Monday 3 February 2020

രാജാവിന്റെ റേഡിയോ



ലോകയുദ്ധങ്ങൾ, വിപ്ലവങ്ങൾ, സമാധാനക്കരാറുകൾ, ചരിത്ര പുരുഷന്മാർ....

മോണിറ്ററിൽ നിന്ന് സ്കാൻ ചെയ്ത്  മെമ്മറിയിലേയ്ക്ക്  സേവ് ചെയ്തു കൊണ്ടിരുന്ന കുട്ടിയുടെ പാഠഭാഗങ്ങളിലേയ്ക്ക് വെറുതെ എത്തി നോക്കിയതായിരുന്നു . ചരിത്രം ചങ്കിടിപ്പു തന്നെ എന്ന് അനുഭവപ്പെട്ടുകൊണ്ടിരുന്നതിനാൽ കൂടുതൽ ശ്രദ്ധിച്ചു.   ക്ഷേമരാജ്യം എന്ന തലക്കെട്ടിനു ശേഷം വായിക്കുമ്പോൾ  സമോവറിനു താഴെ കനൽക്കട്ടയിലെ ചാരം തട്ടിക്കളയുന്ന ഒരു കിടുകിടുപ്പ് തലയ്ക്കകത്തുണ്ടായി. കൈ വെള്ള കൊണ്ട് തല അടച്ചുപിടിച്ചു.

വിവരണം ഇങ്ങനെ..

ഒരു ദിക്കു മാത്രം കരകൊണ്ട ആ രാജ്യത്തെ ജനത പക്ഷേ  ദ്വീപുവാസത്തിലായിരുന്നു. മുക്കാലും കടലെടുക്കപ്പെട്ട അവർക്ക് ബാക്കിയെല്ലാം രാജാവിന് സമർപ്പിക്കപ്പെടേണ്ടതായിരുന്നു.

ജനതയുടെ ക്ഷേമൈശ്വര്യങ്ങളിൽ അതീവ ശ്രദ്ധയുള്ള രാജാവ് , പേര്, വയസ്സ്, ജനന തീയ്യതി എന്നിവ സ്വന്തമെന്ന് ഉറപ്പുകൊടുക്കുമ്പോൾ പൗരൻ തിരിച്ചു കൊടുക്കേണ്ടത് അകമഴിഞ്ഞ രാജഭക്തി മാത്രമായിരുന്നു.

ഒരാളുടേയും ചിന്താമണ്ഠലത്തെ പ്രവർത്തിച്ച് പാഴാക്കാതിരിക്കാൻ ഭരണകൂടം സദാ ജാഗരൂകമായിരുന്നു. ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി പാഴായ ചിന്താ കേന്ദ്രങ്ങൾ എടുത്തു മാറ്റി അവിടെ ശൂന്യതയുണ്ടാക്കി.

നാട്ടിൽ വൃത്തിയും വെടിപ്പും എല്ലായ്പ്പോഴും ഉറപ്പു വരുത്തി.  ഉതിർ മണ്ണിൽ വീണ് മുളച്ച് വളർന്ന് കാടായി നാടില്ലാതാവുമെന്നതിനാൽ അറിയാതെ വാക്കിന്റെ ഒരു വിത്ത് പോലും താഴെ വീഴാതിരിക്കാൻ ജനതയെ മുറയ്ക്ക് ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. നാടിനു വേണ്ടി വാക്കിന്റെ പ്രഭവങ്ങളെ തുരന്ന് ഒഴുക്ക് മാറ്റി അഴുക്കുചാലിലെത്തിച്ചു.

രാജാവിനേക്കാൾ വലിയ ഹൃദയവിശാലതയുള്ളവരുടെ ഹൃദയം  മലർക്കെ തുറന്ന് പ്രകൃതിയിലെ ജൈവ വിഘടനത്തിന് ആക്കം കൂട്ടി.

രാജാവ് റേഡിയോവിൽ പറഞ്ഞു. കൂടെയുള്ളവർ ഏറ്റുപറഞ്ഞു. കേൾവിക്കാരുമുണ്ടായി.

ചരിത്രം തെളിവുകളാണ്.
ഒരോർമ്മയിൽ ഞാൻ തലയിൽ നിന്നെടുത്ത കൈ കൊണ്ട് തൊണ്ടയിൽ തടവി. കുരവള്ളിയുടെ ചൂടിൽ വരിവരിയായി അടയിരുന്ന വാക്കുകൾ ഒഴിഞ്ഞു പോയ വഴി..... !

ഈ സമയം പാഠങ്ങൾ പകർത്തിയ ശേഷം , കുട്ടി,  തന്റെ പ്രൊഫൈൽ എടുത്ത് ജീവിതാഭിലാഷം എന്നയിടത്ത്  റേഡിയോവിലേയ്ക്ക് തിരിച്ച് സന്ദേശമത്തിക്കൽ എന്ന് തിരുത്തി എഴുതി .

ഇതെന്റെ രാജ്യമെന്ന് ഹൃദയശൂന്യതയിലേയ്ക്ക് കൈവെയ്ക്കാതെ ഞാനവന് ഒരു സല്യൂട്ട് വെച്ചു.

6 comments:

  1. ഒരു ജനതയെ മൊത്തത്തിൽ നിർവീര്യമാക്കി കളയുന്ന ഏകാധിപതികളും കൂട്ടാളികളും ചരിത്രം നിറയെ.. അതിലേക്കൊരു തിരിച്ചു പോക്കുണ്ടാവില്ലെന്ന് പ്രതീക്ഷിക്കാം.വായിച്ചു വന്നപ്പോൾ ഇത്തിരി കൂടി നീളം പ്രതീക്ഷിച്ചു.. നല്ലെഴുത്ത് 👌

    ReplyDelete
  2. ഇത്തരം രാജാക്കന്മാർ വളരെക്കാലം നീണ്ടുനിന്നില്ലെന്ന് അതേ റേഡിയോകൾ തന്നെ പിന്നീട് പറഞ്ഞിട്ടുണ്ടല്ലോ.. അപ്പോൾ ചരിത്രം സദ് വാർത്തകളാണ് നമുക്കെത്തിക്കുന്നത്.. വിറങ്ങലും വിഷമവും വേണ്ടാ.. ഇതും കടന്നു പോകും 🤝🤝

    ReplyDelete
  3. ഏകാതിപതികളും സ്വെച്ചതിപതികളും യുവശക്തിക്കുമുന്നില്‍ മുട്ടുവിറച്ചു നില്‍ക്കുന്നതും യുവാക്കള്‍ തീര്‍ക്കുന്ന പ്രതിരോധം മുറിക്കാന്‍ വന്‍സായുധ ശക്തിക്ക് പോലും കഴിയാതെ വരുന്നതും നമുക്ക് കാണാന്‍ കഴിയുന്നു. കുട്ടി കൊള്ളാം.

    കടുകട്ടി പ്രയോഗം, എന്നാലും മനസ്സിലാക്കി എടുത്ത് . ഇന്നിന്റെ രാഷ്ട്രീയം, ഭരണം ഒക്കെ കാണുന്നു.

    നല്ല എഴുത്ത്.
    ഇഷ്ടം'
    ആശംസകൾ

    ReplyDelete
  4. ഒരു കൊട്ടപ്പറയോളം പറയാമായിരുന്നു ..
    പക്ഷെ നവൂരി  ചൊല്ലിയപ്പോഴേക്കും നിറുത്തി ..!
    അല്ലാ ..നഞ്ചെന്തിനാ നാനാഴി ..അല്ലെ ..?

    ReplyDelete
  5. ഒരു രാജാവ് പോകുമ്പോൾ, ഇനിയൊരു രാജാവ് വരും... ചരിത്രം ആവർത്തിച്ചുകൊണ്ടേയിരിക്കും നിങ്ങൾ അതിൽ നിന്നൊരു പാഠം പടിക്കുന്നതുവരെ എന്നല്ലേ...

    ReplyDelete
  6. കുരവള്ളിയുടെ ചൂടിൽ വരിവരിയായി അടയിരുന്ന വാക്കുകൾ ഒഴിഞ്ഞു പോയ വഴി..... ! ഹെന്റമ്മോ... തകർത്തു!!!അസാധ്യ പ്രയോഗങ്ങളാ ട്ടാ നിറച്ചും...ഒരു ദിക്കു മാത്രം കാരകൊണ്ട രാജ്യം തൊട്ട് ഒറ്റ പിടിയാണ്...അടി പൊളി

    ReplyDelete