Thursday 16 January 2020

സങ്കട തീവണ്ടി

സങ്കട തീവണ്ടി
കഥ : സമാന്തരൻ


 മലവെള്ളപ്പാച്ചിൽ പോലെ, കാടും മലയും വന്യമായി വകഞ്ഞ്, ആർത്തലച്ച് വരികയാണ് , ഒന്നല്ല.. ഒരായിരം..... പൊടിപടലങ്ങളുയർത്ത് , ശബ്ദം കൊണ്ട് അന്തരീക്ഷം പ്രകമ്പനം കൊള്ളിച്ച് .... ഉരുൾപൊട്ടിയാലെന്ന പോലെ എന്നിലേക്കത് ഒഴുകാൻ തുടങ്ങുകയാണ്.
എന്റെ വേഗത്തേക്കാൾ പതിന്മടങ്ങുണ്ട് ആ കാട്ടാനക്കൂട്ടത്തിന്റേത്. എന്നിലേക്കുള്ള ദൂരം കുറഞ്ഞുവരുന്നു... . പാളം തിങ്ങി, തുമ്പിയുയർത്തി, പ്രതികാരം ചിന്നം വിളിച്ചറിയിച്ച് പാഞ്ഞടുക്കുകയാണ്. ആയിരം ഇരട്ടക്കൊമ്പുകളിൽ ഇനി എന്റെ വേഗത നിലയ്ക്കും.


ഒരു നിമിഷം... ബ്രേക്ക് ലിവർ എമർജൻസിയിലേക്ക് തള്ളി. വണ്ടി നിന്നേ മതിയാകൂ എന്ന എന്റെ തീരുമാനത്തിന്റെ ഊർജ്ജം മുഴുവൻ തള്ളിയ ലിവറിൽ പകർന്ന് അതിൽ കമിഴ്ന്നു വീണു......


രണ്ട്...... മൂന്ന് നിമിഷങ്ങൾ.. നിന്ന വണ്ടിയിൽ നിന്ന് പുറത്തേക്ക് നോക്കാൻ അപ്പോഴായില്ല. പിന്നെ ഭയം തിങ്ങിയ മനസോടെ പതിയെ തലയുയർത്തി നോക്കി. ഇല്ല ... ഒന്നുമില്ല കാണാൻ .
കനത്ത ഇരുട്ടും നിശ്ശബ്ദതയും.
പിന്നെയും ചില നിമിഷങ്ങൾ .........
അതെ ഇരുട്ട് ........ ഇരുട്ട് മാത്രം. . . . ബെഡ്ഡിലിരുന്നു കൊണ്ടു തന്നെ കൈയെത്തിച്ച് ലൈറ്റിട്ടു.
വെളിച്ചം വീണിട്ടും ആർത്തലച്ചുള്ള ഉരുൾപൊട്ടിയൊഴുക്കു പോലെ വന്ന കാട്ടനക്കൂട്ടം ചുറ്റിലെവിടെയോ ഉണ്ടെന്നു തോന്നി. മടിയിൽ നിന്നും ആശമോളുടെ കാലെടുത്ത് ഉണർത്താതെ താഴെ വെച്ചു. ഇടതു വശത്ത് സുനന്ദ ചെരിഞ്ഞ് കിടന്ന് ഉറങ്ങുകയാണ്. രണ്ടു മണി കഴിഞ്ഞിരിക്കുന്നു.
ഇനി ഉറങ്ങാനാവില്ല. കട്ടിലിനറ്റത്തേക്ക് നിരങ്ങി നീങ്ങി ചുമരിൽ ചാരിയിരുന്നു. .
ഭക്ഷണം കഴിഞ്ഞ് മോളോടൊത്ത് സുനന്ദയുമായി വർത്തമാനം പറഞ്ഞു കൊണ്ടു കിടക്കവേ അവളുറങ്ങിപ്പോയിരുന്നു. ക്ഷീണവും മരുന്നിന്റെ കടുപ്പവും അവളെ കീഴ്പ്പെടുത്തി.
മൊബൈൽ ഫോണിൽ ട്രെയിൻ ഓടുന്നത് കണ്ടും പാട്ടു കേട്ടും വൈകിയാണ് മോളുറങ്ങിയത്. എനിക്കാണെങ്കിൽ ഉറങ്ങണമെന്നുണ്ടായിരുന്നില്ല. കുറ്റബോധമായിരുന്നു മനസ്സു നിറയെ. ഒറ്റക്കാവുമ്പോൾ തേരട്ടകളെ പോലെ അവ അരിച്ചിറങ്ങും. രാത്രിയാമങ്ങളിൽ യുദ്ധഭൂമിയാണ് മനസ്സ്. ഒരു വിജയം സാധ്യമല്ലാത്തിടത്ത് , ഒന്നുറങ്ങാനായി ഞാൻ പുലരും വരെ കഷ്ടപ്പെടും 
പാടുന്ന ഫോൺ മാറിലിട്ട് ആശമോളുറങ്ങി. ഞാൻ പിന്നെയെപ്പോൾ ഉറങ്ങിയെന്നറിയില്ല.
എന്നാൽ ഉണർന്നതിങ്ങനെയാണ്. . . . ഒരു രാത്രിയെ അനുഭവിച്ച് തീർക്കുന്നതിങ്ങനെയാണ് എന്നത് , തുടർന്നുള്ള ദിവസങ്ങളെ കുറിച്ചും ജോലി സംബന്ധമായ ഉത്തരവാദിത്വങ്ങളെ കുറിച്ചുമുള്ള ചിന്തകൾ , കൂടുതൽ അസ്വസ്ഥമാകാൻ കാരണമായി


രാത്രി ഡ്യൂട്ടിയുള്ളതിനാൽ ഉച്ചയുറക്കത്തിനായി തയ്യാറെടുക്കുമ്പോഴാണ് സുനന്ദ അടിവയറിൽ കൈ വെച്ച് കട്ടിലിൽ വന്നിരുന്ന് പറഞ്ഞത്..
“കഴിഞ്ഞ തവണ കോമ്പ്ലിക്കേറ്റഡായിരുന്നില്ലേന്നും , ഇത്തവണ വളരെ ശ്രദ്ധിക്കണംന്നും ഡോക്ടർ പറഞ്ഞത് ഗോപ്യേട്ടൻ മറന്നോ.. . നിനക്ക് കുഴപ്പമൊന്നുമില്ലല്ലോന്ന് ഇടക്ക് ചോദിച്ചാൽ എല്ലാം കഴിഞ്ഞൂന്നാ. . . .”
പരിഭവത്തിന്റെ മുനയുമായി അവൾ വരുമ്പോഴേ അറിയാം , എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന്.
“ ഇതിപ്പൊ എട്ടാം മാസം തുടക്കായില്ലേ. . .എന്നിട്ടും മോനിപ്പോ കളി ബഹളങ്ങൾ കുറച്ചൂന്നാ ഗോപ്യേട്ടാ തോന്നണത്. . .ന്നാലും അവൻ ചവിട്ടി ചവിട്ടി ദേ. . ഇവിടെ വല്ലാത്ത വേദനേം ണ്ട്.. . “
അപ്പോൾ അതാണ് കാര്യം.
“ഇത്രയൊക്കെ ഉണ്ടായിട്ടും ഇപ്പോഴാണോ പറയുന്നത് ? രാവിലെ ഞാൻ എത്തിയതല്ലേ. . .
അതു പോട്ടെ , നീ വേഗം തയ്യാറാവൂ,, ഡോക്ടറെ കണ്ടിട്ടു വരാം.”
“ഇതിന് ഡോക്ടറെ കാണുകയൊന്നും വേണ്ട. . . ഞാൻ പറഞ്ഞൂന്നേ ള്ളൂ . . . .”


സുനന്ദയെ സ്നേഹപൂർവ്വം നിർബന്ധിച്ച് റെഡിയാകാൻ പറഞ്ഞ് ഓട്ടോ വിളിക്കാൻ പുറത്തിറങ്ങി.
അവളങ്ങനെയാണ്. രാവിലെ മന:പൂർവ്വം പറയാതിരുന്നതായിരിക്കും. ജോലിക്ക് പോയി മൂന്നാമത്തെ ദിവസമാണ് ഞാൻ തിരിച്ചെത്തിയത്. അതും രാത്രി ജോലിക്ക് ശേഷം. രാത്രിതന്നെ പോകുകയും വേണം. കാപ്പി കുടിച്ച് ഇറങ്ങിയതാണ്. നാണ്വേട്ടന്റെ മകളുടെ കല്യാണം , റേഷൻ കട , ബേങ്കിൽ ഹൌസിങ് ലോണിന്റെ തവണയടക്കൽ.. . . . എല്ലാം കഴിഞ്ഞ് ഇപ്പോൾ സുനന്ദയോടൊപ്പം ഊണുകഴിച്ചതല്ലേയുള്ളൂ.. അവളുടെ കാര്യങ്ങൾ പറയാൻ എവിടെ നേരം.. . വർഷങ്ങളായി അവൾ എന്റെ ജോലിക്കനുസരിച്ച് പരുവപ്പെട്ടു കഴിഞ്ഞു. . . പലപ്പോഴും അതെന്നെ മടിയനാക്കായ്കയുമില്ല .പലതിൽനിന്നും ഞാനറിയാതെ തന്നെ വഴുതി പ്പോകുന്നുണ്ട്. അല്ലെങ്കിൽ ഇന്നവൾക്ക് പരിഭവിക്കേണ്ടിവരില്ലല്ലോ . . .


ഓട്ടോയിലിരുന്ന് വല്ലാതെ കുലുങ്ങിയപ്പോൾ അവളെന്നോട് കൂടുതൽ ചേർന്നിരുന്നു. “തിരക്കടിച്ച് ഇപ്പോൾ പോരണ്ടായിരുന്നു. ഇന്നത്തെ ഉറക്കം കളഞ്ഞില്ലേ.. .രാത്രി വണ്ടിയോടിക്കാനും പോകണം. ഇതാ പറഞ്ഞത് അവനവനെ പറ്റി ഒരു ചിന്തയുമില്ലാന്ന്. . . .”
“ ഇന്നു രാത്രി പോയാൽ എന്നാണ് വരാൻ കഴിയുകാന്നറിയില്ല. അതിനിടയിൽ നിനക്കെന്തെങ്കിലുമായാൽ. . . .കല്യാണത്തിരക്കായതിനാൽ നാണ്വേട്ടന്റെ വീട്ടുകാരെ പ്രതീക്ഷിക്കാനുമാവില്ല . ഒരു സഹായത്തിന് പിന്നെ ആരെയാകിട്ടുക ? ഞാനുള്ളപ്പോൾ ചെയ്യാലോ..”
സുനന്ദ തോളിലേക്ക് തല ചായ്ച്ച് കിടന്നു.


“ഇപ്പോൾ കാര്യമായ പ്രശ്നമൊന്നുമില്ല . എന്നാൽ ശ്രദ്ധിക്കണം. ഇനിയും വേദന വരികയാണെങ്കിൽ ഉടനെ കൊണ്ടു വരണം” വിശദ പരിശോധനക്കു ശേഷം ഡോക്ടർ ഇത്രയും പറഞ്ഞപ്പോഴാണ് ആശ്വാസമായത്.


രാത്രി പത്തരയ്ക്ക് , വീട്ടിൽ നിന്നിറങ്ങുമ്പോൾ പടി വരെ വരാറുള്ള സുനന്ദയെ ഞാൻ വിലക്കി. “ നീയിനി അത്രയും നടക്കണ്ട.... വാതിലടച്ചോളൂ . . . ഫോൺ ചാർജു ചെയ്തു വെക്കാൻ മറക്കേണ്ട.”
നെറുകയിൽ ചുംബിച്ച് മുഖം തിരിക്കുമ്പോൾ കണ്ട നിറ കണ്ണുകൾ മനസ്സിൽ തറഞ്ഞു നിന്നു.ട്രെയിനോടിച്ചു കൊണ്ടിരിക്കുമ്പോൾ പോലും ആ കണ്ണുകളെ ഓർമ്മയിൽ നിന്ന് അകറ്റാൻ കഴിഞ്ഞില്ല. കൂടെയുണ്ടായിട്ടും കൂടെയില്ലെന്നനുഭവിക്കേണ്ടവർ . . രാത്രിയോ പകലോ അവധികളോ ആഘോഷ ദിവസങ്ങളോ വ്യത്യാസമില്ലാതെ മണിക്കൂറുകളുടെ കണക്കിൽ ജീവിക്കുക. ജോലി അങ്ങനെയാകുമ്പോൾ വ്യക്തി-കുടുംബജീവിതങ്ങൾ അതിനൊപ്പമാവുകയേ തരമുള്ളൂ. എന്നാൽ ഞാൻ ആശ്വസിച്ചത് സുനന്ദയിലൂടെയാണ്. അവളെല്ലാം അറിയുന്നു , ക്ഷമിക്കുന്നു , സഹിക്കുന്നു , കൂടെ സന്തോഷിക്കുന്നു . തൊണ്ണൂറ്റിയാറു മണിക്കൂർ കഴിഞ്ഞ് വീട്ടിലെത്തിയാൽ കിട്ടുന്ന പതിനാറു മണിക്കൂറിൽ അവൾ എന്റെ കുളി മുതൽ വിശ്രമം വരെയുള്ള കാര്യങ്ങളുടെ മേൽനോട്ടം ഏറ്റെടുക്കുകയായി. ഈ രീതികൽക്കടിമപ്പെട്ടേ മതിയാകൂ എന്നാകുമ്പോൾ ഒരു ഗുഡ്സ് ലോക്കോ പൈലറ്റിന്റെ ജീവിതം യാന്ത്രികവും വികാര രഹിതവും ആകാതിരിക്കുമോ . .


കിതച്ചോടിയും , നിന്നും , നിരങ്ങിയും , എക്സ്പ്രസ്സ് വണ്ടികളെ കടത്തിവിട്ടും രാത്രി നിമിഷങ്ങളെ പൊന്നാക്കിയെടുത്ത് അടുത്ത ക്രൂ ഡെപ്പോയിലെത്തിയപ്പോൾ രാവിലെ ഒൻപതു മണി. സൈൻ ഓഫ് ചെയ്ത് ആദ്യം സുനന്ദയെ വിളിച്ചു. പ്രശ്നങ്ങളൊന്നുമില്ല . സമാധാനമായി.
എട്ടു മണിക്കൂർ നേരമുള്ള വിശ്രമശേഷം ഇവിടെ നിന്നു ലഭിക്കുന്ന ട്രെയിൻ എങ്ങോട്ടുള്ളതായിരിക്കുമെന്ന ചിന്ത ഇപ്പോഴേ അലട്ടാൻ തുടങ്ങി. ഹെഡ്ക്വർടെറിലേക്കല്ലാതെ വേറെ ക്രൂ ഡെപ്പോയിലേക്കാണെങ്കിൽ സുനന്ദയുടെ അടുത്തെത്താൻ പിന്നെയും ഒരു ദിവസം വൈകും. എത്രയും പെട്ടെന്ന് വീട്ടിലെത്തുകയാണാവശ്യം.. അതിന് ഒരു ഉറപ്പുമില്ല. റെസ്റ്റ് ക്ലിയറാകുമ്പോൾ കിട്ടുന്ന വണ്ടിയെ കുറിച്ചോർത്ത് കിടന്ന് ഉറങ്ങിപ്പോയി.
വൈകീട്ട് നാലു കഴിഞ്ഞു ഉണരുമ്പോൾ. സുനന്ദ സുഖമായിരിക്കുന്നു. രാത്രിയാണ് എനിക്ക് ട്രെയിൻ ഓർഡർ വരുന്നത്. ആഗ്രഹം പോലെ ഹെഡ്ക്വാർടറിലേക്ക്. മല കയറുന്നവന്റെ മുതുകിലെ ഭാരം അലിഞ്ഞു പോയാലുള്ള ആശ്വാസമാണ് അപ്പോൾ തോന്നിയത്.
ഹെഡ്ക്വാർടറിലെത്തി നാലു നാളേക്ക് ലീവിന് അപേക്ഷിക്കണം. സാമ്പത്തിക വർഷാവസാനമായതിനാൽ ചരക്കു വണ്ടികൾ കൂടുതലോടുന്നുണ്ട്. പൈലറ്റുമാരുടെ എണ്ണം പരിമിതവും.സുനന്ദയെ ചെക്കപ്പിനു കൊണ്ടുപോകാൻ ഈ മാസമാദ്യം ലീവെടുത്തതും ഇനിയൊരു ലീവിന് അനുമതി കിട്ടാതിരിക്കാൻ കാരണമാകും. ക്രൂ കൺ ട്രോളറെ നേരിട്ട് കണ്ട് ചോദിക്കാം.. സുനന്ദയുടെ കാര്യം പറഞ്ഞ് ഇരന്ന് നോക്കണം..
ട്രെയിൻ ചാർജെടുക്കും മുൻപേ വിളിക്കണമെന്നുകരുതിയിരിക്കേ സുനന്ദയുടെ ഫോൺ വന്നു. ഭയപ്പാടോടെയാണ് ഫോൺ അറ്റെൻഡ് ചെയ്തത്. വണ്ടി എങ്ങോട്ടെന്നാണ് ചോദിച്ചു. നാളെ കാലത്ത് വീട്ടിലെത്തുമെന്നറിഞ്ഞപ്പോഴുള്ള അവളുടെ സന്തോഷം തുടർ സംസാരത്തിൽ തെളിഞ്ഞിരുന്നു.


രാത്രി രണ്ടുമണി കഴിഞ്ഞു. നഗരങ്ങൾക്ക് നെടുകെയും കുറുകെയും അരികു പറ്റിയും പാളങ്ങളിൽ താളമിട്ട് വണ്ടിയൊഴുകി. സമ്പന്നന്റെ മാളികകളിലും ദരിദ്രന്റെ കൂരകളിലും ഒരു പോലെ വരവറിയിച്ച് അവരുടെ രാത്രികൾക്കുള്ള പതിവ് അലങ്കാരമായി ചൂളം വിളിച്ച് കടകട. . . . .കടകട.... പാടി . . . . .
മിക്ക വീടുകളും പുറത്തെ വെളിച്ചത്തിൽ തെളിഞ്ഞ പൊതിഞ്ഞ പെട്ടകങ്ങളായിരുന്നു. ചിലതിൽ മാത്രം ഒരു മുറിയിൽ വെളിച്ചമുണ്ടായിരുന്നു. അവിടെ ഭർത്താവ് ക്ഷീണിതയായ ഭാര്യയെ പരിചരിക്കുകയായിരിക്കുമോ... . . .ഇഴയകലമില്ലാത്ത ബന്ധങ്ങൾ അങ്ങനെ പലതുമായി പരസ്പരം അനശ്വരതയിലേക്ക് ഉയരുന്നുണ്ടാകും.
നിലാവു വിളഞ്ഞ മാന്തോപ്പുകളും ജലച്ചായാ ചിത്രം പോലുള്ള കുടിലുകളുടെ നിരകളും പിന്തള്ളി , ഗ്രാമാന്തരീക്ഷം അകന്നു പോയി.. വളഞ്ഞു പുളഞ്ഞും കയറിയിറങ്ങിയും പാളം ഇനി കാടു കയറുകയാണ്. എന്തു തടസ്സവും സംഭവിക്കാമെന്നതിനാൽ അതീവ ജാഗ്രത വേണമെന്നത് തന്നെയുമല്ല , കുത്തനെയുള്ള കയറ്റിറക്കങ്ങളിലും വളവുകളിലും വണ്ടി നിയന്ത്രണ വിധേയമായി കൊണ്ടു പോകാൻ ഏറെ പാടുപെടണം.
രണ്ടാമത്തെ കയറ്റം കഴിഞ്ഞു. ഇനി ഇറക്കമാണ്. എഴുപതിൽ ഒന്ന് എന്ന കണക്കിലുള്ള ഇറക്കം. പരിചയ സമ്പത്ത് കൊണ്ടുമാത്രമേ ഇവിടെ നന്നായി വണ്ടിയോടിക്കാൻ കഴിയൂ. . ഇറക്കത്തിന്റെ പകുതിയിൽ ഇടത്തോട്ട് ഒരു വളവ്. അസിസ്റ്റ്ന്റ് ലോക്കോ പൈലറ്റ് ഹോൺ അടിച്ചു കൊണ്ടേയിരുന്നു. വളവ് കഴിഞ്ഞ് നിവർന്ന പാളത്തിലേക്കുള്ള ഹെഡ് ലൈറ്റ് വെളിച്ചത്തിൽ കണ്ട കാഴ്ച നടുക്കുന്നതായിരുന്നു. അമ്മയുടെ മുൻ കാലുകളോടു ചേർന്ന് നടക്കുന്ന കുട്ടിയാന. രണ്ടും പാളത്തിലൂടെ മുന്നോട്ട് നടക്കുകയാണ് . ഹോണടിച്ചിട്ടും മാറാനൊരുക്കമില്ല. അമ്മക്കൊപ്പം കുട്ടിയും വേഗം കൂട്ടി. ട്രെയിൻ നിയന്ത്രിക്കേണ്ട കാര്യം വല്ലാത്ത ബുദ്ധിമുട്ടാണ്. ഇടിച്ചാൽ ട്രെയിൻ പാളത്തിൽ നിന്നിറങ്ങാൻ സാധ്യതയുണ്ട്.. പിന്നെ ഞങ്ങൾ ജീവനോടെ ഉണ്ടാവുകയുമില്ല. ബ്രേക്ക് ചെയ്ത് വെച്ചിട്ടും ഭാരം കൊണ്ടും ഇറക്കം കൊണ്ടും അത് ഓടിക്കൊണ്ടേയിരുന്നു . ആനകൾ പിന്നെയും ഓടിയെങ്കിലും ട്രെയിനുമായുള്ള ദൂരം കുറഞ്ഞു വന്നു.  വണ്ടി വളരെയടുത്തെത്തിയപ്പോഴാണ് വലത്തോട്ട് പാളത്തിന് പുറത്തുകടന്നത്. പക്ഷേ സെക്കന്റുകൾ വ്യത്യാസത്തിൽ കുട്ടിയാന പാളം മുറിച്ചു കടക്കും മുൻപേ . . . . . . . .


ബ്രേക്ക് ചെയ്ത് വെച്ച വണ്ടി വേഗത കുറഞ്ഞെങ്കിലും ഇറക്കം അവസാനിക്കാനായപ്പോഴാണ് നിന്നത്. പുറത്തിറങ്ങാൻ ഭയമായി. ഒറ്റക്കോ കാട്ടാനക്കൂട്ടമായോ ആ പിടിയാന വന്നിരിക്കുമോ. . . ഇറങ്ങി നോക്കാതെ യാത്ര തുടരാനും കഴിയില്ല. പത്തു മിനിട്ടോളം അങ്ങനെയിരുന്നു. സമയം നാലുമണിയായി. ഡോർ തുറന്ന് വെളിയിലേക്ക് നോക്കി. വനാതിർത്തിയായതിനാൽ പുലർവെട്ടം വീഴുന്നുണ്ട്. പുറത്തിറങ്ങി. ലോക്കോയുടെ കേറ്റിൽ ഗാർഡ് ഉള്ളിലേക്ക് വളഞ്ഞിരിക്കുന്നു. കുട്ടിയാനയുടെ ശരീര ഭാഗങ്ങൾ ഒരു വീലിലെ ബ്രേക്ക് റിഗ്ഗിങ്ങിൽ ചുറ്റിപ്പിടിച്ച് കിടക്കുന്നു. ബ്രേക്ക് റിഗ്ഗ് ഒടിഞ്ഞ് തൂങ്ങിക്കിടക്കുകയാണ്. ചില ഭാഗങ്ങൾ വീലിൽ കുരുങ്ങിയിരിക്കുന്നുണ്ട്. എല്ലാം ശരിയാക്കാൻ അസ്സിസ്റ്റന്റിനേയും ചേർത്ത് നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചില്ല. ഇനിയിപ്പോ വണ്ടിയോടിക്കാനും കഴിയില്ല. കൺട്രോളറെ വിവരമറിയിക്കണം, ലോക്കോ മെക്കാനിക്കൽ സ്റ്റാഫ് വരണം എല്ലാം ശരിയായിട്ടു വേണം യാത്ര . . . . ഫോൺ ഓൺ ചെയ്തു.  ഡയൽ ചെയ്യും മുൻപേ കണ്ടു , പതിനെട്ട് മിസ്ഡ് കോൾ അലർട്ടുകൾ.... സുനന്ദ വിളിച്ചിരുന്നു.. കൺ ട്രോളറോട് സ്റ്റാഫിനെ ആവശ്യപ്പെട്ട ശേഷം സുനന്ദയെ വിളിച്ചു.
വളരെ ക്ഷീണിത ശബ്ദം . . . “ തീരെ വയ്യ ഗോപ്യേട്ടാ . . .വന്നാ ഉടനെ ആശുപത്രിയിൽ പോകണം... നല്ല വേദനയുണ്ട്.. " അവളോടെന്തുപറയും. ... .ഒരു ഗദ്ഗദം തല്ലി വന്നു. എത്രയും പെട്ടെന്ന് വരാമെന്ന് പറയും മുൻപേ അവൾ കട്ട് ചെയ്തു.
വല്ലാത്തൊരു പരീക്ഷണമാണല്ലോ... രണ്ടോ മൂന്നോ മണിക്കൂറെടുക്കാതെ ഇവിടെ നിന്നും പോകാനാവില്ല. എങ്ങനെയും വീട്ടിലെത്തുമ്പോൾ പതിനൊന്ന് മണിയാകും. മറ്റൊരു ലോക്കോ പൈലറ്റിന് ഇങ്ങോട്ടെത്താനാവില്ല. വന്നാൽ തന്നെ എനിക്ക് തിരിച്ച് പോകാൻ വേറെ വണ്ടിയുമില്ല. പതിനഞ്ചു കിലോമീറ്റർ പോയാലേ ബസ്സു കിട്ടുന്ന സ്ഥലമാകൂ.
ക്രൂ കൺട്രോളറെ വിളിച്ച് കാര്യം പറഞ്ഞു. മെക്കാനിക്കൽ സ്റ്റാഫിന്റെ കൂടെ ഒരു പൈലറ്റിനെ അയക്കാമെന്ന ഉറപ്പും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അടുത്ത സ്റ്റേഷനിൽ നിന്നും നേരിട്ട് വീട്ടിൽ പോകാനുള്ള അനുമതിയും കിട്ടി. ഡ്യൂട്ടിയാകാത്ത പൈലറ്റുമാരാരെല്ലാമെന്ന് ചോദിച്ചറിഞ്ഞ് അടുപ്പമുള്ള രണ്ടു പേരെ വിളിച്ച് കാര്യം പറഞ്ഞു. കഴിയാവുന്നതെല്ലാം അവർ ചെയ്യും .
സുനന്ദയെ വിളിച്ചു.” അനന്തേട്ടനോ രാമകൃഷ്ണനോ വരും . അവരുടെ കൂടെ ആശുപത്രിയിൽ പോകണം . ഞാനുടനെ എത്തും . “
“ വേഗം വരണേ ഗോപ്യേട്ടാ. . . .” ഫോൺ അവൾ തന്നെ കട്ട് ചെയ്തു.
മൂന്ന് മണിക്കൂർ എങ്ങനെ കഴിഞ്ഞൂന്നറിയില്ല. സമയനഷ്ടം ഏറെയില്ലാതെ തന്നെ വണ്ടി യാത്രക്ക് തയ്യാറായി. അടുത്ത സ് റ്റേഷനിലിറങ്ങി. ആശുപത്രിയിലേക്ക് വരണമെന്ന് അനന്തേട്ടൻ വിളിച്ച് പറഞ്ഞിരുന്നു. സുനന്ദക്ക് എന്തു പറ്റിയോ ആവോ. . . ആശമോൾ എവിടെയാകും.... . . . . ബസ് കയറി ആശുപത്രിയിലെത്തുമ്പോൾ സമയം പന്ത്രണ്ടോടടുത്തു. ആശുപത്രി മുറ്റത്ത് അനന്തേട്ടനും മറ്റ് രണ്ട് പൈലറ്റുമാരുമുണ്ടായിരുന്നു. കാലുകൾ കൂട്ടിയിടിച്ചു.. . . .നടക്കാനാവാത്ത പോലെ. . . . . തൊണ്ട വരണ്ടു പോയി.. അനന്തേട്ടൻ വന്ന് എന്നെ പിടിച്ചു. “സമാധാനിക്ക് ഗോപീ.. . . . വിഷമിക്കാനായിട്ട് ഒന്നും പറ്റീട്ടില്ല. സുനന്ദയെ കുറച്ചു കഴിഞ്ഞു കാണാമെന്നാ ഡോക്ടർ പറഞ്ഞത്. എല്ലാം നമ്മൾ വിചരിച്ച പോലെ ആവില്ലല്ലോ. . . ഗോപ്യേ . ,. നമ്മൾ പഠിച്ചവർ സ്വയം കാര്യങ്ങൾ മനസ്സിലാക്കണം.. . . .
ഇയാളെന്നെ തീ തീറ്റിക്കുകയാണ് . “ ഒന്ന് പറഞ്ഞ് തൊലയ്ക്കെന്റെ അനന്തേട്ടാ... . താങ്ങാൻ പറ്റ് ണില്ല എനിക്ക് ”
“നിന്റെ വണ്ടിയിൽ ആനയിടിച്ചൂന്നും ഇവൾക്ക് ദെണ്ണംണ്ട്ന്നും കേട്ടപ്പോ ഞാനുറപ്പിച്ചതാ... .. എന്തെങ്കിലും നടക്കൂന്ന്.. ഇതിപ്പോ നിന്റേത് അത്ര മോശം സമയല്ലാന്ന് കരുതാ... . . . അല്ലെങ്കീ ഇവളെയെങ്കിലും ജീവനോടെ കിട്ടുമായിരുന്നോ. . . . നീ വിഷമിക്കേണ്ടാ. കുറച്ച് കഴിഞ്ഞാ അവളെ ഐസീയുവിൽ പോയി കാണാന്ന് ഡോക്ടർ പറഞ്ഞല്ലോ. ."
ഇപ്പോൾ ചിത്രങ്ങളെല്ലാം ഒരു വിധം  തെളിഞ്ഞു..


ഡോക്ടറെ കയറി കണ്ടു. “ ഇവിടെയെത്തുമ്പോൾ കുഞ്ഞിന് ബ്രീത്തിംഗും മൂവ്മെന്റ്സും ഇല്ലായിരുന്നു. അമ്മയുടെ സ്ഥിതി വളരെ മോശമായതിനാൽ സിസേറിയന്‍ വേണ്ടിവന്നു .. ആൺകുഞ്ഞായിരുന്നു. ഈ പേപ്പറുകളിൽ ഒപ്പിട്ട് ബോഡി റിസീവ് ചെയ്തോളൂ. “ .
“കുറച്ചുകൂടെ നേരത്തെ എത്തിച്ചിരുന്നെങ്കിൽ....”
പേപ്പറുകളിൽ ഒപ്പിടുമ്പോൾ ഡോക്ടറെന്തെങ്കിലും പറഞ്ഞോ...?
ഗ്ലാസ്സിലൂടെ ഐസിയൂവികത്തേക്ക് നോക്കി. . . .അവൾ മയങ്ങുകയാണ്. അവൾ പറഞ്ഞ പോലെത്തന്നെ ഒരു കുഞ്ഞുമോൻ കൈകാലിട്ടടിക്കാൻ അവളുടെ അരികിലില്ലെന്നറിഞ്ഞിട്ടാണോ ഈ മയക്കം. . . 


ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയ ശേഷം പലതും പറയുന്നതിനിടെ സുനന്ദ പറഞ്ഞു. “ ഗോപ്യേട്ടൻ വണ്ടികയറും മുൻപേ ഞാൻ വിളിച്ചത് വേദന കൂടിയപ്പോഴാണ് . അത് പറഞ്ഞ് ഡ്യൂട്ടിക്കിടയിൽ ഒരു പ്രശ്നമാവേണ്ടാന്ന് കരുതി. വന്നിട്ട് ആശുപത്രിയിൽ പോകാലോന്നായിരുന്നു കണക്കു കൂട്ടൽ. എല്ലാം തെറ്റിപ്പോയി ഗോപ്യേട്ടാ. . . വിരോധം തോന്നുന്നുണ്ടാവും ല്ലേ . . . ക്ഷമിക്കില്ലേ എന്നോട്... .. .? ബെഡ്ഡിലിരുന്ന എന്റെ കൈകളിൽ അവളുടെ ബലമില്ലാത്ത തണുത്ത കൈകൾ അമർന്നു. കണ്ണുകൾ നിറഞ്ഞൊഴുകി.
ആര് ആരോടാണ് ക്ഷമ ചോദിക്കേണ്ടത്... . . . .അവളുടെ വേദന പതിന്മടങ്ങ് ശക്തിയിൽ എന്നെ ചൂഴുകയായിരുന്നു.



ഇപ്പോഴവൾ ഉറങ്ങുകയാണ്. ഒരു പരാജിതനായ ഭർത്താവ് കാവലിരിക്കുന്നു,  ഇക്കാലമത്രയും തന്റെ ദുർബലമായ കാവലിന്റെ പുറം ചട്ട ഭേദിച്ച് നഷ്ടപ്പെട്ട സമാധാനവും സന്തോഷവും സ്നേഹവും ജീവിതം തന്നെയും എങ്ങനെ തിരിച്ചെടുക്കാമെന്നറിയാതെ..
സ്വയം പുച്ഛം തോന്നി.
ലൈറ്റണച്ച് സുനന്ദക്കും മക്കൾക്കുമിടയിൽ  കിടന്നു. കുറ്റബോധത്തിന്റെ തേരട്ടകൾ അരിച്ചിറങ്ങുകയായി... അവ ഇനി ആനക്കൂട്ടമായി വളരും . . . . .

50 comments:

  1. വായനയുടെ പരകോടി... എന്താ പറയേണ്ടേ എന്ന വേപഥുവിൽ നിൽക്കുന്ന ഞാൻ എന്താ പറയേണ്ടത്? മനസ്സാകെ അസ്വസ്ഥമായിരിക്കുന്ന ഒരു ദിവസം കിട്ടിയാൽ വായനയും അപ്രകാരം.


    വിശദമായ അഭിപ്രായം പിന്നീട് പറയാം ചേട്ടാ.

    ReplyDelete
    Replies
    1. നമ്മുടേതെല്ലാം നമുക്ക് പ്രിയപ്പെട്ടതാണ്, അത് വേദനയായാലും. നിന്റേതെന്ന് തോന്നിയാലും എന്റേതല്ലാതാവുന്നില്ല അത്.

      Delete
  2. സങ്കടത്തിന്റെ ആനക്കൂട്ടത്തെ മനസ്സിലിറക്കി തന്നു സമാന്തരാ..വായിച്ചു തീരും വരെ വിഷമത്തിന്റെ വേലിയേറ്റം.. സംഭവിക്കാൻ പോകുന്നത് എന്താണ് എന്ന് പ്രവചിക്കാൻ പറ്റിയിട്ടും സങ്കടം വന്നു.. എന്താ പറയേണ്ടത്. സത്യത്തിൽ ഒരു ലോക്കോ പൈലറ്റിൻറെ ജീവിത സത്യവും കൂടി ആണല്ലോ വരച്ചിട്ടത്. എഴുത്ത് തുടരണം, അതി തീവ്രമായി മനസ്സിൽ കയറാനുള്ള കഴിവുള്ള എഴുത്താണ്. കൂടുതൽ പ്രതീക്ഷിക്കുന്നു

    ReplyDelete
    Replies
    1. കുറ്റബോധം കൊണ്ട് നീറുമ്പോൾ, എങ്ങനെ വർണ്ണിച്ചാലും മാനസികാവസ്ഥ ഒന്നേ ഉള്ളൂ.. നിങ്ങളിലേക്ക് പകരാനായാൽ ഞാൻ ധന്യൻ

      എഴുതണംന്നും വായിക്കണമെന്നും ആഗ്രഹമാണ് . എപ്പോൾ നടക്കുമെന്നതാണ് പ്രശ്നം

      Delete
  3. പകർത്തി വച്ചത് ആരുടെയെങ്കിലും ജീവിതമാവാതിരിക്കില്ല, അത്രയ്ക്ക് ജീവനുണ്ട് വാക്കുകൾക്ക്.പലപ്പോഴും ഈ ജീവിതം നിസ്സഹായതയുടെയും ഗതികേടിന്റെയും ആകത്തുകയാണ്.ചില അവസരങ്ങളിൽ എടുക്കാമായിരുന്ന തീരുമാനങ്ങൾ, ഒഴിവാക്കാമായിരുന്ന മറ്റു ചുമതലകൾ - ഇവയെല്ലാം വരുത്തി വെച്ച തീരാ നഷ്ടങ്ങളോർത്തു ശ്വാസം മുട്ടിയിരിക്കുന്ന വെറും മനുഷ്യരായിപ്പോകും നമ്മളൊക്കെ. അല്പം നേരത്തെ അറിഞ്ഞിരുന്നെങ്കിൽ എന്നുള്ള കുറ്റബോധത്തിന്റെ നോവുകളും കൂടി ചേർന്നു പാകപ്പെടുന്നതല്ലേ ഒരു മനുഷ്യ ജന്മം. സ്നേഹം, ആത്മാവുള്ള ഈ എഴുത്തിനു.

    ReplyDelete
    Replies
    1. ഒരിയ്ക്കൽ, ആറു വർഷത്തോളമായി ഒരു വിവരവുമറിയാതിരുന്ന രണ്ടുസുഹൃത്തുക്കളിൽ ഒരാളെ കണ്ടപ്പോൾ മറ്റേയാളെ കുറിച്ച് ഞാൻ ചോദിച്ചു. "അവനൊരു ട്രാജഡീലാ ഡാ.. വൈകിട്ടാണല്ലാ കല്യാണം കഴിഞ്ഞത്. അവര് വല്യേ സന്തോഷത്തിലാർന്ന്. പക്ഷേ ഏഴാം മാസം പ്രഗ്നൻസീല് കൊച്ചാ പോയി.
      നീ വായിച്ചാ കഴിഞ്ഞ വർഷം വാളയാറില് ആനേനെ തീവണ്ടിയിടിച്ചത്. ഒരാൾടെ ഏറ്റോം മോശം സമയത്താ അയാൾടെ ട്രെയിൻ ആനേനെ ഇടിക്കണത്. അവനിപ്പഴും സങ്കടം മാറീറ്റ്ല്ലഷ്ടാ.." എന്ന് ആ പഴയ കൂട്ടുകാരൻ പറയുമ്പോൾ ഈ കഥ പോസ്റ്റ് ചെയ്ത് രണ്ട് വർഷം കഴിഞ്ഞിരുന്നു.


      അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി

      Delete
  4. എനിക്ക് കരച്ചിൽ വരുന്നു .... മറ്റൊന്നും പറയുവാനാകുന്നില്ല...!!

    ReplyDelete
    Replies
    1. വായിക്കുന്ന ഓരോരുത്തരും ഒരു സങ്കടതീവണ്ടിയാവുന്ന കഥ, ദൃശ്യ മികവോടെ കോറിയിട്ടിരിക്കുന്നു...!!!

      Delete
    2. അക്കാര്യത്തിൽ ഞാനും പുവറാ... ഇപ്പഴും ( സങ്കടമുള്ളതെന്നും) ഒരു തവണ വായിച്ചെത്തിക്കാൾ എനിക്കാവില്ല.

      Delete
  5. "കൂടെയുണ്ടായിട്ടും,കൂടെയില്ലെന്നനുഭവിക്കേണ്ടവർ".. എന്റെ ഹൃദയത്തെ ഞെരിച്ചമർത്തിക്കൊണ്ട് ഒരു സങ്കടത്തീവണ്ടി പാഞ്ഞുപോയി.. കരഞ്ഞുതീർക്കാൻ ശബ്ദം പുറത്തു വന്നില്ല.. അത് തൊണ്ടയിൽ കുരുങ്ങി വിങ്ങലുണ്ടാക്കുന്നു..സമാന്തരൻ സർ ഞാനിതാ അങ്ങയുടെ കാൽക്കൽ വീണിരിക്കുന്നു...ഈയുള്ളവളുടെ വായനാനുഭവങ്ങളിലെ മറ്റൊരു പുണ്യ നിമിഷം...!!

    ReplyDelete
    Replies
    1. സങ്കടങ്ങളെഴുതിയാൽ, അത് വായിച്ചാൽ പെട്ടെന്ന് വീണുപോകുന്നവരാണ് നമ്മളൊക്കെ.


      സൂര്യ.. നന്ദി നല്ല വാക്കുകൾക്ക്.

      Delete
  6. കഥയിലും നോവലിലും ഒക്കെ തീവണ്ടി പലപ്പോഴും മനോഹരമായ ഒരു ബിംബമായി പ്രത്യക്ഷപ്പെടുന്നുവെങ്കിലും, ജീവിതത്തിൽ പലപ്പോഴും അതങ്ങനെയല്ല എന്ന് ഈ ഒരു തുറന്നെഴുത്തിലൂടെ മനസ്സിലാക്കാൻ പറ്റി. അതിന്റെ ചക്രങ്ങൾക്കിടയിൽ പെട്ടു പോകുന്ന ജീവിതങ്ങളുടെ മറ്റൊരു പതിപ്പാണ് അത് ഓടിച്ചു കൊണ്ടിരിക്കുന്നവരുടേയും എന്നും മനസ്സിലായി.

    മനസ്സും കണ്ണും ഒരു പോലെ നിറച്ച കഥ.
    തുടക്കം മുതൽ അവസാനം വരെ കഥാകാരന്റെ കൂടെ തന്നെ സഞ്ചരിക്കാൻ സാധിച്ചു.
    കൂടുതലൊന്നും പറയാനില്ല.
    ഇനി നിറഞ്ഞ കണ്ണൊന്ന് തുടക്കട്ടെ....!

    ReplyDelete
    Replies
    1. കൂടെ സങ്കടപ്പെടാനാവുമ്പോൾ മാത്രമല്ലേ നാം നമ്മളാവുന്നത്.

      നന്ദി ആദി.

      Delete
  7. ചേട്ടാ.
    കൈകളിൽ തലതാങ്ങി ഇരിക്കുന്നു,
    മൂക്കിൻതുമ്പിൽ ഒന്ന് ചേർന്ന് ഇറ്റ് വീഴുന്നത് എന്റെ തന്നെ കണ്ണുകൾ ചോർന്നതോ എന്ന് തിരിച്ചറിയാനാകുന്നില്ല.
    അക്ഷരങ്ങളിലേക്ക് ജീവനൂതി മെനയുന്നത് ജീവിതമാകല്ലേ എന്ന് ആവർത്തിച്ചു പിറുപിറക്കുന്നു.
    കുന്നുകയറുന്നവന്റെ മുതുകിൽ മാത്രമല്ല
    തലയിലും കൂടെ നിങ്ങൾ ഭാരമേറ്റിയല്ലോ.
    സലാം.

    ReplyDelete
    Replies
    1. മനുഷ്യത്വം കൊണ്ട് മാത്രം സാധിക്കുന്നതാണ് മറ്റുള്ളവനെ മനസ്സിലാക്കൽ.

      നല്ല വായനക്ക് നന്ദി

      Delete
  8. ഒന്നരവയസ്സുള്ള മകനെ ആശുപത്രിയിൽ അസ്മമിറ്റ് െചെയ്തിട്ട് ഞാൻ േജേലിക്ക് പോയിട്ടുണ്ട്. െമെബൈൽ ഫോൺ ഇല്ലാത്ത അക്കാലത്തു് അനുഭവിച്ച മാനസിക സംഘർഷത്തിന്റെ പതിന്മടങ്ങ് ഇ കഥ വായിച്ചപ്പോൾ അനുഭവപ്പെട്ടു. പരിചിത ഇടങ്ങളെങ്കിലും അനുഭവത്തിെന്റെ തീച്ചുള വരച്ചുകാട്ടുന്ന എഴുത്തിന് എന്റെ ബിഗ് സല്യൂട്ട്

    ReplyDelete
    Replies
    1. ഉദ്യപ്രഭൻ ചേട്ടാ..
      കുറച്ചൊക്കെ നിങ്ങൾ
      അനുഭവിക്കുന്ന മനോസംഘര്ഷങ്ങളുടെ വ്യാപ്തി,അതിന്റെ ചൂട് ഒക്കെ അറിയാം.
      നിങ്ങളൊക്കെ ചെയ്യുന്ന തരത്തിൽ
      ആത്മത്യാഗം ആവശ്യമായ ജോലികൾ
      ചെയ്യാൻ അധികമാർക്കും ആവില്ല ന്ന് തോന്നിയിട്ടുണ്ട്.

      Delete
    2. ചേട്ടോ.. നമ്മങ്ങനെയെന്തൊക്കെ ...

      Delete
  9. ടൈംടേബിളില്ലാതെ ജോലി ചെയ്യുന്നവരുടെ മനോവ്യാപാരങ്ങളുടെ ഒരേട്. ജോലിയും വീടും ഇഴപിരിയാതെ കലരുന്ന മായക്കാഴ്ച. എനിക്കിത് പുതിയൊരു വായനാനുഭവം. അഭിനന്ദനങ്ങൾ. നന്ദി.

    ReplyDelete
    Replies
    1. ഒരു ടൈംടേബിളുണ്ടായാലും ആ ടേബിളിനു മേലേം നടക്കും കളി.. അതല്ലേ ജീവിതം

      നന്ദി വായനയ്ക്ക്

      Delete
  10. അഭിനന്ദനങ്ങളോടൊപ്പം, തെറ്റുകളും കുറവുകളും ഒക്കെ ചൂണ്ടിക്കാട്ടി ഈ സീരീസിലെ എല്ലാ പോസ്റ്റുകൾക്കും വിമർശനാത്മകമായ കുറിപ്പുകൾ ഇടണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, വായിച്ചു കഴിഞ്ഞപ്പോൾ കണ്ണും കയ്യും വിറച്ചു. കഥയുമായി അത്രയും താദാത്മ്യം പ്രാപിച്ചു പോയി. ജീവിതത്തിലെ നിസ്സഹായാവസ്ഥകളുടെ ഈ നേർചിത്രം വരഞ്ഞതിന് നന്ദി. തൊണ്ടയിൽ ഒരു ഗദ്ഗദം ഇപ്പോഴും ബാക്കി...

    ReplyDelete
    Replies
    1. അപ്പോ ഞാൻ Just രക്ഷപ്പെട്ടതാണ് ലേ..


      നന്ദി മനസ്സുരുക്കത്തോടെ വായിച്ചതിന്. നല്ലൊരു വിമർശനം പ്രതീക്ഷിക്കുന്നുണ്ട്

      Delete
  11. ഏറെ കാലം മനസ്സിൽ നിൽക്കാൻ പോകുന്നൊരു കഥ.

    ReplyDelete
    Replies
    1. അവിടെ കിടക്കട്ടെ.

      ഞാൻ ധന്യൻ

      Delete
  12. നമുക്കെല്ലാം ഒരു സമാന്തര ജീവിതമുണ്ട്... അതായത് നമ്മൾ വീട്ടിലും ജോലിയിലുമായി രണ്ടു തരത്തിൽ ജീവിക്കുന്നു.. പലപ്പോഴും ഒരു സമാന്തര രേഖ പോലെ ഒരിക്കലും കൂട്ടിമുട്ടാതെ നീണ്ടു പോകുന്നു..
    പക്ഷെ എന്നു നമ്മൾ ഇവയെ നല്ലപോലെ കൂട്ടിച്ചേർക്കുന്നുവോ... അഥവാ ജീവിക്കുന്നുവോ അന്ന് നമ്മൾക്ക് സൗഖ്യം ലഭിക്കുന്നു.. അല്ലാത്തവർ കേവലം എണ്ണയിട്ട യന്ത്രങ്ങളെ പോലെ നിർത്താതെ പ്രവർത്തിച്ചുകൊണ്ടേയിരിക്കും...ജീവിതമോ അർത്ഥമില്ലാത്ത കൊഴിഞ്ഞു പോകുകയും ചെയ്യും..

    ഇത് കേവലം തീവണ്ടിക്കാരന്റെ മാത്രം കഥയായിട്ടു ഒതുക്കാൻ എനക്ക് തോന്നുന്നില്ല... കുടുംബ ജീവിതത്തെ നല്ലപോലെ നയിക്കാൻ കഴിയാതെ ദാരിദ്ര്യം കൊണ്ടോ മറ്റു കാരങ്ങൾകൊണ്ടോ ജോലിയിൽ മാത്രം ഏർപ്പെട്ടു പോകേണ്ടി വരുന്നവരുടെയെല്ലാം കഥയാണ്... ഒരു പക്ഷെ ഒരു പട്ടാളക്കാരന്റെ, പ്രവാസിയുടെ... പോലീസ്കാരന്റെ... ഡോക്ടറുടെ... ജീവിക്കാൻ മറക്കുന്ന മറ്റാരുടെയും...

    നല്ല കഥ..എല്ലാവർക്കും നല്ലപോലെ അറിയാവുന്ന ആശയമാണ്... മനോഹരമായിത്തന്നെ അവതരിപ്പിച്ചു...
    തുടക്കത്തിലെ വാചങ്ങൾക്ക് എന്തോ ചേർച്ചകുറവ് തോന്നി...
    കാട്ടാനക്കൂട്ടത്തിന്റെ കാര്യത്തിൽ കഥയിൽ എന്തെങ്കിലും സംഭവം അരങ്ങേറുമെന്നു പ്രതീക്ഷിച്ചിരുന്നു. എന്തായാലും അവസാനം പൂർണമായ നിരാശ തോന്നിയില്ല.. അവളെങ്കിലും തിരിച്ചു വന്നല്ലോ... കുട്ടി പോയതിന്റെയും.. അയാൾ വൈകിയത്തിന്റെയും സങ്കടം.....

    ReplyDelete
    Replies
    1. നന്ദി വായനയ്ക്കും നല്ലെഴുത്തിനും

      എല്ലാ ജീവിതത്തിലുമുണ്ട് , നമ്മെ അന്ധാളിപ്പിക്കുന്ന , അസ്വസ്ഥമാക്കുന്ന, അന്ധരാക്കുന്ന ചില സാഹചര്യങ്ങൾ.
      എഴുത്തുകാരൻ അത്ക ണ്ടെടുക്കുമ്പോൾ മറ്റുള്ളവരിലേക്ക് പകർന്നു പോകുന്നു.

      Delete
  13. എല്ലാവർക്കും സ്വന്തം ജീവിതത്തിലേക്ക് നോക്കി, താരതമ്യം ചെയ്യാനാകുന്ന ഒരു വല്ലാത്ത ജീവിത നിസ്സഹായാവസ്ഥ, ഈ കഥയിൽ വളരെ മനോഹരമായി കുറിച്ചിട്ടു … അത് തന്നെയാണ് ഈ കഥയുടെ ശക്തിയും , ഇവിടെ കമ്മന്റുകളിൽ പലരും പറഞ്ഞ പോലെ , വായിച്ചു കഴിയുമ്പോൾ ഉള്ള വായനക്കാരുടെ മനസ്സിലെ വേദനയും … !!! ഈ എഴുത്തിനു വളരെ നന്ദി സമാന്തരൻ...

    ReplyDelete
    Replies
    1. വെർതെ ഒന്നു ചിന്തിച്ചു നോക്ക്യേ.. ഏറ്റവും വിഷമിപ്പിച്ച / ചിന്തിപ്പിച്ച ഒരു നിസ്സഹായാവസ്ഥയെ കുറിച്ച്.

      അതെഴുതുമ്പോൾ ജീവനുണ്ടാകും

      നന്ദി

      Delete
  14. എന്താ ഞാനിപ്പോൾ പറയുക കൂട്ടുകാരാ... :(

    മനസ്സിന്റെ കോണുകളിൽ കത്തിമുന കൊണ്ട് വരഞ്ഞതു പോലെ... കുറേ നാളുകൾ ഈ വേദന ഹൃദയത്തിലുണ്ടാകും ഇനി...

    അധികമാരും ശ്രദ്ധിക്കുക പോലും ചെയ്യാത്ത ലോക്കോ പൈലറ്റുമാരുടെ ജീവിതത്തിൽ നിന്നും ചീന്തിയെടുത്ത ഈ ഏട് നാലായി മടക്കി ഞാൻ പോക്കറ്റിൽ സൂക്ഷിക്കുന്നു.‌.. ഹൃദയത്തോട് ചേർത്ത്...

    ReplyDelete
    Replies
    1. ഏറ്റവും മുന്നിൽ ഞങ്ങളുണ്ട് . പക്ഷേ ആര് കാണാൻ. വളരെ അപ്രതീക്ഷിതമായി ഒന്നോ രണ്ടോ കുട്ടികൾ നോക്കിയെന്ന് വരാം. എല്ലാവരും അവരവരുടെ സീറ്റ് പിടിക്കാനുള്ള തിരക്കിലല്ലേ ..

      അതു കൊണ്ട് ഇത് സഹിച്ചേ പറ്റൂ..

      നന്ദി.

      Delete
  15. വായിച്ചു........ ഹൃദയസ്പർശിയായി......
    ആശ0സകൾ

    ReplyDelete
    Replies
    1. ചേട്ടോ.. ദേ നമ്മൾ ഇവിടേം കണ്ടുമുട്ടി. സന്തോഷം.

      വായനക്ക് നന്ദി.

      Delete
  16. Very touching!
    Appreciate your wonderful share.
    Keep writing.

    ReplyDelete
  17. വായിച്ചു..ചിന്തിച്ചു..സങ്കടം വന്നു

    ReplyDelete
  18. തീവണ്ടിജീവനക്കാരുടെ സങ്കടങ്ങൾ അധികമാർക്കും പിടിയില്ലാത്തതാണ്.അത് വളരെ നന്നായിത്തന്നെ വരച്ചുകാട്ടിയിട്ടുണ്ട്.
    ആശംസകൾ...

    സിസേറിയൻ കഴിഞ്ഞ അന്നുതന്നെ ഡിസ്ച്ചാർജ് ചെയ്യുമോ...? അതിത്തിരി കടന്ന കയ്യായിപ്പോയില്ലേന്നൊരു സംശയം...!

    ReplyDelete
    Replies
    1. മിനിമം 5 ദിവസം .. നോർമൽ ആണെങ്കിൽ 3 ദിവസം

      Delete
    2. അങ്ങനെയൊരു വായനക്ക് സാധ്യതയുണ്ടെന്ന് ശ്രദ്ധിച്ചിരുന്നില്ല.

      നന്ദി.

      Delete
  19. ബ്ലോഗ്‌സാപ്പ് ഗ്രൂപ്പിലെ അഭിപ്രായങ്ങൾ കണ്ടപ്പോഴേ വായിക്കാൻ മനസ്സ് വെമ്പൽ കൊള്ളുകയായിരുന്നു. കുറച്ചു വൈകിപ്പോയി അതിനു ആദ്യമേ ക്ഷമാപണം.

    ഒരു കഥ പൂർണ്ണമാകുന്നത് വായനക്കുശേഷവും അത് വായനക്കാരന്റെ മനസ്സിനെ വിട്ടുപോകാൻ മടിക്കാതെ ഇങ്ങനെ തങ്ങിനിൽക്കുമ്പോഴാണ്. ഈ കഥ വല്ലാത്തൊരു നൊമ്പരമായി ഒരുപാടുകാലം മനസ്സിനെ നോവിച്ചുകൊണ്ടേയിരിക്കുമെന്നുറപ്പ്. നന്നായെഴുതി ചേട്ടാ. 'പോസ്റ്റ് ഓഫ് ദി ഡേ' എന്നല്ല 'പോസ്റ്റ് ഓഫ് ദി ഇയർ' എന്ന് വേണമെങ്കിൽ വിളിക്കാം. ഇത് കഥയോ, ജീവിതമോ അതോ രണ്ടും ചേർന്നതോ?

    ബ്ലോഗിനെ ഫോളോ ചെയ്തിട്ടുണ്ട്. ഇനിയും വരാം!

    ReplyDelete
    Replies
    1. മഹേഷ്.. നന്ദി വായനയ്ക്കും അഭിപ്രായങ്ങൾക്കും .

      Delete
  20. ചില കണക്കുകൂട്ടലുകൾ അങ്ങിനെയാണ്.തെറ്റിപ്പോകും. നല്ല കഥ.

    ReplyDelete
    Replies
    1. തെറ്റിപ്പോകുന്നതിലെ വഴി പിരിവുകളല്ലേ ജീവിതം?


      നന്ദി ഉനൈസ്

      Delete
  21. റെയിൽവേ ജീവനക്കാരുടെ
    ജീവിതം വരച്ചു കാട്ടിയിരിക്കുന്ന ഒരു നല്ല കഥ .

    പിന്നെ
    അക്ഷരങ്ങളുടെ ഫോണ്ടുകൾ കുറച്ചുകൂടി വലുതാക്കാം കേട്ടോ ഭായ് 

    ReplyDelete
    Replies
    1. മുരളി ചേട്ടോ.. വന്നതിൽ സന്തോഷം. ഫോണ്ട് ശരിയാക്കാം

      Delete
  22. ഒരു നെടുവീർപ്പോടെ വായിച്ച് മുഴുവനാക്കി. ജീവിതം ഇങ്ങനെയൊക്കെയാണ്. നമ്മുടെ കണക്ക് കുട്ടലുമായി ഒത്ത് വന്നാൽ രക്ഷപ്പെട്ടു.
    OT: സ്റ്റേഷൻ മാസ്റ്ററായി ജോലി കിട്ടിയിട്ടും ഞാൻ പോകാതിരുന്നത് ഇതോണ്ടൊക്കയാ...

    ReplyDelete
    Replies
    1. മാഷേ .. നമ്മ പഴേ അടുപ്പക്കാരല്ലേ ...?

      സന്തോഷം, വായിക്കാനെത്തിയതിന്.

      Delete
  23. ആരുടെയോ അനുഭവം അതങ്ങനെ തന്നെ പകർത്തിയതുപോലെ എഴുതി . വായനക്കാരുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു ഇതിലെ നൊമ്പരം ഹൃദ്യം .. ആശംസകൾ

    ReplyDelete
    Replies
    1. എന്റെയും നിന്റെയും ഒന്നെന്ന പോലെ ഒന്നേയുള്ളൂ.. നൊമ്പരങ്ങൾ


      നന്ദി.

      Delete
  24. വായിച്ചു..ഏറെ ഇഷ്ടം ആയി. സ്വന്തം ജീവിതത്തിലെ അനുഭവങ്ങളുമായി ഒന്ന് താരതമ്യം ചെയ്തു നോക്കി.. ഇഷ്ടം.. പിന്നെ ഫോണ്ട് ഒന്ന് വലുതാക്കിയാൽ വായനാ സുഖം കൂടും.. ആശംസകൾ

    ReplyDelete
  25. ഹോ... എന്തൊരവസ്ഥ !! ലോക്കോപൈലറ്റ് ജീവിതം ദുരിതമയമാണെന്ന് കഴിഞ്ഞ കൊല്ലമോ മറ്റോ ഒരു വാരാന്ത്യപതിപ്പിൽ വായിച്ചിരുന്നു. കുട്ടിയാനയുടെ മരണവും സ്വന്തം കുഞ്ഞിന്റെ നഷ്ടവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നത് പോലെ തോന്നുന്നു.. ആദ്യം കണ്ട സ്വപ്നം ഒരു മുന്നറിയിപ്പ് ആയിരിക്കുമോ? ഉദ്വേഗവും ആശങ്കയും ഒക്കെ തുടക്കം മുതൽ ഒടുക്കം വരെ നിലനിർത്തിയ മികച്ച ഒരു കഥ.. ആശംസകൾ.

    ReplyDelete