുപത്രിയിൽ പോകാലോന്നായിരുന്നു കണക്കു കൂട്ടൽ. എല്ലാം തെറ്റിപ്പോയി ഗോപ്യേട്ടാ. . . വിരോധം തോന്നുന്നുണ്ടാവും ല്ലേ . . . ക്ഷമിക്കില്ലേ എന്നോട്... .. .? ബെഡ്ഡിലിരുന്ന എന്റെ കൈകളിൽ അവളുടെ ബലമില്ലാത്ത തണുത്ത കൈകൾ അമർന്നു. കണ്ണുകൾ നിറഞ്ഞൊഴുകി.
ആര് ആരോടാണ് ക്ഷമ ചോദിക്കേണ്ടത്... . . . .അവളുടെ വേദന പതിന്മടങ്ങ് ശക്തിയിൽ എന്നെ ചൂഴുകയായിരുന്നു.ഇപ്പോഴവൾ ഉറങ്ങുകയാണ്. ഒരു പരാജിതനായ ഭർത്താവ് കാവലിരിക്കുന്നു,  ഇക്കാലമത്രയും തന്റെ ദുർബലമായ കാവലിന്റെ പുറം ചട്ട ഭേദിച്ച് നഷ്ടപ്പെട്ട സമാധാനവും സന്തോഷവും സ്നേഹവും ജീവിതം തന്നെയും എങ്ങനെ തിരിച്ചെടുക്കാമെന്നറിയാതെ..
സ്വയം പുച്ഛം തോന്നി.
ലൈറ്റണച്ച് സുനന്ദക്കും മക്കൾക്കുമിടയിൽ  കിടന്നു. കുറ്റബോധത്തിന്റെ തേരട്ടകൾ അരിച്ചിറങ്ങുകയായി... അവ ഇനി ആനക്കൂട്ടമായി വളരും . . . . .

Monday 13 January 2020

അകം പുറം

അകം പുറം

കഥ/ ദേവദാസ് സമാന്തരൻ

                        ഇ.വി.എസ്സ് പഠിപ്പിക്കുന്ന മോളിമാഡമായിരുന്നു, ഇതുവരെ ആദിത്യന്റെ  ഫേവറിറ്റ് ടീച്ചർ.  എന്തു പഠിപ്പിച്ചാലും നോട്ടെഴുത്തിനൊപ്പം പടം വരപ്പുണ്ടാകും.ബട്ടർ ഫ്ലൈ മുതൽ കംഗാരു വരെ, കാരറ്റ് മുതൽ ജാക് ഫ്രൂട്ട് വരെ എന്തൊക്കെയാ വരക്കുക.കംപ്ലീറ്റ് ദ് നോട്ട്സ് എന്നു റിമാർക്ക് എഴുതിയാലും ചിത്രത്തിന് എ പ്ലസ് കിട്ടും. പക്ഷേ കുറച്ചു നാളായി മാഡം  അത്ര ശരിയല്ല. ആദിത്യന് ഇപ്പോൾ പൂച്ചകളെ മാത്രം വരയ്ക്കാനാണിഷ്ടം. മാഡത്തിനങ്ങനെയല്ല.  മാത്‌സ് മാഡം രണ്ടാഴ്ചയായി അഡിഷനും സബ്ട്രാക്ഷനും പഠിപ്പിക്കുന്നു. എത്രയെത്ര പൂച്ചകളെയാ ആദിത്യൻ വരച്ചത്. അതാണവൻ പറയുന്നത്, മാത് സ് മാഡം ഈസ് ഗ്രേറ്റ്.  കഴിഞ്ഞ ക്ലാസ്സിൽ അവനെകൊണ്ടാണ് ബോർഡിൽ പൂച്ചകളെ വരപ്പിച്ചത്. രണ്ടും മൂന്നും അഞ്ച്, ആകെ പത്ത് പൂച്ചകൾ .ഇത്തവണ ആദിത്യൻ പൂച്ചകൾക്ക് ഒരു മാറ്റം വരുത്തിയിരുന്നു .രണ്ടു ചെവികൾക്കിടയിൽ ഒരു ഹെയർ ബാന്റ്

    മൂന്നു നാൾ മുൻപ് അവളെ കണ്ടുതുടങ്ങിയ ശേഷമാണ് പൂച്ചയുടെ ചിത്രത്തിൽ ഹെയർ ബാന്റ് കെട്ടാൻ തുടങ്ങിയത്. റിയാ ആന്റി മീൻ മുറിയ്ക്കുമ്പോൾ മണം പിടിച്ചു വരുന്ന പൂച്ചയെയായിരുന്നു, ഇത്രനാളും വരച്ചിരുന്നത്. കത്തികൊണ്ട് തട്ടി മാറ്റിയപ്പോൾ മൂക്കു മുറിഞ്ഞശേഷം അവൻ വരാതായി. എന്നാലും എല്ലാ ക്ലാസ്സ് ഡേയ്സിലും കാണുന്ന ഒരാളെ വരയ്ക്കുന്നതിൽ ആദിത്യൻ വളരെ  സന്തോഷിച്ചു.  കൂടുതൽ സമയമെടുത്ത് അവളുടെ മൂക്കും ചുണ്ടും കൂടുതൽ ഭംഗിയുള്ളതാക്കി.
 ബസ്സിലെ പരാക്രമങ്ങൾക്കിടയിൽ അഴിഞ്ഞ ഷൂ ലേസ് സ്കൂൾ കാർപോർച്ചിലെ പടിയിലിരുന്ന് കെട്ടുമ്പോഴാണ് ആദ്യമായി അവളെ കാണുന്നത്.ചെടിച്ചട്ടിയോട് ചേർന്ന് നിൽക്കുന്നു, രണ്ടു തിളങ്ങുന്ന കണ്ണുകളോടെ. വെള്ളയിൽ കറുത്ത പുള്ളികൾ. ലേസ് കെട്ടി പോരുന്നതു വരേയും തന്നെ തന്നെയല്ലേ അവൾ നോക്കിയിരുന്നതെന്ന് ക്ലാസ്സിലിരുന്ന് ഒട്ടൊരു സന്തോഷത്തോടെ  ആദിത്യനോർത്തു. ഷോർട്ട് ബ്രേക്കിന് ഓടിവന്ന് ജനലിലൂടെ താഴേയ്ക്ക് നോക്കി. പോർച്ചിന്റെ ടെറസ് മാത്രമേ കണ്ടൂള്ളൂ. അവളിപ്പോൾ എവിടെയായിരിക്കും ?
 ഉച്ചഭക്ഷണത്തിനു ശേഷം ഒന്നു കറങ്ങാൻ തന്നെ ആദിത്യൻ തീരുമാനിച്ചു. ചെടിച്ചട്ടികൾക്കിടയിലില്ല. വരാന്തയിലെവിടെയുമില്ല.  അതാ വരുന്നു.. നിരനിരയായി നിർത്തിയിട്ട ബസ്സുകൾക്കിടയിൽനിന്ന്.
വരട്ടെ…. വരട്ടെ… ആദിത്യൻ ആകാംക്ഷയോടെ കാത്തുനിന്നു. പക്ഷേ  ചുമരിനോട് ചേർന്ന് സ്കൂളിന്റെ പുറകിലേയ്ക്കാണവൾ പോയത്. സെക്യൂരിറ്റി അങ്കിളിന്റെ നോട്ടം കാരണം അവൾക്കു പിന്നാലെ പോകാനും പറ്റിയില്ല.
         രണ്ടു ദിവസത്തെ അവധി കഴിയുന്നു. വൈകീട്ട് പഠിക്കാൻ പുസ്തകമെടുത്തപ്പോൾ  അവളെക്കുറിച്ചോർത്തു. അതിനിടയിൽ വഴക്കിനും മുറുമുറുപ്പിനും  ശേഷം ആദിത്യനുവേണ്ടി മമ്മ തന്നെ മുഴുവൻ പഠിച്ചു തീർത്ത് അവനെ ഉറങ്ങാൻ വിട്ടു.
“കണ്ണടച്ച് കിടന്ന് ഉറങ്ങിക്കോളണം, രാവിലെ കുത്തിപ്പൊക്കാൻ ഞാൻ വരില്ല.”
അമ്മയുടെ നുള്ളിനെപ്പേടിച്ച് കണ്ണടച്ച് ഉറങ്ങാറുണ്ടെങ്കിലും  ഇന്ന് അടച്ച കണ്ണുകൾക്കുള്ളിൽ മറ്റു രണ്ടുകണ്ണുകൾ തിളങ്ങിനിന്നു. പതിവില്ലാതെ, എളുപ്പം നേരം വെളുക്കണേ എന്നു പറഞ്ഞു പറഞ്ഞ് ഉറങ്ങിപ്പോയി.

രാവിലെ നേരത്തേ തന്നെ ആദിത്യൻ റെഡി. എല്ലാ കാര്യങ്ങളും  തിരക്കിട്ടാണ് ചെയ്തു തീർത്തത്. ഭക്ഷണം കഴിച്ചുവെന്ന് വരുത്തി. ബസ്സിൽ അച്ചടക്കമുള്ള കുട്ടിയായായി ഇരുന്നു. ബസ്സിൽ നിന്ന് ക്ലാസ്സിലേയ്ക്കുള്ള വരിയിൽ നിന്ന് ഒന്ന് തെന്നി  ചുമരിന് ഓരംചേർന്ന്  പുറകിലേയ്ക്ക് അവൻ നടന്നു. സ്റ്റാഫ് ടൂവീലർ പാർക്കിങ്ങിലും എൻ സി സി ഓഫീസിന്റെ ചുറ്റു വട്ടത്തെവിടേയും അവളില്ലായിരുന്നു.കുറച്ചുകൂടെ പിന്നിലേയ്ക്കു നീങ്ങി, പച്ചക്കറിത്തോട്ടത്തിനടുത്ത് നനവുള്ള മണലിൽ കിടക്കുന്ന അവളെ ആദിത്യൻ കണ്ടെത്തി. അടുത്തേയ്ക്കു ചെല്ലണോ..? ഓടിപ്പോയാലോ… ഒന്നാലോചിച്ച് നിന്ന് അവൻ ബാഗിൽ നിന്ന് സ്നാക്സ് ബോക്സ്  എടുത്ത് തുറന്നു.ബിസ്കറ്റ് കൈയിൽ നീട്ടിപിടിച്ച് അടുത്തടുത്ത് ചെന്നു. തന്നെ കണ്ട് ഓടിപ്പോകുമെന്നാണ് തോന്നിയതെങ്കിലും,  ആദിത്യനെത്തന്നെ നോക്കിക്കൊണ്ട് ഒന്നു കരഞ്ഞ് അവൾ അവിടെതന്നെ കിടന്നു. ഒരു ബിസ്കറ്റ് പൊട്ടിച്ച് എറിഞ്ഞ് കൊടുത്തപ്പോൾ സാവധാനം അവളത് തിന്നു.പിന്നെ ബോക്സിലെ ബിസ്കറ്റുകൾ മുഴുവൻ  തിന്നുമ്പോഴേയ്ക്കും അവർ കൂട്ടുകാരായിത്തീർന്നിരുന്നു. അവൻ പതുക്കെ, പതു പതുത്ത അവളുടെ മുതുകിൽ കൈവെച്ചു, പിന്നെ പതിയെ തലോടി. അവളാകട്ടെ, കണ്ണുകളടച്ച് ചെവികൾ താഴേയ്ക്ക് ഒതുക്കി പതിഞ്ഞിരുന്നു.
സെക്കന്റ് ബെൽ……..
        ബാഗും തൂക്കി ഓടി ഒരുവിധമാണ് ആദിത്യൻ ക്ലാസ്സിലെത്തിയത്. അവിടേയും കണ്ടു തിളങ്ങുന്ന രണ്ടു കണ്ണുകൾ, അവയിൽനിന്ന് തീ പാറുന്നതും. പിൻ നിരയിൽ കൈകെട്ടിനിൽക്കലായിരുന്നു വൈകിയതിനുള്ള ശിക്ഷ. നൂയിസൻസിൽ തുടങ്ങി നൊട്ടോറിയസും കഴിഞ്ഞ് പോകുന്ന പതിവു വഴക്കുകൾ പറഞ്ഞ് മാഡം ബോർഡിലേയ്ക്ക് തിരിഞ്ഞു. 

 ക്ലാസ്സിനിടയിൽ ബാഗിൽനിന്ന് നോട്ടെടുത്ത് നിന്നുകൊണ്ട് എഴുതുകയാണ് ആദിത്യൻ. പെട്ടെന്നാണ് മുഴുവൻ കുട്ടികളും ഭയപ്പാടോടെ ഉച്ചത്തിൽ കരയുകയും പലരും കസേരയിലേയ്ക്ക് കയറുകയും ചെയ്തത്. തിരക്കിനിടയിൽ വളരെ പ്രയാസപ്പെട്ട് മുകളിൽ കയറിയ അനീറ്റതോമാസാകട്ടെ താഴെ വീഴുകയും ബോധം മറയുകയും ചെയ്തു. മാഡം എല്ലാവരേയുംസമാധാനപ്പെടുത്തി ഇരുത്തി. അനീറ്റതോമസ് ഉണർന്നെങ്കിലും പേടിയോടെ കണ്ണ് വട്ടം പിടിച്ചിരിക്കുകയായിരുന്നു. ഇതിനിടയിൽ തുറന്നിട്ട വാതിലിനിടയിൽ പതുങ്ങിയ പൂച്ച ങ്യാവൂ എന്നു കരഞ്ഞ് വാലുയർത്തി സാവധാനം പുറത്തുപോയി.
“Madam..  adithyan has brought this cat inside the class room.  I saw the cat coming out from his bag.”
ബാത്ത് റൂമിൽ യൂറിനു നിൽക്കുമ്പോൾ പിറകീന്നൊരു ചവിട്ടും, കളിക്കുന്നതിനിടയിൽ അറിയാതെയെന്നോണം   പഞ്ഞിവെയ്ക്കാറുള്ള ഇടത്തെ ചെവിയിൽ തീർത്തൊരടിയും ഹരിശങ്കരൻ വാങ്ങിക്കുമെന്ന് ആദിത്യൻ ഉറപ്പിച്ചു.
വിചാരണയും ശിക്ഷയുമില്ലാതെയാണ് പിന്നെ ക്ലാസ്സ് തുടർന്നത്.
     “മാഡം , സോറി ഫോർ ദ് ട്രബ്‌ൾസ്…” അവന്റെ കൈ പിടിച്ച് ക്ലാസ്സിൽ നിന്ന് പോകുന്നതിനിടയിൽ മമ്മ പലതവണ മാഡത്തിനോടങ്ങനെ പറഞ്ഞു.
 ഓട്ടോ ഇറങ്ങി,  വലിയ ഗേറ്റ് തുറന്നു. ആദിത്യന് അവിടം പരിചിതമായിരുന്നു..
 "അതിന്റകത്ത് ഡീസന്റായി ഇരുന്നോളണം, ഇല്ലേ നുള്ളിപൊളിക്കും ഞാൻ… കേട്ടല്ലോ” ആദിത്യൻ കേട്ടതേയുള്ളൂ. നടക്കുന്നതിനിടയിൽ ദൂരെ എവിടെയോ കൊളുത്തിവെച്ച കണ്ണുകളിൽ നനവു പടർന്നു.
മമ്മയും ഡോക്ടറാന്റിയും സംസാരിക്കുന്നതെന്തെന്ന്  ആദിത്യൻ കേട്ടതേയില്ല. പക്ഷേ, ഇടയ്ക്കിടെ ബ്രൗൺ നിറത്തിൽ തടിച്ച ഫ്രെയിമുള്ള കണ്ണടയൂരി മമ്മ ചുരിദാരിൽ നനവു തുടയ്ക്കുന്നത് ശ്രദ്ധിച്ചു. .

ഡീസന്റായി കസേരയിലിരിക്കുമ്പോഴും മേശമേലുള്ള ചെറിയ കലണ്ടറിലെ കളർഫുൾ വേമിന്റെ പുഞ്ചിരി അവനിഷ്ടപ്പെട്ടു. കസേര ചേർത്തിട്ട് കലണ്ടറിലേയ്ക്ക് കൈയെത്തിക്കും മുൻപേ തുടയിൽ നുള്ള് വീണീരുന്നു. കൈ പിൻവലിക്കുന്നതിനൊപ്പം ഉതിർന്ന കണ്ണുനീർ മേശപ്പുറത്തെ ചില്ലിൽ വീണ് പരക്കാതെ കിടന്നു.
“എന്തിനാ കരയുന്നത്, മോനെടുത്തോളൂ..” എന്നും ഡോക്ടറാന്റി ഇങ്ങനെയാണ്.
എത്രയാ എനിമൽസ്… ബിയർ, മങ്കി,ജിറാഫ്…
പക്ഷേ ആദിത്യൻ തെരഞ്ഞു കൊണ്ടിരുന്നത് മറ്റൊരു ചിത്രമായിരുന്നു.
“ ഡോക്ടറാന്റി,  ഇതിൽ പൂച്ചയുടെ പടമില്ലല്ലോ..”
“നിനക്ക് വേണോ പൂച്ചയെ?”
“ഈ ബ്ലാങ്ക് സ്പെയ്സിൽ ഞാനൊരു പൂച്ചയെ വരയട്ടെ?”
ചോദിച്ച് തീരും മുൻപേ മമ്മ എഴുന്നേറ്റ് കൈ പിടിച്ചു. തിരിഞ്ഞു നടക്കുമ്പോൾ ഡോക്ടർ മമ്മയെ ഓർമ്മിപ്പിച്ചത് ആദിത്യൻ കേട്ടു. “Next time must come with hus”. ആദിത്യനറിയാം, പപ്പ വരില്ല.
     രണ്ടുമൂന്നു നാളായി വീട്ടിൽ വലിയ പ്രശ്നങ്ങളില്ല. ആരും ആദിത്യനുമായി വഴക്കടിക്കാൻ വന്നില്ല.  കളിക്കാൻ ഇഷ്ടത്തിനു സമയം.

കാലത്ത് സ്കൂളിലേയ്ക്കിറങ്ങുമ്പോൾ അവൻ വളരെ ഹാപ്പിയായിരുന്നു. എന്നും അഴിയുന്ന ഷൂ ലേസ് ഉറപ്പിച്ചു കെട്ടി. സ്നാക്സ് ബോക്സ് ബാഗിലില്ലേയെന്ന് ഉറപ്പാക്കി. ബസ്സിലുള്ളവർ പഴയതെല്ലാം മറന്നുകഴിഞ്ഞു. ഗുഡ് ഫ്രണ്ട്സ്. ക്ലാസ്സിൽ അനീറ്റതോമാസ് ചിരിച്ചു കൊണ്ടാണ് ആദിത്യന് ബർത്ത്ഡേ ടോഫി കൊടുത്തത്.  ടോഫിയുടെ റാപ്പർ കൊണ്ട്  നൃത്തം ചെയ്യുന്ന കുട്ടിയെ ഉണ്ടാക്കി  അനീറ്റയ്ക്ക് സമ്മാനിച്ചു.  പിന്നെ, ചോദിച്ച എല്ലാവർക്കും.  അപ്പോൾ അവന്  ശിവാനിയെ  ഓർമ്മ വന്നു. കഴിഞ്ഞ വർഷം സ്കൂൾ മാറിപ്പോയ അവളാണ് ആദിത്യനെ ടോഫി റാപ്പറിൽ രൂപങ്ങളുണ്ടാക്കാൻ പഠിപ്പിച്ചത്.  ഒരു ദിവസം ഉച്ചയ്ക്ക് അവൾ കൈത്തണ്ടയിലും കാൽ മുട്ടിനു മുകളിലും കല്ലിച്ചു കിടന്ന ചോര നിറം കാണിച്ച് അതിനെ പറ്റി പറഞ്ഞപ്പോഴാണ് മമ്മയുടെ ശരീരത്തിലുണ്ടാകാറുള്ള  പാടുകളെയും  രാത്രി വൈകി ഉറങ്ങും മുൻപ്  വല്ലപ്പോഴും കാണാറുള്ള പപ്പയേയും കുറിച്ച് അവളോട് പറഞ്ഞത് . I hate pappa എന്നവൾ കണ്ണ് നിറഞ്ഞ് പറഞ്ഞപ്പോൾ തനിയ്ക്കും  അങ്ങനെയാണോ എന്ന് ശങ്കിച്ച് നില്ക്കുകയായിരുന്നു, ആദിത്യൻ. I lost my best friend. ക്ലാസിൽ ഒച്ചവെച്ച് കളിക്കുന്നതിനിടയിലും അവനങ്ങനെ തോന്നി.
   ഉച്ചയ്ക്കു ശേഷം മ്യൂസിക് മാഡം കൂടെവന്നപ്പോൾ ആദിത്യനും കൂട്ടർക്കും അന്ന് ജോയ്ഫുൾ ഡേ ആയി.
        ഇങ്ങനെയൊക്കെയായിരുന്നെങ്കിലും വൈകീട്ട് സ്കൂൾ ബസ്സിൽ ആദിത്യന് ആകെ  അമ്പരപ്പായിരുന്നു. ബാഗ് പാസ്സിങ് കളിച്ചില്ല . സ്റ്റോൺ പേപ്പർ കളിച്ചില്ല..ആരുടേയും ബാഗിന്റെ സിബ്ബ് തുറന്നിട്ടില്ല. ചേച്ചിമാരുടെ പിന്നിൽ നിന്ന് മുടി വലിച്ചില്ല. ആരോടും മിണ്ടാതെ സീറ്റിൽ ഒരേ ഇരുപ്പ്. ബസ്സിറങ്ങി, ഒറ്റയ്ക്ക് നടന്നു. ആദ്യമായി, കാനയിലെ മീനുകളോട് സംസാരിക്കാതെ, ഗോപാലങ്കിളിന്റെ കടയിലെ മിട്ടായി ഭരണികൾ നോക്കാതെ, റോസിയാന്റിയുടെ കുഞ്ഞിവാവയെ കൈ കാണിക്കാതെ റോഡിനു വശംചേർന്ന് തിടുക്കത്തിൽ.
വീട്ടു പടിക്കൽ നിന്നേ തുറന്നു കിടന്ന വാതിലിലൂടെ കണ്ടു, മമ്മ വാഷിങ്മെഷീനടുത്ത്  പുറം തിരിഞ്ഞു നിൽക്കുന്നു. മിന്നൽ വേഗത്തിൽ ആദിത്യൻ റൂമിനകത്ത് കടന്ന് ബാഗ് തുറന്നു. വലിയൊരു കരച്ചിലോടെ പൂച്ച പുറത്തു ചാടി, കട്ടിലിനടിയിലേയ്ക്ക് കയറി. പൂച്ചയുടെ പെട്ടെന്നുണ്ടായ കുതറലിൽ ആദിത്യനും ഭയന്ന് വിളിച്ചുവോ..?
ഒരു നിമിഷം കൊണ്ടാണ് മമ്മ പാഞ്ഞു വന്നത്. എല്ലാം തീർന്നു.പിന്നെ നടക്കാവുന്നതെല്ലാം ആദിത്യൻ മനസ്സിൽ കണ്ടു. ദേഷ്യം കൊണ്ട് കണ്ണുകൾ ചുവന്നിട്ടുണ്ടാകും .വായിൽ വഴക്കിനുള്ള വാക്കുകൾ നിറഞ്ഞിരിക്കും. അടുത്ത നിമിഷം ചൂരൽ കൈയിൽ കിട്ടും. പിന്നെ.. കാൽപ്പെരുവിരലിന്റെ നഖങ്ങളിൽ മാത്രമായി ആദിത്യൻ തന്റെ കാഴ്ചയെ തറച്ചു നിർത്തി.
“ഡ്രെസ്സ് മാറ്റി കുളിച്ച് വാ കണ്ണാ, ചായ കുടിക്കാം.” തന്റെ മമ്മ തന്നെയോ ഇതെന്നായിരുന്നു, ആദിത്യൻ മുഖമുയർത്തി നോക്കിയത്.
കുളി കഴിഞ്ഞ് ചായയ്ക്കിരിക്കുമ്പോൾ അവൻ മടിച്ച് മടിച്ച് ചോദിച്ചു. “ മമ്മേ.. നമുക്കൊരു കൂട് പണിയണ്ടേ..?”
“ എന്തിനാടാ”
മിണ്ടാതിരിക്കാമായിരുന്നു എന്നു തോന്നി. പിന്നെ പറഞ്ഞു പോയി. “പൂ..ച്ച..യ്ക്ക്”
“ടാ മണ്ടാ. ഇണങ്ങാത്തതും വീട്ടിൽ കയറ്റാൻ കൊള്ളാത്തതുമായ പെറ്റുകൾക്കാണ് കൂട്. പൂച്ചയൊക്കെ ഇണങ്ങുന്ന പെറ്റല്ലേ. അതിവിടെ എവിടെയെങ്കിലുമൊക്കെ കഴിഞ്ഞോളും.”
  തന്റെ പലഹാരത്തിൽ പകുതിയും അവൻ പുതിയ കൂട്ടുകാരിയ്ക്ക് മാറ്റി വെച്ചു. കളിക്കുന്നതിനും പഠിക്കുന്നതിനുമിടയിൽ ഇടക്കിടെ അത് കൊടുത്തപ്പോൾ പൂച്ച പേടിയില്ലാതെ മുറികളിൽ ഓടിനടക്കാൻ തുടങ്ങി. ആദിത്യന്റെ പഠിപ്പും ഹോംവർക്കുമെല്ലാം എത്ര പെട്ടെന്നാണ് ചെയ്തു കഴിഞ്ഞത്.
ഉറങ്ങാൻ നേരം പൂച്ചയെ നോക്കാൻ മമ്മയെ ഏൽപ്പിച്ചു. പപ്പ വന്ന് മമ്മയുമായി എന്തൊക്കെയോ ഉറക്കെയും പതുക്കെയും സംസാരിക്കുന്നത് ഒട്ടും വ്യക്തതയില്ലാത്ത വിധം കേട്ടുകൊണ്ട് അവൻ ഉറങ്ങിപ്പോയി.

കാലത്ത് ക്ലാസ്സിൽ പോകുമ്പോൾ ആദിത്യന്റെ വക ഒരു ടാറ്റ. അവൾ ഡൈനിംഗ് ടേബിളിനു താഴെ അവൻ പോകുന്നതും നോക്കിയിരുന്നു.
അന്നൊരു ബോറൻ ക്ലാസ്സ് ഡെ ആയിരുന്നു.കഴിഞ്ഞ പരീക്ഷകളുടെ ആൻസ്വെർ ഷീറ്റ് ഓന്നൊന്നായി കിട്ടി. ഒന്നിലും ജയിച്ചില്ലാത്രെ.ഓരോ മാഡവും ഓരോന്നു പറഞ്ഞു. ആദിത്യനൊന്നും കേട്ടില്ല. ക്ലാസ്സിൽ അവനെ കളിയാക്കി ചിരിക്കാത്ത ആരുമുണ്ടായിരുന്നില്ല.
ക്ലാസ്സിലിരുന്നപ്പോഴും  പിന്നെ ബസ്സിലിരുന്നും ആദിത്യൻ വല്ലാതെ വിയർത്തു. ആരോടും മിണ്ടാതെ മുഖം കുനിച്ച് തൂങ്ങിയിരുന്നു. ബസ്സിറങ്ങി നടക്കുമ്പോൾ സങ്കടം നിറഞ്ഞ് കരച്ചിൽ വരുമെന്നായപ്പോൾ പല്ലു കടിച്ചു പിടിച്ചു.

വീട്ടിലേയ്ക്കുള്ള വളവുതിരിഞ്ഞതും പെട്ടെന്നൊരു ഊർജ്ജം കിട്ടിയതു പോലെ അവൻ ഓടി .വാതിൽ തുറന്നു തന്ന് മമ്മ നേരെ അടുക്കളയിലേയ്ക്ക് പോയി. മുറിയിലെവിടേയും അവളെ കണ്ടില്ല.കട്ടിലിനടിയിലും ഡൈനിംഗ് റൂമിലും ടേബിളിനടിയിലും  അവളില്ല. എവിടെ……   നിയന്ത്രണം വിട്ടു വരുന്ന വിതുമ്പലിനിടയിലൂടെ ആദിത്യൻ  അടുക്കളവാതിലിൽ നിന്ന് മമ്മയെ വിളിച്ചു.
“എന്താടാ”
“പൂച്ചയെവടെ?”
“ചിലപ്പോൾ കാടു കയറിക്കാണും.”
“ഏതു കാട്?”
“ എന്നുവെച്ചാൽ അതിനിവിടെ ഇഷ്ടമില്ലാതായാൽ എവിടേയ്ക്കെങ്കിലും പോകും . പിന്നെ വരില്ല.”
ഇത്രയുമൊക്കെ പറയുമ്പോൾ മമ്മ തിരിഞ്ഞ് തന്റെ മുഖത്തൊന്നു നോക്കിയിരുന്നെങ്കിലെന്ന് ആദിത്യൻ ആഗ്രഹിച്ചു. വറുത്തുകൊണ്ടിരിക്കുന്നത് കരിയാതിരിക്കാനെന്നപോലെ അടുപ്പിലെ പാത്രത്തിൽ ശ്രദ്ധിക്കുകയായിരുന്നു അവർ. അവൻ ഓടി കട്ടിലിൽ കമിഴ്ന്ന് വീണ് തലയിണയിൽ മുഖം പൂഴ്ത്തി  വാവിട്ടു കരഞ്ഞു.
മമ്മ വന്നില്ല.

ആദിത്യൻ എഴുന്നേറ്റ് ഡ്രോയിംഗ് ബുക്കെടുത്ത് കട്ടിലിലിരുന്നു..  ഒരു ആണിന്റെയും പെണ്ണിന്റെയും ചിത്രം വരച്ചു. പിന്നെ  ചുറ്റും കൂട് വരച്ച് അവരെ  അതിനകത്താക്കി. അതിലെ നീല ചുരിദാറുകാരിയുടെ കണ്ണടയ്ക്ക് നിറം കൊടുക്കാൻ  ഒരു ബ്രൗൺ കളർ ക്രയോൺസ്റ്റിക്ക്  മുറി മുഴുവൻ തേടിയിട്ടും ആദിത്യന് കിട്ടിയില്ല.